ജില്ലയില്‍ മണല്‍ കിട്ടാനില്ല: നിര്‍മ്മാണ മേഖല സ്തംഭിച്ചു : എംസാന്റും ആവശ്യത്തിന് ലഭിക്കാത്ത സ്ഥിതി

Monday 5 June 2017 10:36 pm IST

കണ്ണൂര്‍: ജില്ലയില്‍ മണല്‍ക്ഷാമം രൂക്ഷം. നിര്‍മ്മാണ മേഖല സ്തംഭനത്തിലേക്ക്. മണലിനു പകരം ഉപയോഗിച്ചു വന്നിരുന്ന എം സാന്റും ആവശ്യത്തിന് ലഭിക്കാത്ത സ്ഥിതിയാണ്. ഇതാണ് നിര്‍മ്മാണ മേഖലയില്‍ പ്രതിസന്ധി വര്‍ദ്ധിക്കാന്‍ കാരണമായിരിക്കുന്നത്. മണല്‍ ലഭിക്കാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചതോടെ ആയിരക്കണക്കിന് തൊഴിലാളികള്‍ ജോലിയില്ലാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ജില്ലയിലെ കടവുകളില്‍ നിന്നും മണല്‍വാരല്‍ നിര്‍ത്തിവെച്ചിട്ട് മാസങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. മണല്‍ എപ്പോള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്ന് അധികൃതരുടെ ഭാഗത്തുനിന്ന് ഒരു മറുപടി പോലും ലഭിക്കുന്നില്ല. തൊഴിലാളികളുടെ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന സിപിഎമ്മിന്റെ നേതൃത്വത്തിലുളള സര്‍ക്കാര്‍ ഭരണം നടത്തുമ്പോഴാണ് ആയിരക്കണക്കിന് തൊഴിലാളികളെ പട്ടിണിയിലേക്ക് തളളിവിട്ടുകൊണ്ടുളള മണല്‍വാരല്‍ നിരോധനം നിലനില്‍ക്കുന്നത്. മണല്‍വാരല്‍ നിരോധനം കാരണം നിര്‍മ്മാണ മേഖലയില്‍ മാത്രമല്ല മണല്‍വാരല്‍ തൊഴിലാളികള്‍ക്കും ജോലിയില്ലാതായിട്ട് മാസങ്ങളായി. മണലിന് പകരം ഉപയോഗിച്ചിരുന്ന ക്വാറികളില്‍ നിന്നും ക്രഷറുകളില്‍ നിന്നും ലഭിക്കുന്ന എംസാന്റിനും ജില്ലിപ്പൊടിക്കും മറ്റും മണലില്ലാതായതോടെ വന്‍ ഡിമാന്റാണ് വിപണിയില്‍ അനുഭവപ്പെടുന്നത്. വന്‍കിട കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിന് പോലും എംസാന്റ് പോലുളള കൃത്രിമ വസ്തുക്കളാണ് ഉപയോഗിക്കുന്നത്. മണല്‍ നിരോധനം നിലവില്‍ വന്നതു മുതല്‍ എംസാന്റ് ഉള്‍പ്പെടെയുളള ഉല്‍പ്പന്നങ്ങളുടെ വില കുത്തനെ ഉയര്‍ത്തിയതും ജനങ്ങള്‍ക്ക് തിരിച്ചടിയായി മാറിയിരിക്കുകയാണ്. പല ക്രഷര്‍, ക്വാറി ഉടമകളും എംസാന്റിനും ജില്ലിപ്പൊടിക്കും മറ്റും തോന്നിയപടിയാണ് വില ഈടാക്കുന്നത്. ഏകീകൃത വില കൊണ്ടുവരണമെന്ന ആവശ്യം അധികൃതര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. ആവശ്യം വര്‍ദ്ധിച്ചെങ്കിലും വേണ്ട രീതിയില്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനുളള സൗകര്യം ക്രഷറുകളിലും ക്വാറികളിലും ഇല്ലാത്തത് ഇത്തരം ഉല്‍പ്പന്നങ്ങളുടെ ക്ഷാമത്തിന് വഴിവെച്ചിട്ടുണ്ട്. ക്വാറി-ക്രഷര്‍ ഉടമകള്‍ സാഹചര്യം മുതലെടുത്ത് കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നതായും ആരോപണം ഉണ്ട്. മണല്‍ ക്ഷാമത്തിന് പരിഹാരം കാണാന്‍ ജില്ലാ ഭരണകൂടം അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ ജില്ലയിലെ നിര്‍മ്മാണ മേഖലയിലെ തൊഴിലാളികളെ കൊടും പട്ടിണിയിലേക്ക് തളളിവിടലാവും ഫലം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.