ഗ്രാമീണ യുവതയ്ക്ക് പ്രതീക്ഷയേകി ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശല്യ യോജന

Thursday 1 June 2017 9:31 pm IST

കാസര്‍കോട്: നരേന്ദ്ര മോദി സര്‍ക്കാര്‍ ആവിഷ്‌കരിച്ച ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (ഡിഡിയു-ജികെവൈ)യിലൂടെ ഗ്രാമപ്രദേശങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ 18 നും 35 നും ഇടയില്‍ പ്രായമുളള യുവതീ യുവാക്കള്‍ക്ക് സൗജന്യ പരിശീലനവും തൊഴിലും നല്‍കുന്ന പദ്ധതി ജില്ലയില്‍ പുരോഗമിക്കുന്നു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കുടുംബശ്രീ വഴി നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുളള 750 ല്‍ അധികം ഉദ്യോഗാര്‍ത്ഥികള്‍ പരിശീലനം പൂര്‍ത്തിയാക്കി. പരിശീലനം ലഭിച്ച 580 പേര്‍ 6000 രൂപയിലധികം മാസശമ്പളം ലഭിക്കുന്ന ജോലിയില്‍ പ്രവേശിച്ചു.
പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന യുവതീയുവാക്കള്‍ക്ക് മൂന്ന് മാസത്തെ വൈദഗ്ധ്യ പരിശീലനവും തുടര്‍ന്ന് ജോലിയും ലഭ്യമാക്കുകയെന്നതാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശം. പരിശീലനത്തിന് പുറമെ യൂണിഫോം, ബാഗ്, പുസ്തകങ്ങള്‍ മറ്റ് പഠനോപകരണങ്ങള്‍ എന്നിവയും സൗജന്യമായി ലഭിക്കും. പഠന കാലയളവില്‍ ദിവസം 125 രൂപ ഉദ്യോഗാര്‍ത്ഥിക്ക് ലഭിക്കും. കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച കുടുംബശ്രീ സംസ്ഥാന മിഷന്‍ അംഗങ്ങള്‍ നേരിട്ട് പരിശോധന നടത്തി പ്രവര്‍ത്തനാനുമതി നല്‍കിയ ഏജന്‍സികളാണ് പരിശീലനം നല്‍കുന്നത്. പത്താം ക്ലാസ് മുതല്‍ വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്കാണ് പരിശീലനത്തില്‍ പങ്കെടുക്കാനവസരം.
ഉദ്യോഗാര്‍ത്ഥികള്‍ ബിപിഎല്‍ കുടുംബാംഗങ്ങളോ കുടുംബശ്രീ കുടുംബാംഗമോ പുതുക്കിയ തൊഴിലുറപ്പ്, ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡുളള കുടുംബങ്ങളിലെ അംഗങ്ങളോ ആയിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ അഭിരുചിക്കും വിദ്യാഭ്യാസ യോഗ്യതയ്ക്കും അനുസരിച്ചുളള തൊഴിലവസരങ്ങളാണ് ലഭിക്കുക. ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, സിഡിഎസ്, എഡിഎസ് സംവിധാനം, വിവിധ ക്ലബ്ബുകള്‍ തുടങ്ങിയവയിലൂടെ യോജിച്ച പ്രവര്‍ത്തനങ്ങളാണ് ഡിഡിയു-ജികെവൈയുടെ ഭാഗമായി ജില്ലയില്‍ നടന്നു വരുന്നത്. പദ്ധതിയില്‍ ചേരാന്‍ താല്‍പ്പര്യമുളളവര്‍ അതാത് പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ് ഓഫീസിലോ 8547483880 എന്ന മ്പറിലോ ബന്ധപ്പെടുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.