പരിസ്ഥിതി ദിനത്തില്‍ വനംവകുപ്പ് 72 ലക്ഷം വൃക്ഷത്തൈകള്‍ നടും

Friday 2 June 2017 10:48 pm IST

തിരുവനന്തപുരം: ലോക പരിസ്ഥിതിദിനമായ ജൂണ്‍ 5ന് വനംവകുപ്പ് സംസ്ഥാനത്തൊട്ടാകെ 72 ലക്ഷം വൃക്ഷത്തൈകള്‍ നടുമെന്ന് മന്ത്രി കെ.രാജു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, യുവജനസംഘടനകള്‍, മതസ്ഥാപനങ്ങള്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍ എന്നിവര്‍ക്കെല്ലാം സൗജന്യമായാണ് തൈകള്‍ നല്‍കുന്നത്. 'പ്രകൃതിയുമായി ഒത്തുചേരാന്‍' ഒന്നാകൂ എന്നതാണ് ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. മുരിങ്ങ, സീതപ്പഴം, വീട്ടി, തേക്ക്, കുന്നിവാക, നെല്ലി, ഇലഞ്ഞി, താന്നി, അശോകം, മാവ്, കണിക്കൊന്ന, ഞാവല്‍, കമ്പകം, നീര്‍മരുത്, ചന്ദനം, വേങ്ങ, കറിവേപ്പ്, മണിമരുത്, കുമ്പിള്‍, പൂവരശ് തുടങ്ങിയ നൂറോളം ഇനങ്ങളാണ് വിതരണം ചെയ്യുക. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 5 ന് രാവിലെ 10.30ന് നിശാഗന്ധിയില്‍ വൃക്ഷത്തൈ നട്ടുകൊണ്ട് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം നിര്‍വഹിക്കും. വനംമന്ത്രി കെ.രാജു അധ്യക്ഷത വഹിക്കും. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ വിശിഷ്ട സംഭാവനകള്‍ നല്‍കിയ സുഗതകുമാരിയെയും സി.കെ. കരുണാകരനെയും ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഫോറസ്‌റ്റേഴ്‌സ് എന്ന സംഘടനയെയും ആദരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.