ഉരുവച്ചാല്‍: പന്നിയെ കുരുക്കാനുള്ള കെണിയില്‍ തട്ടി ഷോക്കേറ്റ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. മാലൂര്‍ തോലമ്പ്ര പുരളിമല കുറിച്യ കോളനിയിലെ മുകുന്ദന്-ശ്രീജ ദമ്പതികളുടെ മകന് ടി.പി.സായൂജാ(18)ണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം തോട്ടില്‍ മീന്‍പിടിക്കാന്‍ പോയി തിരിച്ചുവരുന്നതിനിടെയാണ് ഷോക്കേറ്റത്. സുഹൃത്തുക്കളായ നാലുപേര്‍ക്കൊപ്പം പോത്തുംകുഴിയിലെ തോട്ടില്‍ മീന്‍ പിടിക്കാന്‍ പോയതായിരുന്നു. തിരിച്ചുവരുന്നതിനിടെ പന്നിയെ കുടുക്കാന്‍ വേണ്ടി വച്ച കെണിയില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ കണ്ണൂരിലെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെ പറമ്പില്‍ വച്ചാണ് ഷോക്കേറ്റതെന്നാണ് പോലിസ് പറയുന്നത്. പരിയാരം മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം മാലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഇത്തവണ പ്ലസ്ടു കഴിഞ്ഞതായിരുന്നു സായൂജ്. സഹോദരന്: സരുണ്‍. സംഭവത്തില്‍ മാലൂര്‍ എസ്ഐ ടി വി അശോകന്റെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: