സിയാല്‍ അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ ഒരുങ്ങുന്നു

Sunday 8 July 2012 11:26 pm IST

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ 30 കോടി രൂപ ചെലവഴിച്ച്‌ അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ സജ്ജമാകുന്നു. ഈ സംവിധാനങ്ങള്‍ സജ്ജമാകുന്നതോടെ രാജ്യത്തെ ഏറ്റവും കുറ്റമറ്റ സുരക്ഷാ നിരീക്ഷണ സംവിധാനങ്ങളുള്ള വിമാനത്താവളങ്ങളുടെ നിരയിലേക്ക്‌ കൊച്ചി വിമാനത്താവളവും ഉയരും. അത്യാധുനിക സുരക്ഷാ സംവിധാനമായ പെരിമീറ്റര്‍ ഇന്‍ട്രൂഷന്‍ ഡിറ്റക്ഷന്‍ സിസ്റ്റം വിമാനത്താവളത്തില്‍ സജ്ജീകരിക്കുന്നതിനായി ബ്യൂറോ ഓഫ്‌ സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ അനുമതി തേടിയിരിക്കുകയാണ്‌ സിയാല്‍. വിമാനത്താവള പരിസരത്തെ ഏതൊരു അനധികൃത കടന്നു കയറ്റവും അതിസൂക്ഷ്മമായി കണ്ടെത്തുന്ന പൂര്‍ണമായും കമ്പ്യൂട്ടര്‍വത്കൃതമായ ഈ സംവിധാനം സ്ഥാപിക്കുന്നതിന്‌ 25 കോടിയോളം രൂപ ചെലവു വരും. സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിമാനത്താവളത്തില്‍ ചുറ്റുമതിലിനു മുകളില്‍ രണ്ടുനിര കണ്‍സേര്‍ട്ടിന കോയിലുകള്‍ സ്ഥാപിച്ചിട്ടുണ്ട്‌. പ്രധാനമായും ഓപ്പറേഷണല്‍ ഏരിയയുടെ ചുറ്റുമുള്ള മതിലില്‍ ആണ്‌ 11.5 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ കോയില്‍ സ്ഥാപിച്ചിരിക്കുന്നത്‌. ബ്യൂറോ ഓഫ്‌ സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായിട്ടാണ്‌ സുരക്ഷാസംവിധാനങ്ങള്‍ വിപുലീകരിച്ചതെന്ന്‌ സിയാല്‍ എം.ഡി. വി. ജെ. കുര്യന്‍ പറഞ്ഞു. ഒന്നര കോടിയോളം രൂപ ചെലവഴിച്ച്‌ കണ്‍സേര്‍ട്ടിന കോയില്‍ സ്ഥാപിച്ചത്‌ ബിസിഎഎസ്‌ ഉന്നത ഉദ്യോഗസ്ഥര്‍ എത്തി വിലയിരുത്തി തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്‌. മൂങ്ന്‍ഘട്ടമായാണ്‌ ഈ ജോലികള്‍ പൂര്‍ത്തിയാക്കിയത്‌. രണ്ടാംഘട്ടം പൂര്‍ത്തിയായപ്പോള്‍തന്നെ ബ്യൂറോ ഓഫ്‌ സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി നിഷ്കര്‍ഷിച്ച മാനദണ്ഡങ്ങള്‍ പ്രകാരമുള്ള സുരക്ഷാ കോയില്‍ സ്ഥാപിച്ചു കഴിഞ്ഞിരുന്നുവെങ്കിലും അതീവ സുരക്ഷാ പ്രാധാന്യം കണക്കിലെടുത്ത്‌ മറ്റൊരു നിര കോയില്‍ സ്ഥാപിക്കുകയായിരുന്നുവെന്ന്‌ വി. ജെ. കുര്യന്‍ അറിയിച്ചു. ഏകദേശം 1.25 കോടി രൂപയാണ്‌ ഇതിനായി ചെലവഴിച്ചത്‌. ഇതോടൊപ്പം തന്നെ സാങ്കേതിക കാരണങ്ങള്‍ ഈ കോയില്‍ സ്ഥാപിക്കാന്‍ കഴിയാത്ത ഭാഗങ്ങളില്‍ ഇപ്പോഴുള്ള മതിലിനു പുറമെ മറ്റൊരു മതില്‍ കൂടി നിര്‍മ്മിച്ചിട്ടുണ്ട്‌. അത്യാധുനിക സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്‌. രണ്ട്‌ കോടി രൂപ ചെലവഴിച്ചാണിത്‌. എയര്‍സൈഡ്‌, സിറ്റിസൈഡ്‌ ഏരിയകള്‍, 24 മണിക്കൂറും ക്ലോസ്ഡ്‌ സര്‍ക്യൂട്ട്‌ ടിവിയുടെ പൂര്‍ണ നിരീക്ഷണത്തിലാണ്‌. ഇത്‌ സി.ഐ.എസ്‌.എഫിന്റെ കമാന്‍ഡ്‌ കണ്‍ട്രോള്‍ സെന്ററില്‍ സമഗ്രമായ നിരീക്ഷണത്തിലായതിനാല്‍ അനധികൃത കടന്നു കയറ്റങ്ങള്‍ പിടിക്കപ്പെടും. ഇതോടൊപ്പം ഒരു കോടി രൂപ ചെലവഴിച്ച്‌ എല്‍ഇഡി ലൈറ്റുകള്‍ ഉപയോഗിച്ച്‌ ബൗണ്ടറി പെരിമീറ്റര്‍ ലൈറ്റിങ്‌ സജ്ജീകരണങ്ങളും ആധുനികവത്ക്കരിക്കുന്ന പ്രവര്‍ത്തനങ്ങളും നടന്നു വരികയാണ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.