അങ്കമാലിയിലെ പ്രധാനമന്ത്രി

Monday 5 June 2017 8:34 am IST

അങ്കമാലിയിലെ പ്രധാനമന്ത്രിയാണെന്ന് പറഞ്ഞ ആ അമ്മാവന്റെ പേര് പിണറായിയില്‍ വിജയന്‍ എന്നാണോ? പോക്ക് കണ്ടിട്ട് ഏതാണ്ട് ആ പരുവമാണ് കേരള മുഖ്യമന്ത്രിയുടെ അവസ്ഥ. രാജ്യത്തെ മുഴുവന്‍ മുഖ്യമന്ത്രിമാരെയും തിരുവനന്തപുരത്തേക്ക് വിളിച്ച് കമ്മിറ്റി കൂടാനാണ് മുഖ്യമന്ത്രിയുടെ ഭാവം. അതിന് അദ്ദേം തച്ചിനിരുന്ന് കത്തെഴുത്താണത്രെ. പത്ത് പന്ത്രണ്ട് ഉപദേശികള്‍ക്ക് നാട്ടുകാരുടെ നികുതിപ്പണം വസൂലാക്കി ചെലവിന് കൊടുത്ത് ഒപ്പമിരുത്തിയിട്ടുണ്ട്. അതിലേത് പുമാന്റെ ഉപദേശപ്രകാരമാണ് പാവം കുണ്ടിലെ തവളയാകുന്നതെന്നാണ് പിടി കിട്ടാത്തത്. മധ്യപ്രദേശിലെ പോലീസുകാരന്‍ പറഞ്ഞത് ഭാഷ അറിയാത്തതുകൊണ്ട് മാത്രം മനസ്സിലാകാതെ രായ്ക്ക് രാമാനം നാടുവിട്ട മഹാധീരനാണ് ഇപ്പോള്‍ പല ഭാഷയില്‍ കത്തെഴുതുന്നത്. കത്ത് കിട്ടേണ്ട താമസം മുഖ്യമന്ത്രിമാരെല്ലാം വരിവരിയായി തിരുവനന്തപുരത്ത് വന്ന് വിമാനമിറങ്ങും. പിണറായി മഹാരാജാവിന്റെ തിരുമുഖം കാണാന്‍ കാത്ത് നില്‍ക്കും. തമ്പ്രാന്‍ ഒരു വശം ചരിഞ്ഞ് ഒരു എഴുന്നള്ളത്തുണ്ട്. എംപി രായപ്പന്‍ മുതല്‍ ഖദറിട്ട മാക്കുറ്റി വരെ കന്നാലിയുടെ ചോര കുടിച്ച അറവുകത്തിയും പൊക്കിപ്പിടിച്ച് അകമ്പടി സേവിക്കും. പിന്നെ യുദ്ധ പ്രഖ്യാപനമാണ്. നരേന്ദ്രമോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ പൊരിഞ്ഞ യുദ്ധം. 'ഞങ്ങള്‍ തിന്നും, ഞങ്ങള്‍ കുടിക്കും ആരുണ്ടിവിടെ ചോദിക്കാന്‍...' പിണറായീലെ പ്രധാനമന്ത്രീടെ ആഹ്വാനം കേട്ടപാടെ മാക്കുറ്റീടെ അറവുകത്തിയുമായി മുഖ്യമന്ത്രിമാരെല്ലാം കൂടി അവരവരുടെ സംസ്ഥാനങ്ങളിലേക്ക് പായും. കണ്ട നാല്‍ക്കാലികളെയെല്ലാം നടുറോഡിലിട്ട് അറത്ത് കൂട്ടും. ആ ചോര കൊണ്ട് ചെങ്കൊടി കെട്ടും. അത് പിന്നെ ചെങ്കോട്ടയില്‍ നാട്ടും. അതിന് മുകളില്‍ നിന്ന് പിണറായീലെ പ്രധാനമന്ത്രി പാര്‍ട്ടിയിലെ സകല കന്നുകാലികളെയും അഭിസംബോധന ചെയ്യും..... ബ്രണ്ണന്‍കത്തിയുടെ കെട്ടടങ്ങും മുമ്പാണ് പാവം പുതിയ തള്ളുമായി കളം നിറയുന്നത്. പിണറായിയുടെ കത്തെഴുത്ത് അറിഞ്ഞ് ആദ്യം തന്നെ അന്തം വിട്ടത് ചെന്നിത്തല രമേശന്‍ നായരാണ്. പിണറായി വിളിച്ചാല്‍ ആര് വരാനാണെന്നായിരുന്നു ചെന്നിത്തലയുടെ ആക്ഷേപം. വല്ല മണിക് സര്‍ക്കാരോ മറ്റോ വന്നാലായി. പറഞ്ഞുകേട്ടിടത്തോളം ഇത്രേം കുഴപ്പം ആ സര്‍ക്കാരിനില്ല. മാര്‍ക്‌സിസ്റ്റാണെന്ന ഒരു കുറവ് ഒഴിച്ചു നിര്‍ത്തിയാല്‍ ആള്‍ പെരുമാറ്റത്തില്‍ മാന്യനാണെന്നാണ് വെയ്പ്. സിപിഎമ്മും മാന്യതയും തമ്മില്‍ പുലബന്ധം പോലുമില്ലെന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ ഇപ്പറഞ്ഞ സര്‍ക്കാര്‍ ആ പാര്‍ട്ടിയില്‍ ഒരു അധികപ്പറ്റാണ്. അദ്ദേഹത്തെ മാറ്റിനിര്‍ത്തിയാല്‍ പാര്‍ട്ടിയിലെ അഖിലേന്ത്യന്മാരെല്ലാം പിണറായിയുടെ ചെല്ലം ചുമട്ടുകാരാണെന്നാണ് പിബിയുടെ പ്രാന്തപ്രദേശങ്ങളില്‍ നിന്ന് കേള്‍ക്കുന്ന വിവരം. കോണ്‍ഗ്രസിന്റെ കൈയുംപിടിച്ച് രാജ്യസഭയില്‍ കയറാന്‍ മുട്ടി നില്‍ക്കുന്ന യെച്ചൂരി സഖാവ് പിണറായിയുടെ അറവുകത്തി കണ്ടാണ് ഇപ്പോള്‍ അല്പം ഭയപ്പെട്ടുനില്‍ക്കുന്നത്. പിണറായിയുടെ കത്തെഴുത്തിന് ഇപ്പോഴുണ്ടായ പ്രകോപനം രാജ്യത്തെ കാലിസമ്പത്ത് സംരക്ഷിക്കാന്‍ മോദിസര്‍ക്കാര്‍ എടുത്ത ചില നിലപാടുകളാണ്. പോത്തിറച്ചി എന്ന് കേട്ടാല്‍ ആക്രാന്തം കൊണ്ട് അന്തം വിട്ടുപായുന്ന രായപ്പന്‍ സഖാവിനെപ്പോലുള്ളവര്‍ കൊമ്പുകുലുക്കി ചീറ്റുന്നത് കണ്ടാണ് പിണറായിക്ക് അപകടം മനസ്സിലായത്. കന്നുകാലികളെ സംരക്ഷിക്കുന്നതോടെ മാര്‍ക്‌സിസ്റ്റുകള്‍ മൂന്നുനേരവും മൃഷ്ടാന്നം തട്ടുന്ന പോത്തിറച്ചി കിട്ടാതാവുമെന്നാണ് കേന്ദ്രവിജ്ഞാപനം മൊത്തം വായിച്ചിട്ടും രായപ്പനും കൂട്ടര്‍ക്കും മനസ്സിലായത്. അറവുശാല മുതല്‍ സര്‍ക്കാര്‍ വിലാസം അടുക്കളകള്‍ വരെ മാരകമായ വിധത്തില്‍ മാലിന്യങ്ങള്‍ നിറഞ്ഞ കാലത്താണ് രായപ്പനും പിണറായിയും പോത്തിനെ തിന്നും എന്ന് വാശി പിടിക്കുന്നത്. മുമ്പ് കേരളാ ഹൗസില്‍ ആരുടെയോ പരാതിയുടെ പുറത്ത് ദല്‍ഹി പോലീസ് അന്വേഷണത്തിനെത്തിയെന്ന പേരില്‍ കയറ് പൊട്ടിച്ചവരാണ് ഇക്കൂട്ടര്‍. അന്ന് പിണറായി വക രോമാഞ്ചജനകമായ ഒരു പ്രസ്താവന പുറപ്പെട്ടിരുന്നു. 'കേരളീയന്റെ ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു' എന്നതായിരുന്നു ആ വിപ്ലവകടിതം. പോത്തിറച്ചിയിലാണ് മലയാളി മാര്‍ക്‌സിസ്റ്റിന്റെ ആത്മാഭിമാനം കുടികൊള്ളുന്നതെന്ന് അതില്‍ നിന്ന് വായിച്ചെടുത്ത സഖാക്കന്മാര്‍ തെരുവിലെല്ലാം ഇറച്ചിക്കടകള്‍ തുറന്നു. നടു റോഡില്‍ ഇറച്ചി പാകം ചെയ്തു. പള്ളിക്കൂടവരാന്തകളില്‍, എന്തിന് സാക്ഷാല്‍ ഗുരുവായൂരപ്പന്റെ സ്വന്തം കോളേജില്‍ വരെ ഈ പടപ്പുകള്‍ പോത്തിനെ വെട്ടി കറി വെച്ചു. പ്രതികരിച്ചാല്‍ മതേതരത്വം കപ്പല്‍ കയറുമോ എന്ന് ഭയന്ന് പലരും ഫേസ് ബുക്കിലും ട്വിറ്ററിലും സംഭവം കരഞ്ഞു തീര്‍ത്തു. ഇപ്പോള്‍ കേന്ദ്രവിജ്ഞാപനത്തിന്റെ പേരും പറഞ്ഞ് പോത്തുത്സവങ്ങളുമായി പിണറായി രാജാവിന്റെ നാട്ടിലെ തിന്നുന്ന മന്ത്രിമാരും ഖദറിട്ട അറവുകാരും നിരത്തുകളിലാകെ നിരങ്ങുകയാണ്. കലാപം സൃഷ്ടിക്കുക എന്ന ആസൂത്രണ ബുദ്ധിയോടെ റംസാനെത്തും മുമ്പ് ബീഫിന് വിലക്കെന്ന് പ്രചരിപ്പിച്ചു. വിശ്വാസികള്‍ റംസാന്‍ നൊയമ്പെടുക്കുന്നത് തന്നെ പോത്തിനെ തിന്നാനാണെന്ന മട്ടിലായിരുന്നു പിണറായിക്കുഞ്ഞുങ്ങളുടെ നുണപ്രചാരണം. ആര്‍ജവമുള്ള മുസ്ലീം സഹോദരങ്ങള്‍ അതിനെതിരെ പറഞ്ഞു. ഞങ്ങളുടെ ചെലവില്‍ വേണ്ട അഭ്യാസം എന്ന് പറഞ്ഞ അവരെ ആരും കേള്‍ക്കാന്‍ തയ്യാറായില്ല. പകരം മാക്കുറ്റിമാരുടെയും രായപ്പന്മാരുടെയും അറവുശാലകള്‍ക്കുപിന്നാലെ മൈക്കും ക്യാമറയും നീങ്ങി. അന്തിച്ചര്‍ച്ചകളില്‍ പലരും മതേതരന്മാരാകാന്‍ വല്ലാതെ പാടുപെട്ടു. കൃഷി നടത്താനിറങ്ങിയ മന്ത്രി 'കന്നുകാലികളെ കൃഷിക്കുപയോഗിക്കുന്നില്ലല്ലോ കേരളത്തില്‍' എന്ന് ലോലമാനസനായി. 'കൊന്നോളൂ, തിന്നോളൂ. കൃഷിയല്ലേ കന്നുകാലി സംരക്ഷണമല്ലേ' എന്ന് പലരും പാകമാകാത്ത മതേതരക്കുപ്പായമിട്ട് അമറിക്കരഞ്ഞു. കേരളത്തിലെ ആര്‍ത്തിപ്പണ്ടാരങ്ങളുടെ വറചട്ടിയിലേക്ക് വീഴാനുള്ളതാണ് കന്നുകാലി ജീവിതങ്ങളെന്ന് എല്ലാവരും ഐക്യദാര്‍ഢ്യപ്പെട്ടു. അതിന്റെ രോമാഞ്ചത്തിലാണ് പിണറായി വിജയന്‍ കത്തെഴുത്ത് തുടങ്ങിയത്. ഗോവധനിരോധനം അങ്ങ് വടക്ക് നടക്കുമായിരിക്കും. ഇത് നാട് വേറെയാണെന്നാണ് തൂണിനുപോലും കൊള്ളാത്ത ബ്രണ്ണന്മാരുടെ ആക്രോശം. കത്തെഴുതിയും തള്ള് പറഞ്ഞും മടുക്കുമ്പോള്‍ കാര്‍ഷികകേരളം മുന്നോട്ടുവെച്ച പഴയ ആവശ്യവും സമരചിത്രങ്ങളും മറിച്ച് നോക്കണം. അതില്‍ ലക്ഷങ്ങള്‍ ഒപ്പുവെച്ച ആ കടലാസുണ്ടാവും, 'രാജ്യമൊട്ടാകെ സമ്പൂര്‍ണ ഗോവധ നിരോധനം നടപ്പാക്കണം.' ഗോമാതാവെന്ന് പറഞ്ഞാല്‍ പറയുന്നവന്‍ പ്രാകൃതനാണ് പോലും. മനുഷ്യന് തിന്നാന്‍ കര്‍ത്താവുണ്ടാക്കിയ പടപ്പുകളാണ് കന്നുകാലികളെന്ന് പുരപ്പുറത്ത് കയറി വിളിച്ചുകൂവുന്നവന്‍ മതേതരനും പുരോഗമനവാദിയും. ഗോവധനിരോധനം ആര്‍ എസ് എസ് അജണ്ടയും അത് നടപ്പാക്കലാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്നുമാണ് മാര്‍ക്‌സിയന്‍ ആമാശയവാദികളുടെ ആക്രോശം. ആര്‍എസ്എസുകാരനായ മോദി സിപിഎം അജണ്ട നടപ്പാക്കാനാണ് പ്രധാനമന്ത്രി ആയതെന്നാണ് പിണറായിയും പിള്ളേരും വിചാരിച്ചത്. ആര്‍എസ്എസ് അജണ്ടയില്‍ രാഷ്ട്രം മാത്രമാണ് പ്രധാനം. മതമോ വോട്ടോ രാഷ്ട്രീയമോ പോലും അതിനെ ബാധിക്കില്ല. വോട്ട് നാല് കിട്ടിയേക്കും എന്ന് കരുതി കാലിച്ചന്ത, കശാപ്പുശാല തുടങ്ങി വല്ലാണ്ട് ബുദ്ധിമുട്ടി മയപ്പെടുത്താന്‍ നില്‍ക്കുന്നവര്‍ അമ്പതുകളില്‍ രാജ്യത്ത് ആളിപ്പടര്‍ന്ന ഗോഹത്യാ നിരോധന പ്രസ്ഥാനത്തിന്റെ ചരിത്രം കേരളത്തോട് പറയണം. മന്നത്ത് പത്മനാഭനും കെ. കേളപ്പനും നയിച്ച സമരത്തിന്റെ ചൂടെന്തായിരുന്നുവെന്ന് ചൂണ്ടിക്കാട്ടണം. പയ്യോളിയില്‍ വെട്ടിനുറുക്കപ്പെട്ട കണ്ണന്‍ ഗുമസ്തന്റെ ചോരത്തുള്ളികള്‍ തീര്‍ത്ത ചരിത്രം ഈ നാടിനെ ഓര്‍മ്മിപ്പിക്കണം. എന്നിട്ട് പറയണം ഗോവധം അനുവദിക്കില്ലെന്ന്. ഇഷ്ടമുള്ളത് കഴിക്കുമത്രെ. മതത്തിനെതിരായ കടന്നുകയറ്റമാണ് പോലും. ഭക്ഷണം ജീവന്‍ നിലനിര്‍ത്താനും ആരോഗ്യം സംരക്ഷിക്കാനുമാണ്. അതിന് രണ്ടിനും മാംസഭക്ഷണം നന്നല്ലെന്ന് ബോധമുള്ളവര്‍, ഏത് മതത്തില്‍പ്പെട്ടവരായാലും സമ്മതിക്കും. എന്തായാലും കത്തെഴുത്ത് നടക്കട്ടെ. ആ പണിയെങ്കിലും രായപ്പനെ ഏല്‍പിക്കരുത്. മണിക് സര്‍ക്കാരിന് പോലും സംഭവം പിടികിട്ടിയെന്ന് വരില്ല.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.