ജിഎസ്എല്‍വി മാര്‍ക്ക് 3 വിക്ഷേപണം വിജയം

Monday 5 June 2017 10:44 pm IST

ന്യൂദല്‍ഹി: ബഹിരാകാശ രംഗത്ത് പുതിയ ചരിത്രമെഴുതി ജിഎസ്എല്‍സിവി മാര്‍ക്ക് മൂന്ന് ഉപഗ്രഹവിക്ഷേപണ വാഹനം ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. പൂര്‍ണമായും ആഭ്യന്തരമായി വികസിപ്പിച്ച ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചുള്ള ആദ്യത്തെ സമ്പൂര്‍ണ വിക്ഷേപണത്തിനാണ് ഇന്നലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്റര്‍ സാക്ഷ്യം വഹിച്ചത്. വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 19നെ മാര്‍ക്ക് മൂന്ന് റോക്കറ്റ് വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചു. ഇതോടെ ഭാരം കൂടിയ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിക്കാനുള്ള സാങ്കേതിക വിദ്യയില്‍ ഇന്ത്യ സമ്പൂര്‍ണ സ്വയംപര്യാപ്തത കൈവരിച്ചു. 3136 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് ജിസാറ്റ് 19. മൂന്നു ഘട്ടങ്ങളിലായി 16 മിനിറ്റ് 20 സെക്കന്‍ഡിലാണ് വിക്ഷേപണം പൂര്‍ത്തിയാക്കിയത്. വൈകിട്ട് 5.28നായിരുന്നു വിക്ഷേപണം.നാലു ടണ്‍ വരെയുള്ള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ഇനി ഐഎസ്ആര്‍ഒയ്ക്ക് കഴിയും. ഭൂമിയോട് ഏറ്റവും അടുത്തുള്ള ഭ്രമണപഥത്തില്‍ 10 ടണ്‍ ഭാരമുള്ള ഉപഗ്രഹങ്ങളെ എത്തിക്കാന്‍ കഴിയും. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ദൗത്യത്തിലേക്കുള്ള നിര്‍ണായകമായ ചുവടുവെപ്പാണ് ഈ വിക്ഷേപണം. 15 വര്‍ഷത്തിന്റെ ശ്രമമാണ് ഈ വിക്ഷേപണ വിജയം. 300 കോടി രൂപയാണ് ചെലവ്. റോക്കറ്റിലെ പ്രധാനപ്പെട്ട, വലിയ ക്രയോജനിക് എന്‍ജിന്‍ പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ചതാണ്. ഫാറ്റ് ബോയി എന്നായിരുന്നു ഈ റോക്കറ്റിനെ വിശേഷിപ്പിച്ചിരുന്നത്. അഭിമാനകരമായ നേട്ടം കൈവരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കിരണ്‍ കുമാറും ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.