കോര്‍പ്പറേഷന്‍ ഭരണത്തിലെ സിപിഎം ഇടപെടല്‍ മറ നീക്കി പുറത്തേക്ക് : എഞ്ചിനീയര്‍മാരുടെ യോഗം ജില്ലാ കമ്മറ്റി ഓഫീസില്‍ നടത്താന്‍ ശ്രമം: നടപടി വിവാദമാകുന്നു

Friday 2 June 2017 8:05 pm IST

കണ്ണൂര്‍: കോര്‍പ്പറേഷന്‍ ഭരണത്തിലെ സിപിഎം ജില്ലാ നേതൃത്വത്തിന്റെ ഇടപെടല്‍ മറനീക്കി പുറത്തേക്ക്. പാര്‍ട്ടി സെക്രട്ടറിയെ പങ്കെടുപ്പിച്ച് ജില്ലാ കമ്മറ്റി ഓഫീസില്‍ എഞ്ചിനീയര്‍മാരുടെ യോഗം വിളിക്കാന്‍ നടത്തിയ ശ്രമത്തോടെയാണ് പാര്‍ട്ടി നേതൃത്വം കോര്‍പ്പറേഷന് ഭരണത്തില്‍ ഇടപെടുന്നതിന്റെ വ്യക്തമായ തെളിവ് പുറത്തായത്. പാര്‍ട്ടി ജില്ലാ സെക്രട്ടറിയെയടക്കം പങ്കെടുപ്പിച്ച് കോര്‍പ്പറേഷന്‍ ജീവനക്കാരായ എഞ്ചിനീയരുടെ യോഗം നടത്താനുളള തീരുമാനം വിവാദമായതോടെ യോഗം മാറ്റിവെച്ചു. കോര്‍പ്പറേഷനിലെ എഞ്ചിനീയറിംഗ് വിഭാഗം ജീവനക്കാരുടെ യോഗം ഇന്ന് സിപിഎം ജില്ലാ കമ്മറ്റി ഓഫീസില്‍ നടത്താനായിരുന്നു തീരുമാനം. എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥരുടെ വാട്‌സ്പ്പ് ഗ്രൂപ്പ് വഴിയായിരുന്നു എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ യോഗത്തിന്റെ അറിയിപ്പ് നല്‍കിയത്. അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, അസി.എഞ്ചിനീയര്‍മാര്‍, ഓവര്‍സീയര്‍മാര്‍ എന്നിവര്‍ കോര്‍പ്പറേഷനിലെ പ്രവൃത്തികളുടെ വിശദാംശങ്ങളുമായി ഇന്ന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെ ഏകെജി ഹാളില്‍ നടക്കുന്ന അവലോകന യോഗത്തില്‍ പങ്കെടുക്കണമെന്നായിരുന്നു നിര്‍ദ്ദേശം. മേയറും മുന്‍ എംഎല്‍എ പി.ജയരാജനും യോഗത്തില്‍ പങ്കെടുക്കുമെന്നും ജോലി സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ യോഗത്തില്‍ അറിയിക്കാമെന്നും സന്ദേശത്തിലുണ്ടായിരുന്നു. എകെജി ഹാള്‍ സിപിഎം ജില്ലാ കമ്മറ്റി ഓഫീസിലാണെന്ന് തിരിച്ചറിഞ്ഞ ചില ഉദ്യോഗസ്ഥര്‍ എതിര്‍പ്പുമായി രംഗത്തെത്തിയതോടെ പരിപാടി മാറ്റിവെയ്ക്കുകയായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി പങ്കെടുക്കുന്നതെന്തിനാണെന്നും ചോദ്യമുയര്‍ന്നിരുന്നു. സംഭവം വിവാദമായോതോടെ യോഗം നടത്താന്‍ തീരുമാനിച്ചത് എന്തിനാണെന്ന ചോദ്യത്തിന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് ഉത്തരമില്ലാത്ത സ്ഥിതിയാണ്. കോണ്‍ഗ്രസ് വിമതന്റെ പിന്തുണയോടെ അധികാരത്തിലെത്തിയ എല്‍ഡിഎഫ് ഭരണസമിതിയേയും മേയറേയും നിയന്ത്രിക്കുന്നത് സിപിഎം ജില്ലാ കമ്മറ്റി ഓഫീസില്‍ നിന്നും ഉന്നത നേതാക്കളാണെന്ന ആരോപണം അധികാരത്തിലെത്തിയ അന്നുമുതല്‍ നിലനില്‍ക്കുന്നുണ്ട്. സ്വജനപക്ഷപാതവും അഴിമതിയും നടത്തിയും പ്രതിപക്ഷത്തെ കണക്കിലെടുക്കാതെയും പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളെ അവഗണിച്ചുമാണ് എല്‍ഡിഎഫ് ഭരണസമിതി ഭരണം നടത്തുന്നതെന്ന ആരോപണം ഉയര്‍ന്നിരുന്നു. പാര്‍ട്ടി നേതാക്കളുടെ ഇടപെടല്‍ കോര്‍പ്പറേഷന്‍ ഭരണത്തില്‍ നടക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പുതിയ സംഭവ വികാസം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.