മഴക്കാല രോഗപ്രതിരോധം: അതീവ ശ്രദ്ധചെലുത്താന്‍ നിര്‍ദ്ദേശം

Friday 2 June 2017 8:33 pm IST

പാലക്കാട്: ജില്ലയിലെ മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അതീവ ശ്രദ്ധ ചെലുത്താന്‍ ആരോഗ്യം, ആയുര്‍വേദം, ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി കര്‍ശന നിര്‍ദ്ദേശം നല്‍കി. മാലിന്യ നിക്ഷപമുളളതും ജലദൈര്‍ലഭ്യമുളളതും ഹോട്ട് സ്‌പോട്ടുകളായി തെരഞ്ഞെടുത്തിട്ടുളളതുമായ പ്രദേശങ്ങളില്‍ ഫോഗിങ് ഊര്‍ജിതമാക്കാന്‍ എല്ലാ നഗരസഭ അധികൃതര്‍ക്കും യോഗം നിര്‍ദ്ദേശം നല്‍കി. അനധികൃതമായി കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ അതത് തദ്ദേശസ്ഥാപനങ്ങള്‍ കരുതലെടുക്കണം. വാര്‍ഡ്തല മാലിന്യനിര്‍മാര്‍ജ്ജന സമിതി ലഭ്യമായ ഫണ്ട് ഉപയോഗിച്ച് ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. പഞ്ചായത്തുകളിലേയും നഗരസഭാ പ്രദേശങ്ങളിലേയും മാലിന്യനിക്ഷേപ സ്ഥലങ്ങളില്‍ മാലിന്യ നിര്‍മാര്‍ജനം നടത്തി അവിടെ പൂന്തോട്ടങ്ങള്‍ നിര്‍മിക്കും. പൊതുസ്ഥലങ്ങളിലൈ മാലിന്യനിക്ഷപത്തിനെതിരെ തദ്ദേശസ്ഥാപനങ്ങള്‍ നിരീക്ഷണം കര്‍ശനമാക്കും. ഇതര സംസ്ഥാന തൊഴിലാളികളുളള പഞ്ചായത്തുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതാണ്. ഓടകളും കാനകളും ജലസേചനവകുപ്പ് അധികൃതര്‍ അടിയന്തരമായി ശൂചീകരിക്കും. ഹോട്ട്‌സ്‌പോട്ടുകളായി കണ്ടെത്തിയിട്ടുളള പ്രദേശങ്ങളിലുള്‍പ്പെടെയുളള ഭക്ഷ്യശാലകളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന കര്‍ശനമാക്കും. ജില്ലയിലെ സ്‌ക്കൂളുകള്‍, ആശുപത്രി ഉള്‍പ്പെടെയുളള കെട്ടിടങ്ങളുടെ ഉറപ്പ് തദ്ദേശസ്വയംഭരണ എഞ്ചിനീയറിങ് വിഭാഗം, പൊതുമരാമത്ത്, ജില്ലാ നിര്‍മിതി കേന്ദ്രം, ജലസേചന വകുപ്പ് എന്നിവയില്‍ ഏതെങ്കിലും ഒന്നിന്റെ സിവില്‍ എഞ്ചിനീയര്‍ പരിശോധിച്ച് ഫിറ്റ്‌നസ് ഉറപ്പാക്കും. ജില്ലയില്‍ ദുരന്ത പ്രതിരോധത്തിന് ആവശ്യമായ ഉപകരണങ്ങളും അത്യാവശ്യമുളള ഫോണ്‍ നമ്പറുകളും താലൂക്കതലത്തില്‍ കരുതി വെയ്ക്കും. സ്വകാര്യഭൂമിയിലുള്ള അപകടകരമായ മരങ്ങളും മരച്ചില്ലകളും കണ്ടെത്തി ഭൂവുടമകള്‍ തന്നെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുറിച്ച മാറ്റണമെന്ന് ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി ഓര്‍മ്മിപ്പിച്ചു. അല്ലാത്ത പക്ഷം അതുമൂലമുണ്ടാകുന്ന അപകടങ്ങളുടെ നഷ്ടപരിഹാരം ബന്ധപ്പെട്ട വ്യക്തികള്‍ നല്‍കേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി. പൊതു സ്ഥലത്തെ ഇത്തരം അപകടകരമായ മരങ്ങള്‍ നീക്കം ചെയ്യാന്‍ പി.ഡബ്ള്‍യു.ഡി ഉള്‍പ്പെടെയുളള ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശമുണ്ട്. അപകടങ്ങളെ തുടര്‍ന്നുളള നഷ്ടപരിഹാരം നല്‍കാന്‍ ബന്ധപ്പെട്ട വകുപ്പും ബാധ്യസ്ഥരാണെന്ന് യോഗംഅറിയിച്ചു. പ്രതിരോധ മരുന്നുകള്‍ കൈപ്പറ്റാം ഹോമിയോ, ആയുര്‍വേദം ഡിഎംഒകളില്‍ നിന്നും ജില്ലാതല ഓഫീസ് മേധാവികള്‍ മുഖേന ഡെങ്കിപ്പനിക്കെതിരെയുളള പ്രതിരോധ മരുന്നുകള്‍ കൈപറ്റാമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പൊതുജനങ്ങള്‍ ബന്ധപ്പെട്ട ജില്ലാ ആശുപത്രികളെ സമീപിക്കണം. ലഭ്യമാകുന്ന എല്ലാ കുടിവെള്ളവും തിളപ്പിച്ച് ഉപയോഗിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ യോഗത്തില്‍ അറിയിച്ചു. ജീരകവും ചുക്കും ചേര്‍ത്ത് കൂടിക്കുന്നത് ഉത്തമമെന്നും ഓര്‍മ്മിപ്പിച്ചു. വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുതെന്നും വ്യക്തി ശുചിത്വം പാലിക്കാനും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.