കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് തുടക്കം കുറിച്ച് നെയ്യാട്ടം 6ന് നടക്കും

Monday 5 June 2017 10:35 pm IST

ഇരിട്ടി: 28 ദിവസം നീണ്ടു നില്‍ക്കുന്ന കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് നീരെഴുന്നളത്തിന് ശേഷം അക്കരെ കൊട്ടിയൂരില്‍ നടക്കുന്ന ആദ്യ പരമ പ്രധാന ചടങ്ങായ നെയ്യാട്ടം 6ന് അര്‍ദ്ധരാത്രിയോടെ നടക്കും. ഇടവത്തിലെ ചോതി നാലില്‍ ആണ് നെയ്യാട്ടം. ഇതിനായി വിവിധ മഠങ്ങളില്‍ കഠിന വ്രതത്തില്‍ കഴിയുന്ന നെയ്യമൃത് സംഘങ്ങളില്‍ ചിലസംഘങ്ങള്‍ കൊട്ടിയൂരിലേക്കു നെയ്യമൃത് കുടങ്ങളുമായി യാത്ര ആരംഭിച്ചു. കാല്‍നടയായാണ് സംഘങ്ങള്‍ കൊട്ടിയൂരില്‍ എത്തിച്ചേരുക. ഇരിട്ടി കീഴൂര്‍ മഠത്തില്‍ നിന്നുമുള്ള 28 അംഗ നെയ്യമൃത് സംഘം നെയ്യാട്ട ദിവസമായ വ്യാഴാഴ്ച ദിവസം കൊട്ടിയൂരിലേക്കു യാത്രതിരിക്കും. ഇതിന്റെ ഭാഗമായുള്ള വിവിധ ചടങ്ങുകള്‍ ഈ മഠങ്ങളില്‍ നടന്നുവരുന്നു. ഇതില്‍ പ്രധാനമാണ് ചിനക്കല്‍ എന്ന ചടങ്ങ്. അതിരാവിലെയാണ് ഈ ചടങ്ങു നടക്കുക. ഇത് കൂടാതെ രാത്രിയില്‍ വിളക്കിനിരിക്കല്‍ എന്ന ചടങ്ങും നടക്കുന്നു. മഠങ്ങളില്‍ ഭക്ഷണം സ്വയം പാകം ചെയ്തു കഴിക്കുന്ന വ്രതക്കാര്‍ ഇവര്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ മഠങ്ങളില്‍ വ്രതനിഷ്ഠരായി കഴിയുന്നവരുടെ കുടുംബക്കാര്‍ക്കും നാട്ടുകാര്‍ക്കും നല്‍കും. ഉച്ചക്ക് പ്രധാന ഭക്ഷണം കഞ്ഞിയാണ്. കഞ്ഞിക്കൊപ്പം പാരമ്പര്യ രീതിയിലുള്ള കറികളും ഉണ്ടാവും. ചക്കപ്പുഴുക്ക്, പുളിങ്കറി, ചമ്മന്തി, പയര്‍ പൊങ്ങിച്ചത്, തുടങ്ങിയവയാണ് പ്രധാന കറികള്‍. വാഴത്തടയില്‍ വാഴയില വെച്ച് അതില്‍ കഞ്ഞി ഒഴിക്കും. പ്ലാവില കോട്ടിയുണ്ടാക്കുന്ന കയ്യില്‍ കൊണ്ടാണ് കഞ്ഞി കോരിക്കുടിക്കുക. വ്രതക്കാര്‍ക്ക് പുറമെ മറ്റുള്ളവര്‍ക്കും വേണമെങ്കില്‍ ഇതേ രീതിയില്‍ തന്നെ കഞ്ഞി കഴിക്കാനുള്ള സൗകര്യവും ഉണ്ടാവും. വൈകുന്നേരം സദ്യയാണ് സാധാരണയായി ഉണ്ടാവുക. ഉള്ളി, മുരിങ്ങാക്കായ തുടങ്ങിയ പച്ചക്കറികള്‍ വ്രതമെടുക്കുന്നവര്‍ ഭക്ഷണ സാധനങ്ങളില്‍ ചേര്‍ക്കാറില്ല. വൈകുന്നേരം ദീപാരാധനയ്ക്കു മുന്‍പേയാണ് ഭക്ഷണം കഴിക്കുക. ഇത് കഴിഞ്ഞാല്‍ പിന്നെ രാത്രി ഭക്ഷണമില്ല. വ്രതമെടുക്കുന്നവര്‍ തന്നെയാണ് നെയ് കൊണ്ടുപോവാനുള്ള മുരടക്ക് (ചെറിയ ഓട്ടു കുടം) കെട്ടാനായി കയര്‍ ഉണ്ടാക്കുന്നത്. എറോപ്പ കൈതയുടെ ഇലയോ , ചടച്ചില്‍ പോലുള്ള മരത്തിന്റെ തൊലിയോ ആണ് കയര്‍ ഉണ്ടാക്കാനായി ഉപയോഗിക്കുക. ഇത് തല്ലിച്ചതച്ചു ചീകിയെടുക്കുന്ന നാര് പിരിച്ചെടുത്താണ് കയര്‍ ഉണ്ടാക്കുന്നത്. ഇത് മുരുഡയെ തൂക്കി പിടിക്കാന്‍ തക്കവണ്ണം ബന്ധിക്കും. ഉരുളിയില്‍ ഉരുക്കിയെടുക്കുന്ന നെയ്യ് കുടത്തില്‍ തുണിവെച്ചു അരിച്ചാണ് ഒഴിക്കുക. നെയ്യ് നിറച്ചശേഷം കവുങ്ങിന്‍ പാളയുപയോഗിച്ചു വായ്‌പൊതി കെട്ടും. നെയ് കുടം തലയിലേറ്റി കാല്‍ നടയായാണ് സംഘം കൊട്ടിയൂരില്‍ എത്തുക. ഇവര്‍ എത്തുന്നതോടെ വൈകുന്നേരം കുറ്റിയാടി ജാതിയൂര്‍ ഇല്ലത്ത് നിന്നും തീയും, വയനാട്ടിലെ മുതിരെരിയില്‍ നിന്നും വാളും എഴുന്നള്ളിച്ച് ഇവിടെ എത്തും. ഇതിനിടയില്‍ സ്വയംഭൂവില്‍ കഴിഞ്ഞ ഉത്സവത്തിന്റെ അവസാന നാളില്‍ സ്വയംഭൂ മൂടിയ അഷ്ടബന്ധം നീക്കല്‍ അഥവാ നാളം തുറക്കല്‍ ചടങ്ങ് നടക്കും. അര്‍ദ്ധരാത്രി യോടെ ആണ് നെയ്യാട്ടം നടക്കുക. സ്ഥാനികന്‍ വില്ലിപ്പാലന്‍ കുറുപ്പ് എഴുന്നള്ളിച്ച് കൊണ്ടുവരുന്ന നെയ്യാണ് ആദ്യം അഭിഷേകം ചെയ്യുക. അതിനു ശേഷമാണ് മറ്റു മഠങ്ങളില്‍ നിന്നും കൊണ്ടുവന്ന നെയ്യ് അഭിഷേകം ചെയ്യുക. ബുധനാഴ്ച മണത്തണ കരിമ്പന ഗോപുരത്തില്‍ നിന്നും സന്ധ്യക്ക് ശേഷം നടക്കുന്ന ഭണ്ടാരം എഴുന്നള്ളത്ത് അക്കരെ ക്ഷേത്രത്തില്‍ എത്തിയ ശേഷം മാത്രമാണ് സ്ത്രീ കള്‍ക്ക് അക്കരെ ക്ഷേത്രത്തില്‍ പ്രവേശനം നല്‍കുകയുള്ളൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.