പെരിയാര്‍ വില്ലേജ് ഓഫീസ് അപകടാവസ്ഥയില്‍

Monday 5 June 2017 9:54 pm IST

കുമളി: സ്പ്രിങ്‌വാലിയില്‍ പ്രവര്‍ത്തിക്കുന്ന പെരിയാര്‍ വില്ലേജ് ഓഫീസ് കെട്ടിടം അപകടാവസ്ഥയില്‍. കാലപ്പഴക്കം മൂലം ഭിത്തികള്‍ വിണ്ടുകീറി പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. മഴക്കാലമായതോടെ വെള്ളം കെട്ടിടത്തിനുള്ളിലേക്ക് വീണ് പ്രധാന സര്‍ക്കാര്‍ രേഖകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയുള്ളതായി ജീവനക്കാര്‍ പറയുന്നു. ദേശീയപാതയോരത്ത് മണ്‍തിട്ടയില്‍ സ്ഥിതിചെയ്യുന്ന കെട്ടിടം നൂറിലധികം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തോട്ടം മേഖലയുമായി ബന്ധപ്പെട്ട് നിര്‍മ്മിച്ചതാണ്. ഇതിന്റെ അനുബന്ധമായി മുന്‍ഭാഗത്തേക്ക് 1995ല്‍ നിര്‍മ്മിതികേന്ദ്ര  വിപുലീകരണം നടത്തിയിരുന്നു. ഈ ഭാഗം ഇപ്പോള്‍ പൂര്‍ണമായി  തകര്‍ന്ന അവസ്ഥയിലാണ്. മഴക്കാലമായതോടെ മേല്‍ക്കൂര  ചോര്‍ന്നൊലിക്കുന്നു. കുരങ്ങുള്‍പ്പെടെയുള്ള ജീവികള്‍ ഇവിടെ കയറുന്നുണ്ട്. പലകകള്‍ കൊണ്ട്  പാകിയ തട്ടില്‍ മുകളില്‍ ഇവ മലമൂത്ര വിസര്‍ജനം നടത്തുന്നതിനാല്‍ അസഹനീയ ദുര്‍ഗന്ധമാണ് ഓഫീസിനുള്ളില്‍ അനുഭവപ്പെടുന്നത്. ദേശീയപാതയിലൂടെ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍  വില്ലേജ് ഓഫീസ് കെട്ടിടത്തിന് വലിയ രീതിയില്‍ കുലുക്കമനുഭവപ്പെടുന്നു. എപ്പോള്‍ വേണമെങ്കിലും കെട്ടിടത്തിന്റെ മുന്‍ ഭാഗം റോഡിലേക്ക് മറിഞ്ഞ് വീഴാന്‍  സാധ്യതയുള്ളതായി നാട്ടുകാര്‍ പറയുന്നു. അഞ്ചോളം ജീവനക്കാര്‍ ജോലിചെയ്യുന്ന ഈ ഓഫീസിനോട് അനുബന്ധിച്ച്  ആധുനിക ശുചിമുറി പോലും നിലവിലില്ല. ഈ വില്ലജ് ഓഫീസിലെ സേവനങ്ങള്‍ മുന്‍ നിര്‍ത്തി പെരിയാര്‍ വില്ലജ്  ഓഫീസിനെ  മാതൃക സര്‍ക്കാര്‍  സ്ഥാപനമായി തെരെഞ്ഞടുത്തെങ്കിലും   കെട്ടിടത്തിന്റെ നവീകരണത്തിന് ബന്ധപ്പെട്ടവരില്‍ നിന്ന്  ഇതുവരെ തീരുമാനമായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.