ആറളം ഫാമിലെ പ്ലാന്റേഷന്‍ തൊഴിലാളി സമരം : ആത്മഹത്യാ ഭീഷണി

Friday 2 June 2017 5:37 pm IST

ഇരിട്ടി: ആറളം ഫാമിലെ പ്ലാന്റേഷന്‍ തൊഴിലാളികളെ കാര്‍ഷിക മേഖലയിലെ തൊഴിലാളികളായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് പ്ലാന്റേഷന്‍ തൊഴിലാളികള്‍ നടത്തി വരുന്ന സമരം 25 ദിവസം പിന്നിട്ടിട്ടും ഒത്തുതീര്‍പ്പിലെത്തിക്കാന്‍ നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ച് ആദിവാസി സ്ത്രീ തൊഴിലാളികള്‍ ഉള്‍പടെ പതിനാറ് തൊഴിലാളികള്‍ ഫാം ഓഫീസിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കുന്നു. കെട്ടിടത്തിന് മുകളില്‍ കയറിയ പതിനാറ് പേരില്‍ മൂന്നുപേര്‍ സ്ത്രീത്തൊഴിലാളികളാണ്. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുമെന്ന് വിളിച്ചുപറഞ്ഞാണ് ഈ സംഘം ഫാം എംഡിയുടെ മുറിയുടെ മുകളില്‍ ടെറസില്‍ കയറിയിരിക്കുന്നത്. ഫാമിലെ താല്ക്കാലിക തൊഴിലാളികളെ സ്ഥിരം തൊഴിലാളികളായി അംഗീകരിച്ചപ്പോഴും പ്ലാന്റേഷന്‍ തൊഴിലാളികളുടെ കാര്യത്തില്‍ തീരുമാനം ഉണ്ടായിട്ടില്ല. പ്ലാന്റേഷനില്‍ 33 തൊഴിലാളികളാണ് വര്‍ഷങ്ങളായി കുറഞ്ഞകൂലിക്ക് പണിയെടുക്കുന്നത്. മൂന്നാഴ്ച്ചയായി തുടരുന്ന സമരത്തെ തുടര്‍ന്ന് പ്ലാന്റേഷന്‍ മേഖല പൂര്‍ണ്ണമായും നിശ്ചലമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുഴുവന്‍ തൊഴിലാളികളും സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് പണിമുടക്കിയിരുന്നു.എന്നാല്‍ എംഡി സ്ഥലത്തില്ലെന്നും അറിയുന്നു. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ പോലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി അനുനയത്തിലൂടെ സമരക്കാരെ കെട്ടിടത്തില്‍ നിന്ന് താഴെയിറക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. വിവിധ യൂണിയന്‍ പ്രതിനിധികളായ കെ.ബി.ഉത്തമന്‍, കെ.വേലായുധന്‍, കെ.ടി.ജോസ്, കെ.കെ.ജനാര്‍ദനന്‍ തുടങ്ങിയവര്‍ സ്ഥലത്തുണ്ട്. സമരത്തിന് പിന്തുണയറിയിച്ച് സണ്ണിജോസഫ് എംഎല്‍എ ഇന്നലെ സമരപന്തലിലെത്തിയിരുന്നു. സമരം നടത്തുന്ന തൊഴിലാളികളുമായി സംസാരിച്ച എംഎല്‍എ തൊഴിലാളികളുടെ ആവശ്യം ന്യായമാണെന്നും സമരം അവസാനിപ്പിക്കാന്‍ മാനേജ്‌മെന്റ് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. തൊഴിലാളികളെ കാര്‍ഷിക മേഖലയിലെ തൊഴിലാളികളായി അംഗീകരിക്കണമെങ്കില്‍ പ്രത്യേക ഉത്തരവ് വേണമെന്ന മാനേജ്‌മെന്റിന്റെ വാദം അടിസ്ഥാനമില്ലാതതാണ്. കരാര്‍ തൊഴിലാളികളെ സ്ഥിരം തൊഴിലാളികളായി അംഗീകരിക്കുന്ന ഉത്തരവില്‍ പ്ലാന്റേഷന്‍ തൊഴിലാളികളുടെ കാര്യവും ഉള്‍പ്പെട്ടിരുന്നു. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ പ്ലാന്റേഷന്‍ തൊളിലാളികളുടെ കൂലി പരിഷ്‌ക്കരിച്ചപ്പോള്‍ ആറളം ഫാമിലെ തൊഴിലാളികള്‍ക്ക് അതിന്റെ ആനുകുല്യം നല്‍കിയിരുന്നില്ല. ഫാമിലെ തൊഴാലാളികളെല്ലാം കാര്‍ഷിക മേഖലയിലേക്ക് മാറുന്നതായി കാണിച്ച് നേരത്തെ തന്നെ തൊഴിലാളികളില്‍ നിന്നും അപേക്ഷ വാങ്ങിയിരുന്നു. ഇപ്പോള്‍ പരിഷ്‌ക്കരിച്ച ശമ്പളം പോലും തൊഴിലാളികള്‍ക്ക് ലഭിക്കാതായിരിക്കുകയാണ്. ഇക്കാര്യങ്ങളെല്ലാം ജില്ലാ ഭരണകൂടത്തെയും ബന്ധപ്പെട്ടവരെയും അറിയിക്കുമെന്നും എംഎല്‍എ സമരക്കാര്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. എന്തുതന്നെയാണെങ്കിലും ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ഫാമെന്ന ഖ്യാതിയുള്ള ഇവിടെ സമരവും ഉദ്യോഗസ്ഥ മാനേജ്‌മെന്റ് കെടുകാര്യസ്ഥതയും കാരണം ഫാം ദിനം പ്രതി നശിക്കുകയാണ്. ഫാമില്‍ നടീല്‍ വ്‌സതുക്കള്‍ ഉത്പാദിപ്പിക്കാന്‍ തന്നെ നിലവിലെ മാനേജ് മെന്റ് ഇത്തവണ വേണ്ടത്ര പണം അനുവദിക്കാതിരുന്നത് സ്വകാര്യ ഫാമുകളെ സഹായിക്കാനാണെന്ന് ആരോപണമുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് ഇപ്പോഴുള്ള എംഡി പ്രവര്‍ത്തിക്കുന്നത്. വിജിലന്‍സ് ഡയറക്ടറായിരുന്ന ഡോ. ജേക്കബ്ബ് തോമസ് അഴിമതി അന്വേഷിക്കാന്‍ അടുത്തയിടെ എത്തിയപ്പോള്‍ മുന്‍കൂട്ടി വിവരം അറിയിച്ചിട്ടും ഈ എംഡി എത്തിയിരുന്നില്ലന്ന ആരോപണവും നിലനില്‍ക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.