ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസ്സില്‍ പ്രതിക്ക് 30 വര്‍ഷം തടവ്

Friday 2 June 2017 5:27 pm IST

കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ പുല്‍പ്പള്ളി പാടിച്ചിറ സീതാമൗണ്ട് ഐശ്വര്യക്കവല എലവുംകുന്നേല്‍ വീട്ടില്‍  അനൂപ് അശോകന്‍ (29)നെ 10 വര്‍ഷം വീതം കഠിനതടവും, ഒരുലക്ഷം രൂപ പിഴയും, വിധിച്ച് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായുള്ള പ്രത്യേക കോടതി ജഡ്ജ് എസ്.എച്ച്. പഞ്ചാപകേശന്‍ ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ 30 മാസം വീതം കൂടി അനുഭവിക്കണം.ഇന്ത്യന്‍ ശിക്ഷാ നിയമം 450 വകുപ്പ് പ്രകാരം 10 വര്‍ഷത്തെ കഠിന തടവും 50000 രൂപ പിഴയും 376(2-ഐ), 376 (2-എന്‍) വകുപ്പുകള്‍ പ്രകാരമാണ് വിധി. 2013 ജൂണ്‍ നാലിന് 10.30നാണ് പ്രതി പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്തത്. അതിനുശേഷം വീട്ടില്‍ വെച്ചും, പുല്‍പ്പള്ളിയിലുള്ള ലോഡ്ജില്‍ വെച്ചും ഭീഷണിപ്പെടുത്തിയും, കുട്ടിയുടെ അമ്മയുടെ സഹായത്തോടുകൂടിയും ബലാത്സംഗം ചെയ്തു ഗര്‍ഭിണിയാക്കി എന്നാണ് പ്രോസിക്യൂഷന്‍ കേസ്. വിവിധ വകുപ്പുകളിലെ ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്ന ഉത്തരവുള്ളതിനാല്‍ 10 വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതിയാകും. പ്രതിയുടെയും, പീഡനത്തിനിരയായ കുട്ടിയുടെയും, ഇതില്‍ ജനിച്ച കുട്ടിയുടെയും ഡി.എന്‍.എ. പരിശോധന നടത്തി പ്രതിയാണ് കുട്ടിയുടെ പിതാവെന്ന് പ്രോസിക്യൂഷന്‍ സംശയാതീതമായി തെളിയിച്ചിരുന്നു. പീഡനത്തിനിരയായ കുട്ടി സ്‌കൂളില്‍ പഠിച്ചിരുന്ന സമയത്ത് വയറുവേദന അനുഭവപ്പെടുകയും തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോകുകയും പരിശോധനയില്‍ ഗര്‍ഭിണിയാണെന്ന് മനസിലാവുകയുമായിരുന്നു. വിചാരണ കഴിഞ്ഞ് വിധി പറയാന്‍ ഇരിക്കവെ പ്രതി ഒളിവില്‍ പോയതിനാല്‍ അന്ന് ശിക്ഷ വിധിച്ചിരുന്നില്ല. കേസിലെ രണ്ടാംപ്രതിയായ കുട്ടിയുടെ മാതാവിനെ 2017 ജനുവരിയില്‍ പ്രേരണാകുറ്റത്തിനും മറ്റു വിവിധ വകുപ്പുകളിലുമായി 36 വര്‍ഷം തടവും, ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. പുല്‍പ്പള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍മാരായിരുന്ന എസ്. ആഷാദ്, കെ. വിനോദന്‍, എം. സജീവ് കുമാര്‍, ജസ്റ്റിന്‍ അബ്രഹാം എന്നിവരാണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോസഫ് സഖറിയാസ് ഹാജരായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.