വിശ്വസ്തന്റെ മൊഴി പുറത്ത്; സക്കീര്‍ നായിക്കിനെ കോണ്‍ഗ്രസ് സംരക്ഷിച്ചു

Friday 2 June 2017 7:49 pm IST

ന്യൂദല്‍ഹി: ഇസ്ലാമിക ഭീകരതയുടെ പ്രചാരകനായ മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിനെ കോണ്‍ഗ്രസ് സംരക്ഷിച്ചതിന്റെ തെളിവുകള്‍ പുറത്ത്. വിവാദ മതപ്രഭാഷകനെതിരെ നടപടിയെടുക്കാതെ യുപിഎ സര്‍ക്കാര്‍ സംരക്ഷിച്ചുവെന്ന് വ്യക്തമാക്കുന്ന സക്കീറിന്റെ വിശ്വസ്തന്‍ അമിര്‍ ഗസ്താറുടെ രഹസ്യമൊഴി ഒരു ദേശീയ ചാനല്‍ പുറത്തുവിട്ടു. കോണ്‍ഗ്രസ് മന്ത്രിമാരായിരുന്ന സല്‍മാന്‍ ഖുര്‍ഷിദ്, ഗുലാം നബി ആസാദ്, നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തന്‍ ദിഗ് വിജയ്‌സിങ്ങ് എന്നിവരുടെ പേരുകള്‍ മൊഴിയില്‍ പരാമര്‍ശിക്കുന്നുണ്ട്. സിആര്‍പിസി 164 പ്രകാരം മജിസ്‌ട്രേറ്റിന് മുന്‍പാകെ നല്‍കിയ മൊഴിയാണ് പുറത്തായത്. ബംഗ്ലാദേശിലെ ധാക്കയിലേതുള്‍പ്പെടെ വിവിധ സ്‌ഫോടനങ്ങള്‍ക്ക് സക്കീറിന്റെ വിദ്വേഷ പ്രസംഗങ്ങള്‍ കാരണമായതായി നേരത്തെ കണ്ടെത്തിയിരുന്നു. ഐഎസ്സിലേക്ക് ആളുകള്‍ റിക്രൂട്ട് ചെയ്യപ്പെട്ട സംഭവങ്ങളിലും സക്കീര്‍ പ്രതിയാണ്. ഇയാളുടെ എന്‍ജിഒ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ കേന്ദ്ര സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. നടപടി ഭയന്ന് രാജ്യം വിട്ടിരിക്കുകയാണ് സക്കീര്‍. മതഭീകരത പ്രോത്സാഹിപ്പിക്കുന്നതായി സക്കീറിനെതിരെ യുപിഎ ഭരണകാലത്ത് ആരോപണമുയര്‍ന്നിരുന്നു. 2008ല്‍ മുംബൈ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. 2010ല്‍ ഇംഗ്ലണ്ട് സക്കീറിന് വിലക്കേര്‍പ്പെടുത്തി. തുടര്‍ന്ന് ഇയാള്‍ രണ്ട് യുപിഎ മന്ത്രിമാരെ സന്ദര്‍ശിച്ചു. ദിഗ് വിജയ്‌സിങ്ങിന്റെ സഹായം ലഭിച്ചതായും മൊഴിയില്‍ വ്യക്തമാക്കുന്നു. സക്കീറിനെതിരായ നടപടികള്‍ പിന്നീട് അട്ടിമറിക്കപ്പെട്ടു. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമാണ് പിന്നീട് അന്വേഷണം പുനരാരംഭിച്ചത്. 2012ല്‍ മുംബൈയില്‍ സക്കീര്‍ സംഘടിപ്പിച്ച പരിപാടിയില്‍ ദ്വിഗ് വിജയ്‌സിംഗ് പങ്കെടുത്തതിന്റെ വീഡിയോയും ചാനല്‍ പുറത്തുവിട്ടു. സമാധാനത്തിന്റെ സന്ദേശവാഹകനെന്നാണ് സക്കീറിനെ സിംഗ് പരിപാടിയില്‍ പുകഴ്ത്തിയത്. സക്കീറിന്റെ പരിപാടിയില്‍ പങ്കെടുത്തിരുന്നതായി ദിഗ് വിജയ്‌സിംഗ് സമ്മതിച്ചു. സമാജ്‌വാദി പാര്‍ട്ടി നേതാവ് അസംഖാനും സക്കീറുമായി അടുത്ത ബന്ധമുള്ളതായി വ്യക്തമായിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.