റോഡ് ഇടിഞ്ഞുതാഴ്ന്ന സംഭവം; ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു

Monday 5 June 2017 8:57 pm IST

എടത്വാ: നീരേറ്റുപുറം എന്‍എസ്എസ് പടി- ടിഎംടി സ്‌കൂള്‍ റോഡ് ഇടിഞ്ഞുതാഴ്ന്ന സംഭവത്തില്‍ നടപടി സ്വീകരിക്കാഞ്ഞതില്‍ പ്രതിഷേധിച്ച് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ മേജര്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു. അസി.എക്‌സി. എന്‍ജിനിയര്‍ എ. നാദീര്‍, അസി. എന്‍ജിനിയര്‍ ഷീജ എം, ഓവര്‍സിയര്‍മാരായ സാലി ഇടിക്കുള, സുരേന്ദ്രന്‍ എന്നിവരെയാണ് തടഞ്ഞത്. നദിയില്‍ ഇടിഞ്ഞുതാഴ്ന്ന റോഡ് സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. റോഡ് നിര്‍മാണത്തിന്റെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായിട്ടും കരാര്‍ ഏറ്റെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരെ ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടിയുടെ ഉറപ്പിന്മേല്‍ മൂന്നുമാണിക്കാണ് നാട്ടുകാര്‍ വിട്ടയച്ചത്. റോഡ് നിര്‍മാണത്തിന് പന്ത്രണ്ട് ലക്ഷം രൂപ ടെന്‍ഡര്‍ വിളിച്ചെങ്കിലും നിര്‍മ്മാണം ഏറ്റെടുക്കാന്‍ കരാറുകാര്‍ ആരും തയ്യാറായില്ലെന്നും, ആഴമേറിയ നദിയില്‍ നിര്‍മാണത്തിന് അനുവദിച്ച തുക കുറവാണെന്ന് കരാറുകാര്‍ പറഞ്ഞതായും ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രദേശത്തെ സ്ഥിതി അതീവ ഗുരുതരമായിട്ടും നിര്‍മാണത്തിലെ കാലതാമസമാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. നദിതീര റോഡ് ഇടിഞ്ഞുതാഴ്ന്നതിന് പിന്നലെ സമീപ പ്രദേശത്തെ വീടുകളുടെ സംരക്ഷണഭിത്തിയും കഴിഞ്ഞ ദിവസം ഇടിഞ്ഞുതാഴ്ന്നിരുന്നു. സംരക്ഷണഭിത്തി നദിയില്‍ താഴ്ന്നതോടെ വീട്ടിലുള്ളവര്‍ രണ്ടുദിവസമായി ഭയത്തോടാണ് അന്തിയുറങ്ങുന്നത്. തുടര്‍ച്ചയായി പെയ്യുന്ന കനത്തമഴയും നദിയിലെ ശക്തിയായ ഒഴുക്കും ഇടിച്ചില്‍ തുടരുകയാണ്. തീരത്തെ പൊടിമണ്ണ് കുത്തൊഴുക്കില്‍ ഒലിച്ചുപോയതാണ് റോഡ് ഇടിച്ചിലിന് കാരണം. നദിയില്‍ ജലനിരപ്പ് ഉയരുന്തോറും തീരം ഇടിയുന്നതിന്റെ വേഗതയും വര്‍ദ്ധിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജനൂപ് പുഷ്പാകരന്റെ നേതൃത്വത്തില്‍ വാര്‍ഡ് അംഗങ്ങളായ ബാബു വലിയവീടന്‍, മണിദാസ് വാസു, അജിത്ത് കുമാര്‍ പിഷാരത്ത്, ബ്ലോക്ക് അംഗം ബിജു പാലത്തിങ്കല്‍ എന്നിവരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും നാട്ടുകാരും പ്രതിഷേധത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.