ബീഹാറിലെ റാങ്കുകാര്‍ പണം തട്ടിപ്പ് കേസിലും പ്രതി

Sunday 4 June 2017 10:13 pm IST

പാട്‌ന: ബീഹാറില്‍ പ്ലസ്ടു ആര്‍ട്‌സിലെ ഒന്നാം 'റാങ്കുകാരന്‍' ഝാര്‍ഖണ്ഡില്‍ 15 ലക്ഷത്തിന്റെ വെട്ടിപ്പ് നടത്തിയെന്ന കേസിലും പ്രതി. ബീഹാര്‍ സ്‌കൂള്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് (ബിഎസ്ഇബി) നടത്തുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ വയസ്സ് തിരുത്തിയെന്ന കുറ്റത്തില്‍ അറസ്റ്റിലായ ഗണേഷ് കുമാറാണ് പണം തട്ടിപ്പ് കേസിലും പ്രതിയെന്ന് കണ്ടെത്തിയിരിക്കുന്നത്. 2013ല്‍ ഝാര്‍ഖണ്ഡിലെ ഗിരിധില്‍ കൊല്‍ക്കത്ത കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചിട്ടിക്കമ്പനിയില്‍ ജീവനക്കാരനായിരുന്നു ഗണേഷ്. ചിട്ടിക്കമ്പനി ജനങ്ങളില്‍ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുക്കയും പണത്തിനായി ആളുകള്‍ ഇയാളെ സമീപിക്കാനും തുടങ്ങിയതോടെ പാട്‌നയിലേക്ക് കടക്കുകയായിരുന്നു. അതിനുശേഷം 2015ലാണ് ഇയാള്‍ പ്ലസ്ടു ആര്‍ട്‌സില്‍ ഒന്നാമതായി പാസാവുന്നത്. ബിഎസ്ഇബിക്ക് സമര്‍പ്പിച്ച രേഖകളില്‍ സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനായി ഗണേഷ് 18 വയസ് കുറച്ചാണ് നല്‍കിയത്. ഇത് കണ്ടത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇയാളുടെ റിസള്‍ട്ട് റദ്ദാക്കിയിരുന്നു. അതേസമംയ 2015ല്‍ ഗണേഷ് എഴുതിയ 10, 12 ക്ലാസുകളിലെ പൊതുപരീക്ഷയെ കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു. വഞ്ചന, ചതി, രേഖകളില്‍ തിരിമറി തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജനന തീയതി തിരുത്തിയതിന് ബിഎസ്ഇബി സെക്ഷന്‍ ഓഫീസര്‍ ബിപിന്‍ കുമാര്‍ നല്‍കിയ പരാതിയില്‍ ജൂണ്‍ 2ന് കോട്‌വാലി പോലീസ് സ്‌റ്റേഷനിലും ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. നിലവില്‍ ഗണേഷിനെ പാട്‌ന സിജെഎം കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.