അരുണന്‍ എംഎല്‍എയ്ക്ക് പരസ്യ ശാസന

Saturday 3 June 2017 10:58 pm IST

തൃശൂര്‍: സേവാഭാരതി സംഘടിപ്പിച്ച പാഠപുസ്തക വിതരണ ചടങ്ങില്‍ പങ്കെടുത്ത ഇരിങ്ങാലക്കുട എംഎല്‍എ കെ.യു. അരുണന് പാര്‍ട്ടിയുടെ പരസ്യ ശാസന. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്ന് അരുണന് പരസ്യശാസന നല്‍കിയതെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. അരുണനെതിരെ നടപടിയെടുക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തിന് ഈ നിര്‍ദ്ദേശം നല്‍കിയിരുന്നു. നടപടി എന്തെന്ന്് ജില്ലാനേതൃത്വത്തിന് തീരുമാനിക്കാമെന്നായിരുന്നു സംസ്ഥാന നിര്‍ദ്ദേശം. അതനുസരിച്ചാണ് പരസ്യശാസന. പരിപാടിയില്‍ പങ്കെടുത്തത് തെറ്റായിപ്പോയെന്നും തെറ്റിദ്ധരിക്കപ്പെട്ടെന്നുമുള്ള എം.എല്‍.എയുടെ വിശദീകരണം അംഗീകരിക്കാമെന്നും ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തി. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പൊതുവായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുള്ളതാണെന്നും ഇത് എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെട്ട ജനപ്രതിനിധികള്‍ക്കും ബാധകമാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ 31നാണ് പുല്ലൂര്‍ ഊരകത്ത് നടന്ന പഠനോപകരണ വിതരണ ചടങ്ങില്‍ എംഎല്‍എ സംബന്ധിച്ചത്. ആര്‍.എസ്.എസ്. ഊരകം ശാഖയുടെ സേവ് പ്രമുഖായി പ്രവര്‍ത്തിച്ചിരുന്ന പി.എസ്.ഷൈനിന്റെ സ്മരണയ്ക്കായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ പങ്കെടുത്തത് വിവാദമാവുകയും അരുണന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തുകയും ചെയ്തതിനെത്തുടര്‍ന്നാണ് അരുണനെതിരെ നടപടിയെടുക്കാന്‍ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.