അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചുമാറ്റണം: കളക്ടര്‍

Thursday 1 June 2017 9:32 pm IST

കാസര്‍കോട്: വിവിധ വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കൈവശമുളള ഭൂമിയിലെ അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചു മാറ്റണമെന്ന് ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ നിര്‍ദ്ദേശം നല്‍കി. ഇതിനായി വകുപ്പുകള്‍ സ്വന്തമായി പണം കണ്ടെത്തണം. അപകടകരമെന്നും അടിയന്തരമായി മാറ്റേണ്ടതെന്നും, കണ്ടെത്തുന്ന മരങ്ങളും മരച്ചില്ലകളും മുറിക്കുവാനുളള അനുമതി നല്‍കുന്നതിന് പ്രാദേശികമായി അതാത് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസര്‍, പ്രദേശത്തെ വനം റെയിഞ്ച് ഓഫീസര്‍ എന്നിവരടങ്ങുന്ന സമിതിയെ ചുമതലപ്പെടുത്തും.
ഈ സമിതിയുടെ ശുപാര്‍ശയ്ക്ക് വിധേയമായിട്ടാണ് അടിയന്തരമായി മരങ്ങളും മരച്ചില്ലകളും മുറിക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാകളക്ടര്‍ തീരുമാനം കൈക്കൊള്ളുക. ഈ നിര്‍ദ്ദേശം അനുസരിക്കാത്ത വകുപ്പുകള്‍ക്കായിരിക്കും അവരവരുടെ ഭൂമിയിലുളള മരം വീണുണ്ടാകുന്ന എല്ലാ അപകടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കാനുളള ബാധ്യത. അടിയന്തരമല്ലാത്ത സാഹചര്യത്തില്‍ വനം വകുപ്പിന്റെ പ്രാദേശിക ട്രീ കമ്മിറ്റിയുടെ അനുമതിക്ക് ശേഷം മാത്രമെ മരം മുറിക്കുവാന്‍ പാടുളളൂ.
സ്വകാര്യഭൂമിയിലുളള അപകടകരമായ മരങ്ങളും മരച്ചില്ലകളും കണ്ടെത്തി സ്വയം മുറിച്ചുമാറ്റേണ്ടതാണെന്നും ജില്ലാകളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഇത് അനുസരിക്കാത്ത വ്യക്തികള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കുമായിരിക്കും അവരവരുടെ ഭൂമിയിലുളള മരം വീണുണ്ടാകുന്ന എല്ലാ അപകടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കാനുളള ബാധ്യതയെന്ന് കളക്ടര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.