ബിയര്‍ ഓകെ; ഇനി ത്രീ സ്റ്റാര്‍ ബാര്‍

Saturday 3 June 2017 12:08 am IST

തിരുവനന്തപുരം: മദ്യനയത്തില്‍ വെള്ളം ചേര്‍ക്കാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കം കരുത്താര്‍ജ്ജിച്ചു. ഇന്നലെ ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗം ത്രീ സ്റ്റാര്‍ , ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മദ്യലൈസന്‍സ് അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഈ മാസം എട്ടിനു ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ ഇക്കാര്യത്തില്‍ ധാരണയാവും. അതോടെ ബാറുകള്‍ തുറക്കാന്‍ വഴിയൊരുങ്ങും. മുന്‍പ് ദേശീയ പാതയായിരുന്ന, ഇപ്പോള്‍ ദേശീയ പാത അല്ലാതായ വഴിയോരത്തെ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ തുറക്കാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. ആ അനുമതിയുടെ പേരില്‍ ബീവറേജസിന്റെ മദ്യശാലകളും തുറക്കാന്‍ ഒരുങ്ങുകയാണ്. അതോടെ സംസ്ഥാനത്തെ മിക്ക മദ്യശാലകളും വീണ്ടും തുറക്കും. ഇതിനിടെ മദ്യശാലകള്‍ തുടങ്ങാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സമ്മതപത്രം (എന്‍ഒസി) ആവശ്യമില്ലെന്നു പരിഷ്‌കരിച്ച ഓര്‍ഡിനന്‍സ് പുറത്തിറങ്ങി. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഇന്നലെ ഓര്‍ഡിനന്‍സില്‍ ഒപ്പുവച്ചു. എക്‌സൈസ് വകുപ്പിന്റെ ലൈസന്‍സിന്റെ മാത്രം അടിസ്ഥാനത്തില്‍ പുതിയ മദ്യശാലകള്‍ തുറക്കാനും നിലവിലുള്ളവ മാറ്റിസ്ഥാപിക്കാനുമായി കേരള മുന്‍സിപ്പാലിറ്റീസ് ആക്റ്റും കേരളാ പഞ്ചായത്ത് രാജ് ആക്റ്റും ഭേദഗതി ചെയ്താണു ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. നിയമത്തില്‍ ഭേദഗതി നിര്‍ദേശിച്ച് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ കൊണ്ടുവന്ന നിര്‍ദേശം കഴിഞ്ഞ മന്ത്രിസഭ അംഗീകരിച്ചിരുന്നു. മുന്‍ യുഡിഎഫ് സര്‍ക്കാരാണ് മദ്യശാലകള്‍ സ്ഥാപിക്കാന്‍ തദ്ദേശസ്ഥാപനങ്ങളുടെ സമ്മതപത്രം നിര്‍ബന്ധമാക്കിയത്. മദ്യശാലകള്‍ തുറക്കുമെന്ന് കണ്ട് ക്രൈസ്തവസഭകളും പ്രതിപക്ഷവും സമരത്തിനൊരുങ്ങുകയാണ്. സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ.സൂസപാക്യം പറഞ്ഞു. എട്ടിന് എല്‍ഡിഎഫ്, സര്‍ക്കാര്‍ നിലപാടിനെതിരെ നിരാഹാരസമരമിരിക്കാനും സഭാമേലധ്യക്ഷന്മാരും സുഗതകുമാരിയും മദ്യവിരുദ്ധ നേതാക്കളും തീരുമാനിച്ചു. ഓര്‍ഡിനന്‍സിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും വി.എം. സുധീരനും ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഇതേ ആവശ്യവുമായി സഭാമേലധ്യക്ഷന്മാരും സുഗതകുമാരിയും മദ്യവിരുദ്ധ നേതാക്കളും ഗവര്‍ണറെ സന്ദര്‍ശിക്കുന്നതിനു തൊട്ടുമുന്‍പാണു ഓര്‍ഡിനന്‍സ് പുറത്തിറങ്ങിയത്. മദ്യവിരുദ്ധ ജനകീയ മുന്നണി ചെയര്‍മാന്‍ ബിഷ്പ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, കെസിബിസി മദ്യവിരുദ്ധസമിതി ചെയര്‍മാന്‍ ബിഷപ്പ് റെമജിയോസ് ഇഞ്ചിനായിയില്‍, സംസ്ഥാന ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതൂര്‍, ദക്ഷിണകേരളാ ഡയറക്ടര്‍ ഫാ. ജോണ്‍ അരീയ്ക്കല്‍, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, പ്രസാദ് കുരുവിള, ജോണ്‍സണ്‍ ഇടയറന്‍മുള തുടങ്ങിയവരാണ് ഗവര്‍ണറെ കണ്ടത്. ഗവര്‍ണറെ കണ്ട ബിഷപ്പ് ഡോ. സൂസൈപാക്യത്തിന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചും പ്രതിഷേധം അറിയിച്ചു. ബാറുകള്‍ തുറക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തെഴുതി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.