തേക്കടി ബോട്ട് ദുരന്തം; കുറ്റപത്രം കോടതിയില്‍ എത്തുമോ...?

Friday 2 June 2017 10:45 pm IST

ഇടുക്കി: 45 പേരുടെ ജീവന്‍ അപഹരിച്ച തേക്കടി ബോട്ട് ദുരന്തത്തിന്റെ കുറ്റപത്രം, ദുരന്തം നടന്ന് എട്ട് വര്‍ഷമായിട്ടും കോടതിയിലെത്തിയില്ല. കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്ന സ്‌പെഷ്യല്‍ ടീമിന്റെ തലവന്‍ എസ്.പി വത്സന്‍ കഴിഞ്ഞ ദിവസം സര്‍വ്വീസില്‍ നിന്നും വിരമിച്ചതോടെ അന്വേഷണം നിലച്ചു. 2009 സെപ്റ്റംബര്‍ 30നാണ് കെടിഡിസിയുടെ ജലകന്യക ബോട്ട് തേക്കടി തടാകത്തില്‍ പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളിലെ മണക്കവലയില്‍ മുങ്ങിയത്. ഏഴു കുട്ടികളും 23 സ്ത്രീകളും അടക്കം 45 പേര്‍ മരിച്ചു. ദുരന്തകാരണം കണ്ടെത്താന്‍ ജുഡീഷ്യല്‍, ക്രൈംബ്രാഞ്ച് അന്വേഷണങ്ങള്‍ക്കായിരുന്നു സര്‍ക്കാര്‍ ഉത്തരവിട്ടത്. റിട്ട. ജില്ലാ ജഡ്ജി മൈതീന്‍ കുഞ്ഞ് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനായിരുന്നു. കമ്മീഷന്‍ 2011 ആഗസ്റ്റ് 25 ന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബോട്ട് നിര്‍മ്മിക്കാന്‍ കരാര്‍ ക്ഷണിച്ചതു മുതല്‍ നീറ്റിലിറക്കിയതുവരെയുള്ള 22 വീഴ്ചകളാണ് ദുരന്തത്തിന് കാരണമെന്നായിരുന്നു കമ്മീഷന്റെ പ്രധാന കണ്ടെത്തലുകള്‍. എറണാകുളം ക്രൈംബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. അപകടം നടന്ന് മൂന്ന് വര്‍ഷത്തിന് ശേഷം അന്വേഷണ റിപ്പോര്‍ട്ട് തൊടുപുഴ സെഷന്‍സ് കോതിയില്‍ ക്രൈംബ്രാഞ്ച് നല്‍കിയിരുന്നു. 2014 ഡിസംബര്‍ 24 കേസ് പരിഗണിച്ച കോടതി കുറ്റപത്രത്തിലെ അവ്യക്തത ചൂണ്ടിക്കാട്ടി തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. കേസില്‍ ഏഴ് പ്രതികളെയാണ് ക്രൈംബ്രാഞ്ച് ഉള്‍പ്പെടുത്തിയിരുന്നത്. ഐആര്‍എസ് സര്‍വ്വെയര്‍ സഞ്ജീവ്, വിക്ടര്‍ സാമുവല്‍, മുന്‍ ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് ബോട്ട്‌സ് എം. മാത്യൂസ്, ബോട്ടിലെ ലഷ്‌കര്‍ ആയിരുന്ന അനീഷ്, ഫോറസ്റ്റ് വാച്ചര്‍ പ്രകാശന്‍, ബോട്ട് നിര്‍മ്മിച്ച കമ്പനി ഉടമ എന്‍.എ ഗിരി, ടൂറിസം വകുപ്പിന്റെ ഡെപ്യൂട്ടി മെക്കാനിക്കല്‍ എന്‍ജിനീയര്‍ മനോജ് മാത്യു എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം തയ്യാറാക്കിയിരുന്നത്. ഇതില്‍ ഐആര്‍എസ് സര്‍വ്വെയര്‍ സഞ്ജീവിനെ സെഷന്‍സ് കോടതി കേസില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. സഞ്ജീവിനെ വെറുതെ വിട്ട നടപടിക്കെതിരെ ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കേസ് നീണ്ട് പോകുകയാണ്. ഹൈക്കോടതിയുടെ നടപടി പൂര്‍ത്തിയായാലേ കുറ്റപത്രം കോടതിയിലെത്തിക്കാന്‍ പറ്റൂ. ഇതിനിടെയാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച എസ്.പി വത്സന്‍ വിരമിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.