കണ്ണൂരിലെ ഗോവധം ഉറക്കം കെടുത്തിയെന്ന് അക്കിത്തം; ഇന്ത്യയെ അറിയണമെങ്കില്‍ ഗാന്ധിജിയെ അറിയണം

Friday 2 June 2017 10:54 pm IST

ചെറുതുരുത്തി: കണ്ണുരിലുണ്ടായ ഗോവധം കാരണം രണ്ടാഴ്ചയായി ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ് താനെന്ന് മഹാകവി അക്കിത്തം. ഈ സംഭവം തന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. ഇന്ത്യ എന്താണ് എന്ന് അറിയണമെങ്കില്‍ ഗാന്ധിജി ആരാണെന്നറിയണം. വീരപ്പന്മാരെ വളര്‍ത്തിയെടുക്കുന്ന ഒരു ചേരി നമ്മുടെ നാട്ടില്‍ സംജാതമായെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ പ്രതികരിച്ച സുഗതകുമാരിയെ സാഷ്ടാംഗം നമസ്‌കരിക്കുകയാണ്. ഇത് ഓരോ പൗരന്റെയും ദുഃഖമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. നിളാ വിചാരവേദിയുടെ നേതൃത്വത്തില്‍ നിളയോരത്ത് നാല് ദിവസങ്ങളിലായി നടക്കുന്ന നദീമഹോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന്റെ സ്വാര്‍ത്ഥതയാണ് നിളയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. കാലങ്ങളായി അധികാരികളുടെ അനാസ്ഥ നിളയുടെ നാശത്തിന് കാരണമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചെറുതുരുത്തി കൊച്ചിന്‍ പാലത്തിന് സമീപമുള്ള പാങ്ങാവ് ശിവക്ഷേത്രത്തിലെ വേദിയിലാണ് നദീ മഹോത്സവം നടക്കുന്നത്. സംഘാടക സമിതി ജനറല്‍ സെക്രട്ടറി പ്രഭാ ശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. അന്തരിച്ച കേന്ദ്രമന്ത്രി അനില്‍ മാധവ് ദവെയുടെ മരുമകള്‍ ധ്വനി ശര്‍മ്മ, മാധ്യമ പ്രവര്‍ത്തകന്‍ എം.പി.സുരേന്ദ്രന്‍, സാമവേദ ആചാര്യന്‍ തോട്ടം കൃഷ്ണന്‍ നമ്പൂതിരി, ഫാ. ജിന്റോ പരേപാടന്‍, പൈങ്കുളം നാരായണ ചാക്യാര്‍, കെ.എസ്. ഹംസ, വിശ്വനാഥപുലവര്‍, പനയൂര്‍ ഉണ്ണികൃഷ്ണന്‍, കലാമണ്ഡലം ഗോപാലകൃഷ്ണന്‍, കലാമണ്ഡലം സുജാത, പാഞ്ഞാള്‍ നാരായണന്‍, വിപിന്‍ കൂടിയേടത്ത്, വള്ളത്തോള്‍ നഗര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി. പത്മജ എന്നിവര്‍ സംസാരിച്ചു. അന്തരിച്ച കേന്ദ്രമന്ത്രി അനില്‍ മാധവ് ദവെയുടെ ഛായാചിത്രത്തില്‍ അദ്ദേഹത്തിന്റെ മരുമകള്‍ ധ്വനി ശര്‍മ്മയും, മഹാകവി അക്കിത്തവും പുഷ്പാര്‍ച്ചന നടത്തി. ചടങ്ങില്‍ രണ്ടാമത് നിളാ പുരസ്‌കാരം മഹാകവി മാധ്യമ പ്രവര്‍ത്തകനായ എം.പി സുരേന്ദ്രന് നല്‍കി. സാഹിത്യം, വൈദികം, വേദം, സംസ്‌കൃതം, നാടന്‍ കലകള്‍, അനുഷ്ഠാന കലകള്‍ എന്നിവയിലെ പ്രമുഖരെ ആദരിച്ചു, തുടര്‍ന്ന് കലാമണ്ഡലം ഗോപാലകൃഷ്ണന്‍, കലാമണ്ഡലം സുജാത എന്നിവരുടെ നേതൃത്വത്തില്‍ നിളായനം നൃത്തശില്പം അരങ്ങേറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.