വോട്ടെടുപ്പ് ആവശ്യവുമായി പ്രതിപ്രക്ഷ പ്രതിഷേധം

Saturday 3 June 2017 9:32 pm IST

തൃശൂര്‍: മിനിറ്റ്‌സ് തിരുത്തല്‍ വിവാദത്തിന് ശേഷമുള്ള ആദ്യ കൗണ്‍സില്‍ യോഗത്തിലും വോട്ടെടുപ്പ് ആവശ്യവുമായുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ കൗണ്‍സില്‍ ബഹളത്തിലായി. അജണ്ടയിലെ 11 ഇനങ്ങള്‍ പ്രതിപക്ഷത്തിന്റെ വോട്ടെടുപ്പ് ആവശ്യത്തെ തുടര്‍ന്ന് റദ്ദാക്കി. അജണ്ടയിലെ ഒരിനത്തെ കുറിച്ചുള്ള മറുപടിക്കിടെ വോട്ടെടുപ്പാവാമെന്ന മേയര്‍ അജിത ജയരാജന്റെ 'നാക്കുപിഴ' ഭരണപക്ഷത്തെ വെട്ടിലാക്കി. അവസരം മുതലെടുത്ത പ്രതിപക്ഷം ആവശ്യം ഏറ്റുപിടിച്ച് രംഗത്തിറങ്ങി. ഇതിനിടെ തനിക്ക് തെറ്റുപറ്റിയതാണെന്നും വോട്ടെടുപ്പല്ല, അജണ്ട റദ്ദാക്കുന്നുവെന്നും മേയര്‍ പറഞ്ഞുവെങ്കിലും പ്രതിപക്ഷം മേയറെ വളഞ്ഞ് ബഹളത്തിലായി. ഇതോടെ ഭരണപക്ഷാംഗങ്ങളും നടുത്തളത്തിലിറങ്ങിയതോടെ ബഹളത്തിനിടെ മറ്റ് അജണ്ടകള്‍ വായിച്ച് അംഗീകരിച്ചതായി അറിയിച്ച് മേയര്‍ യോഗം പിരിച്ചു വിട്ടു. വോട്ടെടുപ്പ് ആവശ്യം ഉറപ്പിച്ചായിരുന്നു പ്രതിപക്ഷം കൗണ്‍സിലിനെത്തിയത്. പൊതുചര്‍ച്ചയില്ലാതെ തന്നെ അജണ്ടയിലേക്ക് കടന്നു.ആദ്യ അജണ്ടയില്‍ തന്നെ വോട്ട് വേണമെന്ന് പ്രതിപക്ഷം ഉന്നയിച്ചു. മേയറുടെ നാക്കുപിഴയിലൂടെയുണ്ടായ ബഹളം പിന്നീട് ഉന്തിലും തളളിലുമെത്തി. ബഹളത്തിനിടെ 13 മുതല്‍ 93 വരെയുളള അജന്‍ഡകള്‍ ഗില്ലറ്റിന്‍ ചെയ്ത് അംഗീകരിച്ചതായി പിന്നീട് മേയര്‍ അറിയിച്ചു. എന്നാല്‍ ഇതിനെതിരേ പരാതി നല്‍കുമെന്ന് പ്രതിപക്ഷവും വ്യക്തമാക്കി. ഇടതുപക്ഷ അംഗങ്ങള്‍ യോഗം പിരിച്ചുവിടാന്‍ പരമാവധി പ്രകോപനമുണ്ടാക്കാന്‍ തുടക്കത്തിലേ നോക്കിയെങ്കിലും പ്രതിപക്ഷം തന്ത്രപൂര്‍വ്വം ഒഴിഞ്ഞുമാറി. വോട്ടെടുപ്പ് നിര്‍ദേശം ആവര്‍ത്തിച്ച് അവര്‍ ഭരണപക്ഷത്തെ നേരിട്ടു. ബി.ജെ.പി അംഗങ്ങള്‍ പതിവുയോഗങ്ങള്‍ക്കനുസരിച്ച് പൊതുചര്‍ച്ച വേണമെന്ന ആവശ്യവമായി നടുത്തളത്തിലിറങ്ങിയെങ്കിലും ആദ്യം അജണ്ട കഴിഞ്ഞശേഷം ചര്‍ച്ചയാകാമെന്നു ഭരണപക്ഷം നിലപാടെടുത്തു. മേയറെ ഭരണപക്ഷവും ഡെപ്യൂട്ടി മേയറും ഭീഷണിപ്പെടുത്തുകയാണെന്നും കൗണ്‍സില്‍ യോഗത്തില്‍ ബെല്‍ അടിക്കാനുള്ള അധികാരം മാത്രമാണ് മേയര്‍ക്ക് സി.പി.എം നല്‍കിയിട്ടുള്ളു എന്നും എ.പ്രസാദ് കൗണ്‍സിലില്‍ പറഞ്ഞു. കൗണ്‍സില്‍ ക്‌ളര്‍ക്കിനെ നീക്കിനിര്‍ത്തിയശേഷം സി.പി.എം അനുകൂല ജീവനക്കാരുടെ സംഘടനയായ കെ.എം.സി.എസ്.യു ജില്ലാപ്രസിഡന്റ് ഗഫൂര്‍ ആണ് അജണ്ടവായിച്ചതെന്നും ഇതു ക്രമവിരുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് എം.കെ.മുകുന്ദന്‍ പിന്നീട് കുറ്റപ്പെടുത്തി. മിനിറ്റ്‌സില്‍ കളവായി എഴുതിയ തീരുമാനം തിരുത്തും വരെ പ്രതിപക്ഷം നടപടികളില്‍ സഹകരിക്കില്ലെന്നും അറിയിച്ചു. അജണ്ട വായിക്കാന്‍ കൗണ്‍സില്‍ ചട്ടമനുസരിച്ച് ആരോടും നിര്‍ദേശിക്കാന്‍ മേയര്‍ക്ക് അധികാരമുണ്ടെന്ന് ഡെപ്യൂട്ടിമേയര്‍ വര്‍ഗീസ് കണ്ടംകുളത്തി വ്യക്തമാക്കി. കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ഡി.സി.സി വിപ്പ് നല്‍കിയിരുന്നുവെങ്കിലും എ ഗ്രൂപ്പ് ഇത് തള്ളി. മുന്‍ മേയര്‍ രാജന്‍ പല്ലനും, ഡി.സി.സി ജനറല്‍ സെക്രട്ടറിയായ ജോണ്‍ ഡാനിയേലും, ഷോമി ഫ്രാന്‍സീസും കൗണ്‍സിലില്‍ പങ്കെടുത്തില്ല. ബി.ജെ.പി അംഗങ്ങളില്‍ എം.എസ്. സമ്പൂര്‍ണ്ണയും, സി.പി.എമ്മിലെ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.ശ്രീനിവാസനും, അനൂപ് ഡേവിഡ് കാടയും കൗണ്‍സിലില്‍ പങ്കെടുത്തിരുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.