ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സ്: ചിത്രക്കും ജിന്‍സണും സ്വര്‍ണ്ണം

Sunday 4 June 2017 11:27 pm IST

പാട്യാല: 21-ാമത് ഫെഡറേഷന്‍ കപ്പ് ദേശീയ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ അവസാന ദിനം കേരളത്തിന് രണ്ട് വീതം സ്വര്‍ണ്ണവും വെള്ളിയും മൂന്ന് വെങ്കലവും. പുരുഷ-വനിതാ 1500 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സണും പി.യു. ചിത്രയുമാണ് സ്വര്‍ണ്ണത്തിന് അവകാശികള്‍. പുരുഷന്മാരുടെ ട്രിപ്പിള്‍ജമ്പില്‍ യു. കാര്‍ത്തിക്, 10000 മീറ്ററില്‍ ടി. ഗോപി എന്നിവര്‍ വെള്ളി നേടി. പുരുഷ-വനിതാ 100 മീറ്ററില്‍ അനുരൂപ് ജോണ്‍, മെര്‍ലിന്‍ കെ. ജോസഫ്, പുരുഷന്മാരുടെ 400 മീറ്ററില്‍ സച്ചിന്‍ റോബി, വനിതകളുടെ ഹെപ്റ്റാത്‌ലണില്‍ ലിക്‌സി ജോസഫ് എന്നിവരാണ് വെങ്കലം നേടിയത്. പുരുഷന്മാരുടെ 1500 മീറ്ററില്‍ 3:48.49 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ജിന്‍സണ്‍ ജോണ്‍സണ്‍ സ്വര്‍ണ്ണം നേടിയത്. വനിതകളില്‍ സ്വര്‍ണ്ണം നേടിയ പി.യു. ചിത്ര 4:26.48 സെക്കന്റിലാണ് ഫിനിഷ് ലൈന്‍ കടന്നത്. മീറ്റിലെ വേഗമേറിയ താരങ്ങളായി വനിതാ വിഭാഗത്തില്‍ ദേശീയ ചാമ്പ്യന്‍ ഒഡീഷയുടെ ദ്യുതി ചന്ദും പുരുഷ വിഭാഗത്തില്‍ അമിയ കുമാര്‍ മല്ലിക്കും തെരഞ്ഞെടുക്കപ്പെട്ടു. 10.51 സെക്കന്റിലാണ് അമിയ കുമാര്‍ മല്ലിക്ക് ഫിനിഷ് ലൈന്‍ തൊട്ടത്. ആന്ധ്രയുടെ ജ്യോതിശങ്കര്‍ ദേബ്‌നാഥ് വെള്ളി നേടിയപ്പോള്‍ കേരളത്തിന്റെ അനുരൂപ് ജോണ്‍ 10.60 സെക്കന്റിലാണ് വെങ്കലം നേടിയത്. കഴിഞ്ഞ ദിവസം 200 മീറ്ററിലും സ്വര്‍ണ്ണം നേടിയ അമിയ കുമാര്‍ സ്പ്രിന്റ് ഡബിള്‍ സ്വന്തമാക്കി. വനിതാ വിഭാഗത്തില്‍ ശ്രബാനി നന്ദയെ വെള്ളിയിലേക്ക് പിന്തള്ളിയാണ് ദേശീയ റെക്കോര്‍ഡിന് ഉടമയായ ദ്യുതി ചന്ദ് പൊന്നണിഞ്ഞത്. 11.48 സെക്കന്റിലാണ് ദ്യുതി ഫിനിഷ് ചെയ്തത്. 1 11.68 സെക്കന്റില്‍ മെര്‍ലിന്‍ കെ. ജോസഫ് വെങ്കലം നേടി. 200 മീറ്ററില്‍ ദ്യൂതിക്ക് വെള്ളിയായിരുന്നു. മീറ്റിന്റെ അവസാന ദിനം ഒരു ദേശീയ റെക്കോര്‍ഡും ഒരു മീറ്റ് റെക്കോര്‍ഡും പിറന്നു. വനിതകളുടെ ജാവലിന്‍ ത്രോയില്‍ ഉത്തര്‍പ്രദേശിന്റെ അനു റാണിയാണ് പുതിയ ദേശീയ റെക്കോര്‍ഡിന് അവകാശി. 61.86 മീറ്റര്‍ എറിഞ്ഞ അനു കഴിഞ്ഞ വര്‍ഷം താന്‍ തന്നെ സ്ഥാപിച്ച 60.01 മീറ്ററിന്റെ റെക്കോര്‍ഡാണ് തിരുത്തിയത്. വനിതകളുടെ 400 മീറ്ററില്‍ കര്‍ണാടകയുടെ എം.ആര്‍. പൂവമ്മയെ വെള്ളിയിലേക്ക് പിന്തള്ളി ഹരിയാനയുടെ നിര്‍മല മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടി. കേരളത്തിന്റെ പ്രതീക്ഷയായിരുന്നു ജിസ്‌ന മാത്യു അഞ്ചാമതാണ് ഫിനിഷ് ചെയ്തത്. പുരുഷ-വനിതാ 10000 മീറ്ററില്‍ പൊന്നണിഞ്ഞ് ജി. ലക്ഷ്മണനും എല്‍. സൂര്യയും ഇരട്ട സ്വര്‍ണ്ണം തികഞ്ഞു. ആദ്യ ദിവസം 5000 മീറ്ററിലും ഇരുവരും ഒന്നാമതെത്തിയിരുന്നു. 800 മീറ്ററില്‍ സ്വര്‍ണ്ണം നേടിയ ദല്‍ഹിയുടെ അമോജ് ജേക്കബ് ഇന്നലെ 400 മീറ്ററിലും ഒന്നാമതെത്തി ഇരട്ട സ്വര്‍ണ്ണത്തിന് അവകാശിയായി. 46.87 സെക്കന്റില്‍ ഓടിയെത്തിയാണ് സച്ചിന്‍ റോബി കേരളത്തിനായി വെങ്കലം നേടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.