ഇടുക്കി: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ലോക പരിസ്ഥിതി ദിനമായ ഇന്ന് ജില്ലയില്‍ 3.50 ലക്ഷം വൃക്ഷത്തൈകള്‍ നടും. സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍, യുവജന സംഘടനകള്‍, മതസ്ഥാപനങ്ങള്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് വനംവകുപ്പ് നഴ്സറികളില്‍ നിന്നും സൗജന്യമായി വൃക്ഷത്തൈകള്‍ നല്കി.
പരിസ്ഥിതി ദിനത്തില്‍ ജീവനക്കാര്‍ ഓഫീസുകുളില് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. കളക്ട്രേറ്റ് അങ്കണത്തില്‍ സിവില്‍ സ്റ്റേഷനിലെ എല്ലാ ഓഫീസ് ജീവനക്കാരുടെയും നേതൃത്വത്തില്‍ ഓഫീസും പരിസരവും വൃത്തിയാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ജില്ലാകളക്ടര്‍ നിര്‍ദ്ദേശം നല്കി. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സിവില്‍ സ്റ്റേഷന് അങ്കണത്തില്‍ വനംവകുപ്പ് സാമൂഹിക വനവത്ക്കരണ വിഭാഗം ലഭ്യമാക്കിയ തൈകള്‍ നടും.
ലോക പരിസ്ഥിതി ദിനാഘോഷം ജില്ലാതല പരിപാടികള്‍ രാവിലെ 10.30ന് കുമളി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കറി സ്കൂളില്‍ ഇ.എസ്. ബിജിമോള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ജയിംസ് അധ്യക്ഷയായിരിക്കും. വൃക്ഷത്തൈ നടീല്‍, വൃക്ഷത്തൈ വിതരണം, വനമിത്ര പുരസ്കാര വിതരണം, ബോധവല്‍ക്കരണ ക്ലാസുകള്‍, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവ പരിപാടിയോടനുബന്ധിച്ച് ഉണ്ടാകും.
ഇടുക്കി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സാജു വര്‍ഗ്ഗീസ്, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ജേക്കബ്, ജില്ലാ പഞ്ചായത്തംഗം കുഞ്ഞുമോള്‍ ചാക്കോ, അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എ. അബ്ദുള്‍ റസാഖ്, കുമളി ഗ്രാമപഞ്ചായത്തംഗം മാരി ആസ്പിന്‍, അസി. ഫീല്‍ഡ് ഡയറക്ടര്‍ മനു സത്യന്, കുമളി ജി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ ലാലുകുമാര്‍ സി, പെരിയാര്‍ ഈസ്റ്റ് ഡിവിഷന് എഫ്ഡിഎ പ്രതിനിധി ഷാജി കുരിശുംമൂട്ടില്‍, കട്ടപ്പന സോഷ്യല്‍ ഫോറസ്ട്രി റെയ്ഞ്ച് ഓഫീസര്‍ ജി. ജയചന്ദ്രന് തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: