കന്നുകാലി കശാപ്പ് നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കും: കേന്ദ്രം

Sunday 4 June 2017 11:55 pm IST

ന്യൂദല്‍ഹി: കാലിച്ചന്തകളില്‍ കശാപ്പിന് കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ച് പുറത്തിറക്കിയ വിജ്ഞാപനത്തെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ദ്ധനാണ് ഇക്കാര്യം അറിയിച്ചത്. വിജ്ഞാപനത്തെ ബീഫ് നിരോധനമാക്കി ചിത്രീകരിച്ച് വ്യാജ പ്രചാരണം നടത്തുകയാണെന്ന് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു. കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിനോ ബീഫ് കഴിക്കുന്നതിനോ നിയന്ത്രണമില്ല. തെറ്റിദ്ധാരണകളും ആശങ്കകളും സര്‍ക്കാര്‍ പരിഹരിക്കും. വിവിധ മേഖലകളിലുള്ളവര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യും. ഇക്കാര്യത്തില്‍ തുറന്ന മനസ്സാണുള്ളത്. വിഷയം അഭിമാന പ്രശ്‌നമായി സര്‍ക്കാര്‍ കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരവ് പുനഃപരിശോധിക്കുമെന്ന സൂചനയായി ഹര്‍ഷവര്‍ദ്ധന്റെ പ്രതികരണം വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിന് സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ഒരു മാസത്തിലധികമായി വിജ്ഞാപനമുണ്ട്. ഇതിനെ വളച്ചൊടിച്ച് പ്രചാരണം നടത്തുകയാണ്. ചന്തകളില്‍ കന്നുകാലികളെ കശാപ്പിനായി വില്‍ക്കുകയോ വാങ്ങുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുക മാത്രമാണ് ലക്ഷ്യം. ഏതെങ്കിലും വിഭാഗത്തെയോ ഭക്ഷണ ശീലത്തെയോ ഇറച്ചി വ്യവസായത്തെയോ എതിര്‍ക്കലല്ല ഉദ്ദേശ്യം, ഹര്‍ഷവര്‍ദ്ധന്‍ വിശദീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.