ബിപിസിഎല്‍ ടാങ്കര്‍ ലോറി സമരം ഒത്തുതീര്‍പ്പായി

Friday 2 June 2017 12:38 am IST

കാക്കനാട്: ഇരുമ്പനം ബിപിസിഎല്‍ പ്ലാന്റിലെ ടാങ്കര്‍ ലോറി സമരം ഒത്തുതീര്‍പ്പായി. ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫറുള്ളയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍, ഇന്ധന നീക്കത്തിനുള്ള കരാര്‍ പുതുക്കി നിശ്ചയിക്കുന്ന് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ മാനേജ്‌മെന്റ് അംഗീകരിച്ച സാഹചര്യത്തിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് പെട്രോളിയം പ്രൊഡക്ട് ട്രാന്‍സ്‌പോര്‍ട്ടേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എ.എം. ഡേവിഡ് അറിയിച്ചു. മാനേജ്‌മെന്റുമായി ഉണ്ടാക്കിയ കരാര്‍ 30ന് അവസാനിച്ചതിനെ തുടര്‍ന്ന ബിപിസിഎല്ലിലെ മുന്നൂറോളം ടാങ്കര്‍ ഉടമകള്‍ രണ്ട് ദിവസമായി സമരത്തിലായിരുന്നു. ജൂലൈ ഒന്ന് മുതല്‍ കരാര്‍ പുതുക്കി നിശ്ചയിക്കാനും ധാരണയായി. പുതിയ ടെന്‍ഡര്‍ പ്രാബല്യത്തില്‍ വരുന്ന ദിവസം വരെയുള്ള കുടിശ്ശിക മാനേജ്‌മെന്റ് ഉടമകള്‍ക്ക് നല്‍കണം. പ്രീ ടെന്‍ഡര്‍ മീറ്റിങ് ജൂലൈ ആദ്യ ആഴ്ച കലക്ടറുടെ സാന്നിധ്യത്തില്‍ നടത്താനും തീരുമാനിച്ചു. നിലവിലുള്ള കരാറനുസരിച്ച് ഒരു കിലോലിറ്റര്‍ ഇന്ധന നീക്കത്തിന് 2.16 രൂപയാണ് നല്‍കുന്നത്. ഐഒസിയില്‍ നിലവിലുള്ള 3.13 രൂപ തങ്ങള്‍ക്കും വേണമെന്നാണ് ബിപിസിഎല്‍ ടാങ്കര്‍ ഉടമകളുടെ ആവശ്യം. സിവില്‍ സ്‌റ്റേഷനില്‍ രാവിലെ കലക്ടറുടെ സന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് വൈകിട്ട് വീണ്ടും ചര്‍ച്ച നടത്തിയാണ് ടാങ്കര്‍ ഉടമകളുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു. കമ്പനി മാനേജ്‌മെന്റ് പ്രതിനിധികളും യൂണിയന്‍ നേതാക്കളും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.