കമ്പിവടിയ്ക്ക് തലയ്ക്കടിച്ച് വീഴ്ത്തി മോഷണം

Thursday 1 June 2017 9:44 pm IST

അടിമാലി: രാത്രിയില്‍ എസ്റ്റേറ്റ് മാനേജരെ കെട്ടിയിട്ട് കൊലപ്പെടുത്തുവാന്‍ ശ്രമം.  സ്വര്‍ണ്ണവും പണവും കവര്‍ന്നു. കുരുശുപാറ കൈനഗിരി എസ്റ്റേറ്റിലേ മാനേജര്‍ ആലപ്പുഴ ഹരിപ്പാട് കിഴക്കേടത്ത് രാമചന്ദ്രകൈമളി(73)നാണ് ഗുരുതരമായി പരിക്കേറ്റത്. മാനേജര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. അടിമാലി കുരിശുപാറ കൈനഗിരി എസ്റ്റേറ്റില്‍ ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. വീട്ടില്‍സൂക്ഷിച്ചിരുന്ന 1.25 ലക്ഷം രൂപയും സ്വര്‍ണ്ണ മോതിരവുമാണ് കവര്‍ന്നത്. വാതിലില്‍ മുട്ടി വിളിച്ചുണര്‍ത്തിയ സംഘം ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് രാമചന്ദ്രനെ അടിച്ച് വീഴ്ത്തി വലിച്ചിഴച്ച് ബഡ്‌റൂമില്ലെത്തിച്ച് സംഘം ഉടുത്തിരുന്ന മുണ്ട് വലിച്ച് കീറി കൈയ്യും കാലും ബന്ധിച്ചു. പിന്നീട് തല പിടിച്ച് നിലത്തും ചുമരിലും ഇടിച്ച് പരിക്കേല്‍പ്പിച്ചു. കൂടാതെ വീട്ടിലിരുന്ന വാക്കത്തി എടുത്ത് വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി രാമചന്ദ്രകൈമള്‍ പറയുന്നു. ഇതിനിടയില്‍ ബലമായി കൈയ്യില്‍ കിടന്ന അരപ്പവന്‍ തൂക്കം വരുന്ന മോതിരം ഊരിയെടുത്തു. കൂടാതെ മേശപ്പുറത്തിരുന്ന വാച്ചുകളും കൈക്കലാക്കി. തുടര്‍ന്ന് അലമാരയുടെ താക്കോല്‍ കണ്ടെത്തിയ സംഘം അലമാരയില്‍ സൂക്ഷിച്ചിരുന്ന പണം കവരുകയായിരുന്നു എന്നാണ് പോലീസില്‍ നല്‍കിയിരിക്കുന്ന മൊഴി. കൈമളിന്റെ ദേഹത്തും മുഖത്തും ക്രൂരമായി  മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ട്. തന്റെ പുരയിടത്തില്‍ നിന്ന് ലഭിച്ച ഏലക്കായ വിറ്റതും തനിക്ക് ശമ്പളമായി ലഭിച്ച തുകയുമാണ് ഇതെന്നാണ് കൈമള്‍ പോലീസില്‍  പറഞ്ഞിരിക്കുന്നത്. മോഷണത്തിന് ശേഷം കൈമളെ ജനലില്‍ ബന്ധിച്ചശേഷമാണ് സംഘം സ്ഥലം വിട്ടത്. എസ്‌റ്റേറ്റ് തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുന്ന സമയമായതിനാല്‍ വലിയ  തുക വീട്ടില്‍ സൂക്ഷിച്ചിരിക്കാമെന്ന നിഗമനത്തിലാണ് മോഷണസംഘം എത്തിയതെന്നാണ് പോലീസ്  കരുതുന്നത്. എസ്‌റ്റേറ്റിലെ പണം വീട്ടില്‍ സൂക്ഷിക്കാറില്ലായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ ഇയാളെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.  ഇടുക്കിയില്‍ നിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തി. മൂന്നാര്‍ ഡിവൈഎസ്പി ആര്‍ ബിനു, അടിമാലി സിഐ പി കെ സാബു, എസ് ഐ സന്തോഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.