ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് അനുവിനും ജാബിറിനും സ്വര്‍ണ്ണം

Thursday 1 June 2017 10:21 pm IST

പാട്യാല: 21-ാമത് ഫെഡറേഷന്‍ കപ്പ് ദേശീയ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിനം കേരളത്തിന്റെ എം.പി. ജാബിറിനും ആര്‍. അനുവിനും സ്വര്‍ണ്ണം. പുരുഷ-വനിതാ 400 മീറ്റര്‍ ഹര്‍ഡില്‍സിലാണ് ഇരുവരും സ്വര്‍ണ്ണം നേടിയത്. വനിതാ വിഭാഗത്തില്‍ പുതിയ മീറ്റ് റെക്കോര്‍ഡുമായി അനു സ്വര്‍ണ്ണം നേടിയെങ്കിലും ലോകചാമ്പ്യന്‍ഷിപ്പ് യോഗ്യത നേടാന്‍ കഴിഞ്ഞില്ല. 57.39 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് അനു. ആര്‍. സ്വര്‍ണ്ണം നേടിയത്. 2002-ല്‍ ഷഹബാനി ഒറാം സ്ഥാപിച്ച 57.60 സെക്കന്റിന്റെ റെക്കോര്‍ഡാണ് അനു പഴങ്കഥയാക്കിയത്. വെള്ളി നേടിയ ഒഡീഷയുടെ ജുന മുര്‍മു (57.51)വും നിലവിലെ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചു. കര്‍ണാടകയുടെ അര്‍പിത. എം വെങ്കലം നേടി. പുരുഷവിഭാഗത്തില്‍ 50.47 സെക്കന്റില്‍ ഓടിയെത്തിയാണ് ജാബിര്‍ കേരളത്തിനായി രണ്ടാമത്തെ സ്വര്‍ണ്ണം മാറിലണിഞ്ഞത്. 50.68 സെക്കന്റില്‍ ഓടിയെത്തിയ തമിഴ്‌നാടിന്റെ സന്തോഷ് കുമാര്‍. ടി വെള്ളിയും ഉത്തര്‍പ്രദേശിന്റെ ദുര്‍ഗേഷ് കുമാര്‍ പാല്‍ 51.04 സെക്കന്റില്‍ വെങ്കലവും നേടി. വനിതാ ഹാമര്‍ത്രോയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളും ഉത്തര്‍പ്രദേശിന്. സരിത ആര്‍. സിങ് പുതിയ ദേശീയ റെക്കോര്‍ഡോടെ (65.25 മീറ്റര്‍) സ്വര്‍ണ്ണം നേടിയപ്പോള്‍ ഗുന്‍ജന്‍ സിങ് 61.95 മീറ്റര്‍ എറിഞ്ഞ് വെള്ളിയും നിഥി കുമാരി 57.99 മീറ്റര്‍ എറിഞ്ഞ് വെങ്കലവും നേടി. 2014-ല്‍ മഞ്ജു ബാല സ്ഥാപിച്ച 62.74 മീറ്ററിന്റെ ദേശീയ റെക്കോര്‍ഡും 62.15 മീറ്ററിന്റെ മീറ്റ് റെക്കോര്‍ഡുമാണ് സരിതയുടെ കൈക്കരുത്തില്‍ പഴങ്കഥയായത്. മീറ്റിലെ ആദ്യ ഇനങ്ങളായ 5000 മീറ്ററില്‍ തമിഴ്‌നാട് താരങ്ങളായ എല്‍. സൂര്യയും ജി. ലക്ഷ്മണനും അനായാസം സ്വര്‍ണ്ണം നേടി. വനിതാ വിഭാഗത്തില്‍ 15:54.78 സെക്കന്റില്‍ ഓടിയെത്തിയാണ് എല്‍. സൂര്യ സ്വര്‍ണ്ണം കരസ്ഥമാക്കിയത്. മഹാരാഷ്ട്രയുടെ സഞ്ജീവനി ജാദവ് വെള്ളിയും മോണിക്ക അതാരെ വെങ്കലവും നേടി. പുരുഷ വിഭാഗത്തില്‍ 14:02.90 സെക്കന്റില്‍ ഫിനിഷ് ലൈന്‍ കടന്നാണ് എല്‍. ലക്ഷ്മണന്‍ ദീര്‍ഘദൂരത്തില്‍ തനിക്ക് എതിരാളികളില്ലെന്ന് തെളിയിച്ചത്. ഗുജറാത്തിന്റെ മുരളി കുമാര്‍ ഗാവിത് വെള്ളിയും ഉത്തരാഖണ്ഡിന്റെ സുരേഷ്‌കുമാര്‍ വെങ്കലവും നേടിയപ്പോള്‍ കേരളത്തിന്റെ പ്രതീക്ഷയായ ടി. ഗോപി നാലാമത്. വനിതാ ഹൈജമ്പില്‍ കര്‍ണാടക താരങ്ങള്‍ സ്വര്‍ണ്ണവും വെള്ളിയും നേടി. സഹനകുമാരി 1.76 മീറ്റര്‍ ചാടി സ്വര്‍ണ്ണം നേടിയപ്പോള്‍ ചന്ദന കെ.സി ഇതേ ഉയരം മറികടന്ന് വെള്ളി സ്വന്തമാക്കി. ഇതേ ഉയരം തന്നെ മറികടന്ന ഹരിയാനയുടെ ജ്യോതി വെങ്കലവും നേടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.