കരിങ്കുന്നത്ത് വീട് കുത്തിത്തുറന്ന് മോഷണം

Friday 2 June 2017 9:29 pm IST

കരിങ്കുന്നം: കരിങ്കുന്നം പുത്തന്‍പള്ളിയ്ക്ക് സമീപം വീട് കുത്തിത്തുറന്ന് മോഷണം. കോണ്‍ട്രാക്ടര്‍ അരുള്‍ദാസിന്റെ വീട്ടിലാണ് മോഷണം നടന്നത്. അരുള്‍ദാസും കുടുംബവും കഴിഞ്ഞ ദിവസം വേളാങ്കണ്ണിക്ക് യാത്ര തിരിച്ചിരുന്നു. ഇന്നലെ രാവിലെ ഇദ്ദേഹത്തിന്റെ വീട്ടിലെ ഡ്രൈവര്‍ നിഖില്‍ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഇതേത്തുടര്‍ന്ന് കരിങ്കുന്നം പോലീസില്‍ വിവരം അറിയിച്ചു. പോലീസ് തമിഴ്‌നാട്ടിലുള്ള അരുള്‍ദാസുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ 12 പവന്‍ സ്വര്‍ണ്ണം വീട്ടിലുണ്ടായിരുന്നതായി വിവരം       ലഭിച്ചു. ഇദ്ദേഹം സ്ഥലത്തെത്തിയാലേ മോഷണവിവരങ്ങളെക്കുറിച്ച് കൃത്യമായ വിവരം ലഭിക്കൂ. വീട്ടില്‍ പണം സൂക്ഷിച്ചിരുന്നോയെന്നും വ്യക്തമല്ല. രണ്ട് നിലകളുള്ള വീടിന്റെ മുന്‍വശത്തെ കതക് ചവിട്ടിപ്പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. എല്ലാമുറിയിലും മോഷ്ടാക്കള്‍ കടന്ന് തെരച്ചില്‍ നടത്തിയിട്ടുണ്ട്. വീട്ടില്‍ ആറ് കാമറകള്‍ സ്ഥാപിച്ചിരുന്നു. ഇതില്‍ കമ്പിവടിയുമായി നടക്കുന്ന മോഷ്ടാക്കളുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. മൂന്ന് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇന്നലെ പുലര്‍ച്ചെ രണ്ടേമുക്കാലിനാണ് ചിത്രം പതിഞ്ഞിരിക്കുന്നത്.  കാമറയില്‍ പതിഞ്ഞ ചിത്രങ്ങള്‍ ഡവലപ്പുചെയ്യാനായുള്ള നീക്കങ്ങള്‍ പുരോഗമിച്ചിട്ടുണ്ടെന്ന് കരിങ്കുന്നം പോലീസ് അറിയിച്ചു. ഉച്ചതിരിഞ്ഞ് ഡോഗ്‌സ്‌ക്വാഡ് സ്ഥലത്തെത്തി. വീടിന് ചുറ്റുമുള്ള പ്രദേശങ്ങളിലാണ് നായ ഓടിയത്. പ്രതികളുടെ ചിത്രം കാമറയില്‍ പതിഞ്ഞതോടെ കേസിന് തുമ്പ് ലഭിച്ചതിന്റെ ആശ്വാസത്തിലാണ് പോലീസ്. ഫോറന്‍സിക് വിഭാഗവും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. അരുള്‍ദാസിന്റെ വീടിന് സമീപത്ത് താമസിക്കുന്നവരില്‍ നിന്ന് പോലീസ് മൊഴിയെടുത്തിട്ടുണ്ട്. തൊടുപുഴ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.