സൗജന്യ യാത്രയും മധുരവും; വ്യത്യസ്തമായി ഒരു സ്വകാര്യ ബസ്

Thursday 1 June 2017 10:43 pm IST

തൊടുപുഴ: സ്വകാര്യ ബസുകളും വിദ്യാര്‍ത്ഥികളും തമ്മില്‍ സമരസപ്പെട്ട് പോകുന്ന സംഭവങ്ങള്‍ കുറവാണ്. വിദ്യാര്‍ത്ഥികളെ എങ്ങിനെ ബസില്‍ കയറ്റാതിരിക്കാം എന്ന് ചിന്തിക്കുന്നവരാണ് ഒട്ടുമിക്ക സ്വകാര്യ ബസ് ജീവനക്കാരും. ഈ ചിന്താഗതികളെ പൊളിച്ചടുക്കുകയാണ് മൂലമറ്റം- തൊടുപുഴ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന 'ബ്ലൂഹില്‍' എന്ന ബസിന്റെ ഉടമയും ജീവനക്കാരും. അധ്യയന വര്‍ഷത്തിന്റെ ആദ്യ ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര ഒരുക്കിയാണ് വ്യത്യസ്തമായ സന്ദേശം നല്‍കി ജീവനക്കാര്‍ ശ്രദ്ധേയരായത്. ഇന്നലെ രാവിലെ ബസില്‍ കയറിയ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മധുരം നല്‍കുവാനും ജീവനക്കാര്‍ തയ്യാറായി. ബ്ലൂഹില്‍ ബസ് ഉടമ കോളപ്ര സ്വദേശി ഡെന്നീസാണ് അക്ഷരവെളിച്ചം തേടുന്നവര്‍ക്ക് ഒരു ദിവസം സൗജന്യ യാത്രയൊരുക്കാന്‍ ജീവനക്കാരോട് നിര്‍ദ്ദേശിച്ചത്. മൂലമറ്റം ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥി അനഘ വാഹനാപകടത്തില്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലായ സമയത്ത് അനഘയുടെ ചികിത്സയ്ക്ക് പണം സ്വരൂപിക്കാന്‍ സര്‍വ്വീസ് നടത്തി മുന്‍പ് ബ്ലൂഹില്‍ ബസ് മാതൃകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ ഭാവി തലമുറയാണെന്നും അവരാണ് നാടിന്റെ സമ്പത്ത് എന്ന ആപ്ത വാക്യവുമെഴുതിയ ഫ്‌ളക്‌സ് ബസിന് മുന്നില്‍ സ്ഥാപിച്ചാണ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സൗജന്യ യാത്രയൊരുക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.