ദേശീയ നദീ മഹോത്സവത്തിന് ഇന്ന് തുടക്കം

Thursday 1 June 2017 9:29 pm IST

ചെറുതുരുത്തി: നിളാ വിചാര വേദിയുടെ ആഭിമുഖ്യത്തില്‍ ദേശീയ നദീ മഹോത്സവം ചെറുതുരുത്തി നിളാ തീരത്തെ പാങ്ങാവ് ക്ഷേത്ര പരിസരത്ത് ഇന്ന് തുടങ്ങും. വൈകീട്ട് 5 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രി.വിഎസ് സുനില്‍ കുമാര്‍, മഹാകവി അക്കിത്തം, പി.കെ ബിജു എംപി, യു.ആര്‍.പ്രദീപ് എംഎല്‍എ, ജസ്റ്റിസ് ചേറൂര്‍ ശങ്കരന്‍ നായര്‍ എന്നിവര്‍ പങ്കെടുക്കും. നിളാ വിചാര വേദിയുടെ രണ്ടാമത് നിളാ പുരസ്‌ക്കാരം മാധ്യമ പ്രവര്‍ത്തകന്‍ എം.പി സുരേന്ദ്രന് സമ്മാനിക്കും. മൂന്നിന് കാലത്ത് 10 ന് നദികളുടെ നാട് ഇന്ത്യ എന്ന വിഷയത്തില്‍ ഡോ.ബി.മീനാകുമാരി, ഡോ.ധ്വനി ശര്‍മ്മ, ഡോ.വിഎസ്.വിജയന്‍, പ്രൊഫ.കൗശല്‍കുമാര്‍ ശര്‍മ്മ, എ.ജയകുമാര്‍ എന്നിവര്‍ പങ്കെടുക്കും. ഉച്ചക്ക് 2.30 ഭാരതപ്പുഴയെക്കുറിച്ചുള്ള സെമിനാര്‍, വൈകീട്ട് അഞ്ചിന് തൃശൂര്‍ ഓറഞ്ച് ഫിലിം ക്ലബിന്റെ ജലം വിഷയമാക്കിയുള്ള ഹ്രസ്വ ചിത്രങ്ങളുടെ പ്രദര്‍ശനം നടക്കും. നടി ശ്വേത മേനോന്‍ ഉദ്ഘാടനം ചെയ്യും. നാലിന് കാലത്ത് 9 ന് പശ്ചിമഘട്ടം,അതിരപ്പിള്ളി,പ്ലാച്ചിമട വിഷയങ്ങളില്‍ ചര്‍ച്ച. 11.45 ന് ജലസാക്ഷരത സെമിനാര്‍. ഡോ.മുഹമ്മദ് കുഞ്ഞി, ഡോ.സിസി.ഹരിലാല്‍,ഡോ.പദ്മലാല്‍ എന്നിവര്‍ വിഷയാവതരണം നടത്തും. തുടര്‍ന്ന് പരിസ്ഥിതി നയം, നിയമം നേതൃത്വം വിഷയത്തില്‍ തൃശൂര്‍ ഐജി.എ.ആര്‍.അജിത്ത്കുമാര്‍, പ്രശാന്ത് നായര്‍, ശ്രാവണ്‍കുമാര്‍ എന്നിവര്‍ സംസാരിക്കും. പരിസ്ഥിതി ദിനമായ അഞ്ചിന് കാലത്ത് 10 ന് നടക്കുന്ന സമാപന ചടങ്ങില്‍ വിവിധ പരിസ്ഥിതി പ്രവര്‍ത്തകരെ ആദരിക്കും.ഒറ്റപ്പാലം സബ് കളക്ടര്‍ പിബി.നൂഹ്, ജെ.നന്ദകുമാര്‍ എന്നിവര്‍ പങ്കെടുക്കും. നൂറില്‍പരം കലാകാരന്മാര്‍ അണിനിരക്കുന്ന ' നിളായനം എന്ന നൃത്തശില്പം അരങ്ങേറും. കലാമണ്ഡലം ഗോപാല കൃഷ്ണന്‍, കലാമണ്ഡലം സുജാത എന്നിവരുടെ നേതൃത്വത്തിലാണ് നൃത്തശില്പാവിഷ്‌കാരം, പി.കുഞ്ഞിരാമന്‍ നായര്‍ കവിതകളെ ആസ്പദമാക്കിയാണ് നിളായനം ഒരുക്കിയിട്ടുള്ളത്. മഹോത്സവത്തില്‍ ഭാരതപ്പുഴ ദിനം പ്രഖ്യാപിയ്ക്കും. നിളായനം ചിത്രപ്രദര്‍ശനം, വിവിധ പരിസ്ഥിതി സ്റ്റാളുകള്‍, നാടന്‍ കലാരൂപങ്ങള്‍, കഥകളി, കൂടിയാട്ടം എന്നിവ ഉണ്ടാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.