നാട്‌ വിറപ്പിച്ച പുലി പിന്നീട്‌ ചത്തു

Saturday 7 July 2012 10:50 pm IST

കോന്നി : ജനവാസമേഖലയില്‍ എത്തിയ പുള്ളിപ്പുലിയെ നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടി. ഇത്‌ പിന്നീട്‌ ചത്തു. പുലിയുടെ ആക്രമണത്തില്‍ ഏതാനും പേര്‍ക്ക്‌ പരിക്കേറ്റു. ഇന്നലെ രാവിലെ 10 മണിയോടെ ഐരവണ്‍ ഹൈസ്കൂളിന്‌ സമീപത്തെ പറമ്പില്‍ കണ്ട പുലിയെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഉച്ചയ്ക്ക്‌ 1.30 ഓടെയാണ്‌ പിടികൂടിയത്‌. പുലിയെ പിടികൂടാന്‍ സഹായിച്ച നാട്ടുകാര്‍ക്കും വനപാലകനും ചാനല്‍ ക്യാമറാമാനുമാണ്‌ പരിക്കേറ്റത്‌. സാരമായി പരിക്കേറ്റ ഐരവണ്‍ ലക്ഷംവീട്‌ കോളനിയില്‍ ഷംസുദീന്‍, രാജേഷ്‌ , ഫോറസ്റ്റര്‍ വാലിഫസ്‌ , കോന്നി തെങ്ങംമൂട്ടില്‍ പീടികയില്‍ അനീഷ്‌, എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാട്ടുകാരെ ഭീതിയിലാഴ്ത്തിക്കൊണ്ട്‌ ഇന്നലെ രാവിലെ 10 മണിയോടെയാണ്‌ ഐരവണ്‍ സ്കൂളിന്‌ സമീപത്തുള്ള മേപ്പാട്ട്‌ പുതുവേലില്‍ വിശ്വനാഥന്‍നായരുടെ പറമ്പിലാണ്‌ പുലിയെ ആദ്യമായി കണ്ടത്‌. ആളനക്കത്തെത്തുടര്‍ന്ന്‌ പുലി സമീപ പ്രദേശത്തേക്ക്‌ കടന്നു. വിവരം അറിഞ്ഞ്‌ തടിച്ചുകൂടിയ നാട്ടുകാരും കോന്നി സി.ഐ: എം.ആര്‍.മധുബാബുന്റെ നേതൃത്വത്തിലുള്ള പോലീസും ചേര്‍ന്ന്‌ തിരച്ചില്‍ തുടങ്ങിയതോടെ പുലി ഓട്ടം തുടങ്ങി. പിന്നീട്‌ ഏറെനേരം ഇതിനെ കണ്ടെത്താനായില്ല. പലസംഘങ്ങളായി തിരി്ഞ്ഞ്‌ തിരച്ചില്‍ തുടരുന്നതിനിടെ പേരകത്ത്‌ ഭാഗം ആലുംമൂട്ടില്‍ വടക്കേതില്‍ രാഘവപ്പണിക്കരുടെ വീടിന്‌ സമീപത്തെ ചെറിയ കുഴിയില്‍ ഒളിച്ച നിലയില്‍ ഇതിനെ കണ്ടെത്തി ഉച്ചയ്ക്ക്‌ 1.30 ഓടെ നാട്ടുകാരും പോലീസും ചേര്‍ന്ന്‌ ഇതിനെ പിടികൂടുകയായിരുന്നു. വലമൂടി പുലിയെ പിടികൂടുന്നതിനിടെയാണ്‍്‌ ഷംസുദീനും , രാജേഷിനും പരിക്കേറ്റത്‌. പുലിയെ പിന്നീട്‌ ചാക്കുകൊണ്ട്‌ മൂടി. വനപാലകര്‍ ജീപ്പ്പില്‍ കോന്നി ആനത്താവളത്തിലെത്തിച്ചു. മണിക്കൂറുകള്‍ക്ക്‌ ശേഷം മൃഗഡോക്ടര്‍ മയക്കുമരുന്ന്‌ കുത്തിവെച്ച ശേഷം ഇരുമ്പുകൂട്ടിലേക്ക്‌ മാറ്റി. വൈകിട്ട്‌ 3.30 ഓടെ ഡി.എഫ്‌.ഒ ഓഫീസിലേക്ക്‌ കൊണ്ടുപോയെങ്കിലും പിന്നീട്‌ പുലി ചത്തു.
20 കിലോയോളം ഭാരമുള്ള ആണ്‍ വര്‍ഗത്തില്‍പെട്ട പുള്ളിപ്പുലിയ്ക്ക്‌ നാലുവയസ്സോളമുള്ളതായി വനപാലകര്‍ പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിന്‌ ശേഷം ഞള്ളൂര്‍ വനമേഖലയില്‍ ജഡം സംസ്ക്കരിച്ചു. ഇതുസംബന്ധിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തി ഉന്നത ഉദ്യോഗസ്ഥര്‍ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കുമെന്ന്‌ കോന്നി ഡിഎഫ്‌ഒ ടി. പ്രദീപ്‌ കുമാര്‍ പറഞ്ഞു.
സ്വന്തം ലേഖകന്‍


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.