ഗേറ്റുകള്‍ നീക്കം ചെയ്യാതെ തോട്ടം ഉടമകള്‍

Friday 2 June 2017 9:28 pm IST

പീരുമേട്: താലൂക്ക് വികസന സമിതിയുടെ തീരുമാനം അംഗീകരിക്കാതെ സ്വകാര്യ തോട്ടം ഉടമകള്‍. താലൂക്കിലെ സ്വകാര്യ തോട്ടം ഉടമകള്‍ റോഡുകളില്‍ ഗേറ്റ് സ്ഥാപിച്ചത് നീക്കം ചെയ്യണമെന്ന താലൂക്ക് വികസന സമിതിയുടെ തീരുമാനമാണ് അട്ടിമറിക്കപ്പെട്ടത്. വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലുള്‍പ്പെട്ട ചെങ്കര, തേങ്ങാക്കല്‍, സത്രം തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള റോഡുകളിലേക്കാണ് പ്രധാനമായും തോട്ടമുടമകള്‍ ഗേറ്റ് സ്ഥാപിച്ചിരുന്നത്. ഇതുവഴി കടന്നു പോകുന്ന വാഹന ഉടമകള്‍ക്കും നാട്ടുകാര്‍ക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. നിരവധി വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നുണ്ട്. രാത്രികാലങ്ങളില്‍ ഇതുവഴി വരുന്ന വാഹനങ്ങള്‍ കടന്നുപോകുന്നതിന് തോട്ടം ഉടമ നിയോഗിച്ചിരുന്ന വാച്ചറുടെ അനുവാദം വേണം. വാഹന നമ്പറും ഇവിടെ രേഖപ്പെടുത്തണം. രോഗികളുമായി വരുന്നവരും ഇതുവഴി കടന്നുപോകുന്നതിന് ഏറെ ബുദ്ധിമുട്ടേണ്ടിവരും. പ്രദേശവാസികളുടെ വസ്തുവില്‍ നിന്നുമുള്ള തടികളും മറ്റും കടന്നുപോകുന്നതിന് എസ്‌റ്റേറ്റ് മാനേജരുടെ പാസും എടുക്കണം. തേങ്ങാക്കല്‍, സത്രം, ചെങ്കര എന്നീ റോഡുകള്‍ പൊതുമരാമത്ത് വകുപ്പിന്റെ വകയാണ്. കോടികള്‍ മുടക്കിയാണ് റോഡുപണി നടത്തിയത്. നിര്‍മ്മാണത്തിനായി സ്വകാര്യ തോട്ടം ഉടമകള്‍ പൊതുമരാമത്ത് വകുപ്പിന് ഭൂമി വിട്ടുനല്‍കിയതുമാണ്. ഗേറ്റ് നീക്കം ചെയ്യണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് 2011ല്‍ താലൂക്ക് വികസന സമിതിയില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഗേറ്റ് മാറ്റണമെന്ന നിര്‍ദ്ദേശം താലൂക്ക് വികസന സമിതി തോട്ടം ഉടമകള്‍ക്ക് നല്‍കിയത്. എന്നാല്‍ ഇത് നടപ്പിലാക്കുന്നതിന് തോട്ടമുടമകള്‍ തയ്യാറാകുന്നില്ല. ഇന്ന് വികസന സമിതി യോഗം നടക്കാനിരിക്കെ സംഭവത്തില്‍ പ്രതിഷേധം ഉയരുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.