പ്രായപൂര്‍ത്തിയായവരില്‍ 34,000 പേര്‍ വോട്ടര്‍ പട്ടികയിലേക്ക് അപേക്ഷ നല്‍കിയില്ല

Friday 2 June 2017 8:15 pm IST

കാസര്‍കോട്: പുതിയ സെന്‍സസ് പ്രകാരം പ്രായപൂര്‍ത്തിയായ 50,181 പേരില്‍ 34,813 പേര്‍ വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ നല്‍കിയില്ല. 16,096 പേര്‍ മാത്രമാണ് വോട്ടര്‍പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് എഡിഎം അബുജാക്ഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 01.01.2017ന് 18 വയസ് തികഞ്ഞ മുഴുവന്‍ ആള്‍ക്കാരെയും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുകയെന്ന ഉദ്ദേശത്തോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. 18 മുതല്‍ 21 വയസു വരെ പ്രായമുള്ളവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പെടുത്തുന്നതിനായി ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍, ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ സഹായത്തോടെ ഓരോ പോളിങ് സ്‌റ്റേഷനുകളിലും വിവര ശേഖരണം നടത്തുകയും ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്നതിനുമുള്ള നടപടികള്‍ ചെയ്തു വരികയുമാണ്. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ഗൃഹസന്ദര്‍ശനം നടത്തുകയും കോളജ്, കോളനികള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യും. സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായുള്ള പ്രത്യേക പ്രചരണ ദിവസങ്ങളായ ജൂലൈ എട്ടു മുതല്‍ 22 വരെ പൊതുജനങ്ങള്‍ക്ക് പോളിങ് സ്‌റ്റേഷനുകളില്‍ വെച്ച് ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ കൈവശമുള്ള വോട്ടര്‍ പട്ടിക പരിശോധിച്ച് പേരുണ്ടോയെന്ന് ഉറപ്പുവരുത്താവുന്നതാണ്. ജൂലൈ ഒന്നു മുതല്‍ 31 വരെ ലഭിക്കുന്ന വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷകള്‍ ഓഗസ്റ്റ് 31 നകം തീര്‍പ്പ് കല്‍പ്പിക്കും. മരിച്ചു പോയവരുടെയോ, പോളിങ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കാത്തവരുടെയോ വിവരങ്ങള്‍ ശേഖരിക്കുകയും വോട്ടര്‍ പട്ടികയില്‍ നിന്നും പേര് നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ജില്ലയില്‍ 9,77,079 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 4,76,504 പേര്‍ പുരുഷ വോട്ടര്‍മാരും, 5,05,205 പേര്‍ സ്ത്രീ വോട്ടര്‍മാരുമാണ്. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളുടെ മുന്നോടിയായാണ് ഇപ്പോള്‍ വോട്ടര്‍ പട്ടിക പുതുക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) ഡി.ഹരികുമാര്‍, കെല്‍ട്രോണ്‍ ഉദ്യോഗസ്ഥ എച്ച് ശ്രീജ, ഉദ്യോഗസ്ഥരായ പി.സുരേഷ്, ടി.കെ.വിനോദ്, അജിത് കുമാര്‍ പി എന്നിവരും സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.