നക്സലിസത്തിൽ നിന്ന് കാർഷിക വിപ്ലവത്തിലേക്ക്

Friday 2 June 2017 10:18 pm IST

അയൂബ് തന്റെ പപ്പായ തോട്ടത്തില്‍

വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായ നക്‌സല്‍ അയൂബ് ഇന്ന് വയനാട്ടിലെ കാര്‍ഷിക വിപ്ലവത്തിന്റെ അമരക്കാരനാണ്. നക്‌സല്‍ നേതാവ് വര്‍ഗീസിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായി നക്‌സല്‍ബാരി സിന്ദാബാദ് വിളിച്ച ഒരു കാലമുണ്ടായിരുന്നു അയൂബിന്. മാനന്തവാടിക്കടുത്ത ആറു വാള്‍ തോട്ടോളി അയൂബിന് ഹരിത വിപ്ലവകാരനായ അയൂബിലേക്കുള്ള മാറ്റം ആരെയും അമ്പരപ്പിക്കുക്കുന്നതാണ്.

വിഷരഹിതമായ പഴങ്ങളും പച്ചക്കറികളും സ്വന്തം നാട്ടിലെ ആളുകള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അയൂബ് ആരംഭിച്ച സഫ ഓര്‍ഗാനിക് ഫാം ഇതിനോടകം ദേശീയ ശ്രദ്ധ നേടി കഴിഞ്ഞു. സ്വദേശമായ ആറു വാളില്‍ രണ്ട് ഏക്കര്‍ സ്ഥലത്തും മാനന്തവാടി രണ്ടേ നാലില്‍ ഒമ്പത് ഏക്കര്‍ സ്ഥലത്തുമാണ് കൃഷി. രണ്ടേ നാലില്‍ മൊട്ടക്കുന്നിലാണ് കൃഷി. വ്യത്യസ്തമായ രീതിയിലാണ് എല്ലാ കൃഷികളും നടത്തുന്നത്. മഴവെള്ളം സംഭരിച്ചും വയലിലെ കുളത്തില്‍ നിന്ന് വെള്ളം പമ്പ് ചെയ്തും വിവിധയിനങ്ങളില്‍ വിളവൊരുക്കുന്നു.

റെഡ് ലേഡി പപ്പായ
ഒരു ചെടിയില്‍ നിന്ന് ഒരു ക്വിന്റല്‍ വരെ വിളവാണ് റെഡ് ലേഡി പപ്പായക്ക് ലഭിക്കുന്നത്. ഒരു കിലോയ്ക്ക് 25 രൂപ വില. സ്വന്തം വാഹനത്തില്‍ ടൗണിലെത്തിച്ച് വഴിയോരത്ത് വെച്ചാണ് വില്‍പ്പന. രണ്ട് വര്‍ഷം ആദായം. പോഷകാംശവും രുചിയും കൂടിയ ഇനമാണ് റെഡ് ലേഡി. അവസാനത്തെ പപ്പായ വരെ ഒരു ചെടിയില്‍ നിന്ന് വില്‍ക്കാന്‍ കഴിഞ്ഞാല്‍ 25,000 രൂപ വരെ ലഭിക്കുമെന്ന് അയൂബ് പറയുന്നു.

കുരുമുളക് കൃഷിയില്‍
വിയറ്റ്‌നാം മാതൃക

താങ്ങ് കാലിന്റെ നാശം തടയുന്നതിന് വിയറ്റ്‌നാം മാതൃകയാണ് അയുബ് പരീക്ഷിക്കുന്നത്. വിയറ്റ്‌നാമിലെ കര്‍ഷകര്‍ ഉല്‍പ്പാദന വര്‍ദ്ധന വിനായി പരീക്ഷിച്ചിട്ടുള്ള മാതൃകയാണ് വിയറ്റ്‌നാം മാതൃക. കേരളത്തിലെ ചില കര്‍ഷകര്‍ ഇത് പരീക്ഷിക്കുന്നു. താങ്ങു കാലുകള്‍ക്കുള്ള രോഗബാധ തടയുന്നതിനും അതിലൂടെ കുരുമുളക് ചെടിയെ സംരംക്ഷിക്കുന്നതിനും ഇതുവഴി സാധിക്കുന്നു. താങ്ങു കാലുകളായി മരങ്ങള്‍ക്ക് പകരം കോണ്‍ക്രീറ്റ് കാലുകളാണ് ഉപയോഗിക്കുന്നത്. പതിനഞ്ച് അടി നീളമുള്ള കോണ്‍ക്രീറ്റ് രണ്ടടി ഭാഗം മണ്ണില്‍ കുഴിച്ചിടും. വേര് പിടിപ്പിച്ച കുരുമുളക് നട്ടാല്‍ അതിവേഗം മരത്തില്‍ പടര്‍ന്ന് വളരാനായി പരുപരുത്ത പ്ലാസ്റ്റിക് കോണ്‍ക്രീറ്റ് തൂണില്‍ പൊതിയും.

കുരുമുളക് വള്ളികള്‍ തൂണിലേക്ക് ചേര്‍ത്ത് കെട്ടും. രണ്ട് അടി വീതിയും നീളവും ഉള്ള കുഴിക എടുത്താണ് തൂണ് നാട്ടുന്നത്. ഒരേക്കറില്‍ ആയിരം താങ്ങു കാലുകള്‍ ഇങ്ങനെ നടാനാവും. കുരുമുക് ചെടിയും താങ്ങുമരവും തമ്മില്‍ വെള്ളത്തിനും വളത്തിനും വേണ്ടിയുള്ള മത്സരം ഒഴിവാക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. അതു കൊണ്ട് തന്നെ ഉദ്പാദന വര്‍ദ്ധനവുണ്ടാകും. ഒരു ചെടിയില്‍ നിന്ന് മൂന്നു കിലോ വരെ കുരുമുളക് ലഭിക്കും. വിയറ്റ്‌നാമില്‍ ഒരേക്കറില്‍നിന്ന് മൂന്നു ടണ്‍ വരെ കുരുമുളക് ലഭിക്കും. കഴിഞ്ഞ വര്‍ഷമാണ് അയൂബ് ഈ രീതി ആദ്യമായി പരീക്ഷിച്ചത്.

ഒരേക്കറില്‍ 666
മാവിന്‍തൈകള്‍ നടാം
വ്യത്യസ്ത രീതിയില്‍ മാവ് കൃഷിയും ഇവിടെ ആരംഭിച്ചിട്ടുണ്ട്. അല്‍ഫോന്‍സ ഇനത്തില്‍പ്പെട്ട മാവാണ് ഹൈഡെന്‍സിറ്റി കള്‍ട്ടി വേഷന്‍ രീതിയില്‍ കൃഷി ചെയ്തിട്ടുള്ളത്. സാധാരണ രീതിയില്‍ ഒരേക്കറില്‍ 40 മാവിന്‍തൈകളാണ് നടാന്‍ പറ്റുന്നതെങ്കില്‍ ഈ രീതിയില്‍ ഒരേക്കറില്‍ 666 മാവിന്‍തൈകള്‍ നടാം. കര്‍ണാടകയിലെ ഉദുമല്‍പേട്ടയില്‍ പേരക്കയും നാരങ്ങയും മാതള നാരങ്ങയും ഇങ്ങനെ കൃഷി ചെയ്യുന്നുണ്ട്. ഇത് കണ്ട് പഠിച്ചാണ് സഫ ഓര്‍ഗാനിക് ഫാമില്‍ ഒരേക്കര്‍ സ്ഥലത്ത് മാവ് കൃഷി നടത്തിയിട്ടുള്ളത്. ദക്ഷിണാഫ്രിക്കന്‍ രീതിയാണിത്.

പ്രകൃതി സംരക്ഷണത്തിന് മുള
ഒന്‍പത് ഏക്കര്‍ തോട്ടത്തിന്റെ ഒരു ഭാഗം മുളകൃഷിയാണ്. 30 സെന്റ് സ്ഥലത്ത് 24 ഇനം മുളയാണ് നട്ടുപിടിപ്പിച്ചിട്ടുള്ളത്. കുന്നിന്‍ ചെരുവില്‍ ഇത് നട്ടുവളര്‍ത്തുന്നതിനാല്‍ വയലില്‍ എപ്പോഴും വെള്ളമുണ്ടാകും. 40,000 രൂപയുടെ മുള തൈകളാണ് വാങ്ങി നട്ടത്. കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്നതിനും കാറ്റിനെ പ്രതിരോധിക്കുന്നതിനും അധിക ആദായത്തിനും മുളകൃഷി സഹായിക്കുമെന്നാണ് അയൂബിന്റെ പക്ഷം.

കാസര്‍കോടന്‍ കുള്ളന്‍ പശു
കാസര്‍കോടന്‍ കുള്ളന്‍ പശുവിനെയും ഇവിടെ വളര്‍ത്തുന്നുണ്ട്. കൃഷിയിടത്തിലേക്കാവശ്യമായ ജൈവവളം ഫാമില്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്. ഇതിനായി നാല് പശുക്കളുണ്ടെങ്കിലും പാല്‍ എടുക്കാറില്ല. ചാണകത്തിനും മൂത്രത്തിനും വേണ്ടിയാണ് ഇവയെ വളര്‍ത്തുന്നത്. പ്രത്യേകം നിര്‍മ്മിച്ച ടാങ്കില്‍ ചാണകവും ഗോമൂത്രവും പുളിപ്പിച്ചാണ് വളമുണ്ടാകുന്നത്. ജീവാണുക്കളുടെ എണ്ണം വര്‍ദ്ധിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം ഈ വളപ്രയോഗം നടത്താറുണ്ട്. കൂടാതെ ചാണകവെള്ളം കലക്കി ചെടികളുടെ ചുവട്ടില്‍ ഒഴിച്ചു കൊടുക്കുകയും ചെയ്യും.

പഴകൃഷികള്‍
ഒരു പഴക്കടയില്‍ നിന്ന് കിട്ടുന്ന മുഴുവന്‍ പഴങ്ങളും ഇവിടെ ഉല്‍പ്പാദിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അയൂബ് അവകാശപ്പെടുന്നു. ഓറഞ്ച്, ദുരിയാന്‍, ചെമ്പടുക്ക, പുലാസന്‍, റമ്പുട്ടാന്‍ തുടങ്ങി എല്ലാം നട്ടുവളര്‍ത്തുന്നുണ്ട്. മുരിങ്ങ, വിവിധയിനം നാരകങ്ങള്‍, പച്ചക്കറികള്‍, മുളക് തുടങ്ങിയവയും യഥേഷ്ടമുണ്ട്.

ജര്‍ ജീര്‍ കൃഷി
കേരളത്തില്‍ അപൂര്‍വ്വമായി മാത്രം കണ്ടു വരുന്ന ജര്‍ ജീര്‍ എന്ന പച്ചക്കറി ഇനം ഇവിടെ കൃഷി ചെയ്യുന്നു. വയാഗ്രയുടെ ഗുണമുള്ള ഇലയാണിത്. ചൈനീസ് കാബേജും നന്നായി വളരുന്നുണ്ട്.

പുരസ്‌കാര തിളക്കം
രണ്ട് പതിറ്റാണ്ടിനിടെ നിരവധി അവാര്‍ഡുകളാണ് അയൂബിനെ തേടിയെത്തിയത്. അനേകം പ്രാദേശിക പുരസ്‌കാരങ്ങള്‍ കൂടാതെ 2015ലെ മികച്ച പച്ചക്കറി കര്‍ഷകന്‍, എം.എസ്. സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ കുടുംബകര്‍ഷക അവാര്‍ഡ്, കാര്‍ഷിക സര്‍വ്വകലാശാലയുടെ പൂപ്പൊലി അവാര്‍ഡ്, വിഎഫ്പിസികെയുടെ ഹരിത കീര്‍ത്തി, രാജീവ് ഗാന്ധി കര്‍ഷക പുരസ്‌കാരം, ഫിഷറീസ് വകുപ്പിന്റെ 2010 ലെയും 2011 ലെ യും മികച്ച കര്‍ഷകന്‍ അങ്ങനെ ആ നിര നീളുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.