അങ്കണവാടി ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കും

Sunday 4 June 2017 10:16 pm IST

കണ്ണൂര്‍: സംസ്ഥാനത്തെ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും പ്രത്യേക ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഒന്നാംവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച സാമൂഹ്യക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തുടക്കത്തില്‍ ഒരു വര്‍ഷം 25000 രൂപ വരെ ചികില്‍സാ സഹായം ലഭ്യമാക്കുന്ന തരത്തിലായിരിക്കും പദ്ധതി. പ്രീമിയം തുക സര്‍ക്കാര്‍ അടക്കും. അങ്കണവാടിയെ സ്ഥിരം സംവിധാനമായി മാറ്റിയെടുക്കാനാണ് ശ്രമിക്കുന്നത്. സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും പ്രത്യേക പാഠ്യപദ്ധതി രൂപീകരിക്കുകയും ചെയ്ത് പ്രീ സ്‌കൂള്‍ തലത്തിലേക്ക് മാറ്റും. ഇതിന്റെ ഭാഗമായി അടുത്തവര്‍ഷം മുതല്‍ കുട്ടികള്‍ക്ക് പ്രത്യേക യൂനിഫോം വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. സാമൂഹിക നീതി വകുപ്പിന്റെ പുതിയ വെബ്‌സൈറ്റ് (www.sjd.kerala.gov.in) ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. കഴിഞ്ഞ വര്‍ഷം ഐസിഡിഎസ് പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ നെടുമങ്ങാട് ബ്ലോക്കിനും ഓരോ ജില്ലയിലെയും ഐസിഡിഎസ് പ്രവര്‍ത്തനങ്ങളില്‍ മികച്ച സേവനം കാഴ്ചവച്ച ഗ്രാമപഞ്ചായത്തുകള്‍ക്കും മികച്ച ബാലസഭാ പ്രവര്‍ത്തനങ്ങള്‍ക്ക് ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ നേടിയ കൊല്ലം, മലപ്പുറം ജില്ലകള്‍ക്കുമുള്ള അവാര്‍ഡുകളും മന്ത്രി വിതരണം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.