മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തിനു മുമ്പില്‍ ചെളിക്കുളം

Friday 2 June 2017 9:41 pm IST

ഗാന്ധിനഗര്‍: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഹൃദ്രോഗവിഭാഗത്തിനു മുന്‍വശത്ത് മഴവെള്ളം കെട്ടിക്കിടന്ന് ചെളിക്കുളമായി. ഇതോടെ ഇതുവഴിയുള്ള കാല്‍നടയാത്ര ദുസ്സഹമായി. മെഡിക്കല്‍ കോളേജിലെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ഡാണ് കാര്‍ഡിയോ തൊറാസിക് സര്‍ജറി വാര്‍ഡ്. രോഗികള്‍ക്കൊപ്പം കൂട്ടിരിപ്പുകാര്‍ക്കും ഏറ്റവും ശുചിത്വം പാലിക്കേണ്ട വാര്‍ഡാണിത്. ഇതിന്റെ മുമ്പിലാണ് ചെളിവെള്ളം കെട്ടിക്കിടക്കുന്നത്. ഇതിലൂടെ വേണം ഇവിടെയെത്തുന്നവര്‍ വാര്‍ഡിലേക്ക് പ്രവേശിക്കേണ്ടത്. ശുചിത്വത്തിന്റെ കാര്യത്തില്‍ നിഷ്‌കര്‍ഷത പുലര്‍ത്തേണ്ട വാര്‍ഡിന്റെ വരാന്തയും മറ്റും ചെളിനിറഞ്ഞിരിക്കുകയാണ്. ഇതുവഴി വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ മലിനജലം തെറിച്ച് ജീവനക്കാരടക്കമുള്ളവരുടെ ദേഹത്ത് വീഴുന്നതും നിത്യസംഭവമാണ്. കാലവര്‍ഷം ആരംഭിച്ചതോടെസമീപത്തുള്ള കാര്‍പാര്‍ക്കിങ് ഏരിയായില്‍നിന്നുമാണ് മലിനജലം ഈ വഴിയിലേക്ക് ഒഴുകുന്നത്. പാര്‍ക്കിങ് ഏരിയാ ടാര്‍ ചെയ്യാത്തതുമൂലം വാഹനങ്ങള്‍ കയറി ഇറങ്ങുന്നതോടെ പ്രദേശമാകെ ചെളിനിറയുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ചുറ്റുമുള്ള എല്ലാ റോഡുകളും പൊട്ടിപ്പൊളിഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. നിരന്തര പരാതിയെ തുടര്‍ന്ന് പൊതുമരാമത്തുവകുപ്പ് റോഡുകള്‍ നന്നാക്കാന്‍ നടപടി എടുത്തതായിട്ടാണറിയുന്നത്. എന്നാല്‍ റോഡുനന്നാക്കല്‍ എന്നു തുടങ്ങുമെന്ന് മാത്രം ആര്‍ക്കും അറിയില്ല. ഓടകളുടെ സ്ഥിതിയും ദയനീയമാണ്. പലതിനും മൂടിയില്ലാതെ കിടക്കുന്നു. ഇതില്‍ മാലിന്യം കെട്ടിക്കിടന്ന് മഴവെള്ളത്തോടൊപ്പം റോഡിലൂടെ പരന്നൊഴുകുന്നുണ്ട്. വൃത്തിഹീനമായ രീതിയില്‍ രോഗികളെ പരിചരിക്കേണ്ട അവസ്ഥയാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിലവിലുള്ളത്. ഇതിനു അടിയന്തിരമായി പരിഹാരം കാണേണ്ടതുണ്ട്. ആശുപത്രിയും പരിസരവും വൃത്തിയായി സംരക്ഷിക്കുവാന്‍ അതീവശ്രദ്ധ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.