സൗദിയില്‍ ആയുധങ്ങള്‍ കടത്തുന്നതിനിടെ സ്‌ഫോടനം

Friday 2 June 2017 10:30 am IST

ദമാം: സൗദി അറേബ്യയിലെ ഖത്തീഫില്‍ മിയാസ് ഡിസ്ട്രിക്ടിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ രണ്ടു ഭീകരര്‍ വെന്തുമരിച്ചു.  സ്ഫോടക വസ്തുക്കളും ആയുധങ്ങളും അവാമിയയിലേക്ക് നീക്കുന്നതിനിടെ കാര്‍ അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തെ തുടര്‍ന്ന് തീ പടര്‍ന്നുപിടിച്ച കാര്‍ നിശ്ശേഷം കത്തിനശിച്ചു. കൊല്ലപ്പെട്ടത് കൊടും ഭീകരരും സുരക്ഷാ ഉദ്യോഗസ്ഥര്‍ അന്വേഷിച്ചുവന്ന മുഹമ്മദ് അല്‍സുവൈമില്‍, ഫാദില്‍ ആലുഹമാദ എന്നിവരാണ്. ഇരുവരുടെയും മൃതദേഹങ്ങള്‍ പാടെ കത്തിക്കരിഞ്ഞ നിലയിലാണ്. സ്ഫോടനത്തോടൊപ്പം പ്രദേശത്ത് വെടിയൊച്ച കേട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. സ്ഫോടനമുണ്ടായ ഉടന്‍ സ്ഥലത്തു നിന്ന് മൂന്നു ഭീകരര്‍ രക്ഷപ്പെട്ടതായും വിവരമുണ്ട്. ഇവര്‍ക്കു വേണ്ടി സുരക്ഷാ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ ആരംഭിച്ചു. ഷിയാ-സുന്നി വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടില്‍ ഈ മേഖലയില്‍ വ്യാപകമായി വര്‍ദ്ധിച്ചുവരികയാണ്. പോലിസുകാര്‍ക്കുനേരെ റോക്കറ്റുകളും ഗ്രനേഡുകളും വരെ ഉപയോഗിച്ച സംഭവങ്ങള്‍ ഈ മേഖലയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പും ഈ പ്രദേശത്ത് ആക്രമണം നടത്തിയിരുന്നു. സൗദി ആഭ്യന്തര മന്ത്രാലയം സ്ഫോടനത്തെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.