ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സ്: ജിന്‍സണും നീനക്കും വെള്ളി കേരളത്തിന് നിരാശ

Friday 2 June 2017 10:27 pm IST

പട്യാല: 21-ാമത് ഫെഡറേഷന്‍ കപ്പ് ദേശീയ അത്‌ലറ്റിക് മീറ്റിന്റെ രണ്ടാം ദിനം കേരളത്തിന് നിരാശ. ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന പുരുഷ-വനിതാ 800 മീറ്ററിലും വനിതകളുടെ ഹൈജമ്പിലും കേരളത്തിന് സ്വര്‍ണ്ണം നേടാന്‍ കഴിഞ്ഞില്ല. ആദ്യ ദിനം രണ്ട് സ്വര്‍ണ്ണം നേടിയ കേരളത്തിന് ഇന്നലെ രണ്ട് വെള്ളികൊണ്ട് തൃപ്തിപ്പെട്ടു. വനിതകളുടെ ലോങ്ജമ്പില്‍ വി. നീനയും പുരുഷന്മാരുടെ 800 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സണുമാണ് വെള്ളി നേടിയത്. മീറ്റിന്റെ രണ്ടാം ദിനം ഒരു മീറ്റ് റെക്കോര്‍ഡ് പിറന്നു. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഹരിയാനയുടെ നീരജ് ചോപ്ര 85.63 മീറ്റര്‍ എറിഞ്ഞാണ് പുതിയ റെക്കോര്‍ഡ് നേടിയത്. നിലവിലെ റെക്കോര്‍ഡ് ജേതാവ് പഞ്ചാബിന്റെ ദവീന്ദര്‍ സിങ് 83.82 മീറ്റര്‍ എറിഞ്ഞ് വെള്ളി നേടി. 2015-ല്‍ ദവീന്ദര്‍ സ്ഥാപിച്ച 79.65 മീറ്ററിന്റെ റെക്കോര്‍ഡാണ് നീരജിന്റെ കൈക്കരുത്തില്‍ വഴിമാറിയത്. പുരുഷന്മാരുടെ 800 മീറ്ററില്‍ ദല്‍ഹിയുടെ അമോജ് ജേക്കബിന് പിന്നില്‍ ഫിനിഷ് ചെയ്താണ് ജിന്‍സണ്‍ വെള്ളി നേടിയത്. കര്‍ണാടകയുടെ വിശ്വംഭര്‍ കോലേക്കര്‍ വെങ്കലം നേടി. വനിതകളുടെ വിഭാഗത്തില്‍ മഹാരാഷ്ട്രയുടെ അര്‍ച്ചന അദവ് സ്വര്‍ണ്ണവും പശ്ചിമ ബംഗാളിന്റെ ലിലി ദാസ് വെള്ളിയും നേടിയപ്പോള്‍ കര്‍ണ്ണാടകയുടെ ജി.കെ. വിജയകുമാരി വെങ്കലം സ്വന്തമാക്കി. മലയാളി താരങ്ങളായ തെരേസ ജോസഫ് നാലും അബിത മേരി മാനുവല്‍ അഞ്ചും സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ടിന്റു ലൂക്ക ഫിനിഷ് ചെയ്തതുമില്ല. വനിതകളുടെ ലോങ്ജമ്പില്‍ മലയാളി താരങ്ങള്‍ സ്വര്‍ണ്ണവും വെള്ളിയും നേടി. ആന്ധ്രാപ്രദേശിനായി ഇറങ്ങിയ നയന ജെയിംസ് 6.55 മീറ്റര്‍ ചാടി പൊന്നണിഞ്ഞപ്പോള്‍ കേരളത്തിനായി ഇറങ്ങിയ വി. നീന 6.31 മീറ്ററുമായി വെള്ളി നേടി. തമിഴ്‌നാടിന്റെ ജി. കാര്‍ത്തിക 6.05 മീറ്റര്‍ ചാടി വെങ്കലവും സ്വന്തമാക്കി. വനിതകളുടെ 200 മീറ്ററില്‍ ഒഡീഷയുടെ ദ്യൂതി ചന്ദിനെ പിന്തള്ളി നാട്ടുകാരിയായ ശ്രബാനി നന്ദ പൊന്നണിഞ്ഞു. 23.57 സെക്കന്റിലായിരുന്നു ശ്രബാനി ഫിനിഷ് ലൈന്‍ കടന്നത്. 23.60 സെക്കന്റില്‍ ദ്യൂതി ചന്ദ് വെള്ളി നേടിയപ്പോള്‍ കര്‍ണ്ണാടകയുടെ ജ്യോതി. എച്ച്.എം 24.37 സെക്കന്റില്‍ വെങ്കലം നേടി. പുരുഷന്മാരുടെ വിഭാഗത്തില്‍ ഒഡീഷയുടെ അമിയ കുമാര്‍ മല്ലിക്ക് 21.22 സെക്കന്റില്‍ സ്വര്‍ണ്ണം നേടി. പുരുഷന്മാരുടെ ലോങ്ജമ്പില്‍ തന്റെ പേരിലുള്ള ദേശീയ റെക്കോര്‍ഡിനൊപ്പമെത്താനായില്ലെങ്കിലും മദ്ധ്യപ്രദേശിന്റെ അങ്കിത് ശര്‍മ്മ സ്വര്‍ണ്ണം നേടി. 7.80 മീറ്ററാണ് അങ്കിത് താണ്ടിയത്. വെള്ളിയും വെങ്കലവും കര്‍ണ്ണാടക താരങ്ങള്‍ക്ക്. 7.67 മീറ്റര്‍ ചാടി എസ്.സി. ഷംസീര്‍ വെള്ളിയും 7.66 മീറ്റര്‍ ചാടി സിദ്ധാര്‍ത്ഥ് മോഹന്‍നായിക് വെങ്കലവും നേടി. കേരളത്തിന്റെ മുഹമ്മദ് അനീസ് നാലാമതും ജിനേഷ് വി.ഒ ഏഴാമതുമാണ് ഫിനിഷ് ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.