എംപി ഫണ്ട്‌ വിനിയോഗത്തില്‍ അലംഭാവം കാട്ടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

Saturday 7 July 2012 10:44 pm IST

കൊച്ചി: എംപിമാരുടെ പ്രാദേശിക വികസന നിധി ഉപയോഗിച്ച്‌ നടപ്പാക്കുന്ന പദ്ധതികളില്‍ അനാസ്ഥ കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌ അവലോകന യോഗത്തില്‍ മുന്നറിയിപ്പ്‌. എറണാകുളം ജില്ലയിലെ എം.പി ഫണ്ട്‌ പദ്ധതികളില്‍ മുടങ്ങിക്കിടക്കുന്നവ സംബന്ധിച്ച്‌ അടിയന്തരമായി തീരുമാനം കൈക്കൊള്ളാനും കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
സാമ്പത്തികാസൂത്രണ വകുപ്പില്‍ സെന്‍ട്രല്‍ പ്ലാനിങ്‌ ആന്റ്‌ മോണിറ്ററിങ്‌ യൂണിറ്റിന്റെ ചുമതല വഹിക്കുന്ന അഡീഷണല്‍ സെക്രട്ടറിയും ഡയറക്ടറുമായ വി.കെ. ബാലകൃഷ്ണനാണ്‌ എംപി ഫണ്ട്‌ പദ്ധതികളിലെ വീഴ്ച സര്‍ക്കാര്‍ ഗൗരവമായി കണക്കിലെടുക്കുമെന്ന്‌ വ്യക്തമാക്കിയത്‌. എംപി ഫണ്ട്‌ പദ്ധതികള്‍ നടപ്പാക്കുന്നത്‌ സംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ശരിയായി മനസിലാക്കി വേണം ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളുടെ അടിസ്ഥാനത്തില്‍ എംപിമാര്‍ നിര്‍ദേശിക്കുന്ന പദ്ധതികള്‍ക്കാണ്‌ സര്‍ക്കാര്‍ പണം അനുവദിക്കുന്നത്‌. ഈ പദ്ധതികളുടെ ധനവിനിയോഗവും നടത്തിപ്പും നിരീക്ഷിക്കാന്‍ പാര്‍ലമെന്ററി സമിതി അടക്കം പല തലങ്ങളില്‍ സംവിധാനമുണ്ട്‌. എംപി ഫണ്ടിന്റെ വിനിയോഗത്തില്‍ രാജ്യത്ത്‌ 23-ാ‍മതാണ്‌ കേരളത്തിന്റെ സ്ഥാനമെന്നും വി.കെ. ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
എംപി ഫണ്ട്‌ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ ശുഷ്കാന്തി കാട്ടണം. നടപ്പാക്കാനാവാത്ത പദ്ധതികള്‍ ഉപേക്ഷിക്കാന്‍ ജില്ലാ കളക്ടര്‍ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കുകയും വേണം. ഈ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പൊതുഖജനാവിലെ പണം ആര്‍ക്കും ഉപകാരപ്പെടാതെ കെട്ടിക്കിടക്കുന്ന സ്ഥിതിയുണ്ടാകും. ഇതിന്‌ ഉത്തരവാദികളായവര്‍ക്കെതിരെ ക്രിമിനല്‍ നടപടിക്രമമനുസരിച്ച്‌ നടപടി സ്വീകരിക്കാവുന്നതാണെന്നും അഡീഷണല്‍ സെക്രട്ടറി പറഞ്ഞു.
എംപി ഫണ്ടില്‍ നിന്നും അനുവദിച്ച തുക മതിയാകാത്തതു മൂലം മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ തദ്ദേശസ്ഥാപനങ്ങളുടെ തനത്‌ ഫണ്ടോ മറ്റേതെങ്കിലും സര്‍ക്കാര്‍ ഫണ്ടുകളോ വിനിയോഗിക്കാനാകുമോ എന്ന്‌ പരിശോധിക്കണം. കരാര്‍ ലംഘനം നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും മടിക്കരുത്‌. എം.പി ഫണ്ട്‌ ഉപയോഗിച്ച്‌ തുടങ്ങിയ പദ്ധതികള്‍ ബന്ധപ്പെട്ട എം.പി ആവശ്യപ്പെടാതെ നിര്‍ത്തിവയ്ക്കാന്‍ പാടില്ലെന്നാണ്‌ ചട്ടം. എം.പി ഫണ്ട്‌ പദ്ധതികള്‍ക്ക്‌ ഒരിക്കല്‍ നിശ്ചയിച്ച നിരക്കുകള്‍ പുതുക്കാന്‍ കഴിയില്ല. നിശ്ചിത സമയപരിധിക്കുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കുക മാത്രമാണ്‌ പോംവഴിയെന്നും വി.കെ. ബാലകൃഷ്ണന്‍ പറഞ്ഞു. ജില്ല കളക്ടര്‍ പി.ഐ. ഷെയ്ക്ക്‌ പരീത്‌, ജില്ല പ്ലാനിങ്‌ ഓഫീസര്‍ ആര്‍. ഗിരിജ, ഇംപ്ലിമെന്റിങ്‌ ഓഫീസര്‍മാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
എം.പി ഫണ്ട്‌ പദ്ധതികളുടെ അവലോകനത്തിന്‌ സംസ്ഥാനതലത്തില്‍ മൂന്ന്‌ യോഗങ്ങള്‍ ഇതിനകം പൂര്‍ത്തിയായി. ജില്ലാതലത്തില്‍ ശില്‍പ്പശാലകള്‍ സംഘടിപ്പിക്കാനും നിശ്ചയിച്ചിട്ടുണ്ട്‌.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.