'മാരക കീടനാശിനി'കളുടെ കുട്ടനാട്

Monday 5 June 2017 10:48 pm IST

ആലപ്പുഴ: കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ മാരക കീടനാശിനി പ്രയോഗം വ്യാപകം. നിരോധിത കീടനാശിനികളുടെ ഉപയോഗവും വര്‍ദ്ധിക്കുന്നു. എല്ലാമറിഞ്ഞിട്ടും കണ്ടില്ലെന്നു നടിച്ച് കൃഷി വകുപ്പ്. പേരു മാറ്റിയെത്തുന്ന നിരോധിത കീടനാശിനികള്‍ കുട്ടനാട്ടിലെ മാര്‍ക്കറ്റുകളില്‍ സുലഭം. കൊള്ള ലാഭം കൊയ്യുന്ന ഇത്തരം കമ്പനികള്‍ക്കെതിരേ നടപടിയെടുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല. കുട്ടനാട്ടില്‍ മാത്രം പ്രതിവര്‍ഷം 20,000 ടണ്‍ രാസവളങ്ങള്‍ ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. പുഞ്ചക്കൃഷിക്ക് 370 ടണ്ണും രണ്ടാം കൃഷിക്ക് 130 ടണ്‍ കീടനാശിനിയുമാണ് ഉപയോഗിക്കുന്നത്. നെല്‍വയലുകളില്‍ 'മരുന്ന്' എന്ന പേരിലാണ് വീര്യം കൂടിയ കീടനാശിനികളുടെ ഉപയോഗം. 'മരുന്ന്' വില്‍പ്പനയ്ക്ക് വന്‍ലോബിയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇതിനെ ചെറുക്കാന്‍ കീടനാശിനി വിതരണ, വിപണന കേന്ദ്രങ്ങളില്‍ കര്‍ശന പരിശോധന നടത്തുമെന്ന പ്രഖ്യാപനവും പാഴായി. നിയന്ത്രിത ഉപയോഗത്തിനു മാത്രമായി നിഷ്‌ക്കര്‍ഷിച്ച കീടനാശിനികള്‍ കൃഷി ഓഫീസറുടെ ശുപാര്‍ശ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ മാത്രമെ ഡിപ്പോകളില്‍ നിന്നു കര്‍ഷകര്‍ക്ക് നല്‍കാവൂവെന്ന നിര്‍ദേശവും പാലിക്കപ്പെടുന്നില്ല. നിര്‍മ്മാതാക്കളും വിതരണക്കാരും കര്‍ഷകര്‍ക്കോ കര്‍ഷക സമിതികള്‍ക്കോ നേരിട്ട് കീടനാശിനി വിതരണം ചെയ്യാന്‍ പാടില്ലെന്നും കൃഷി വകുപ്പ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇതൊക്കെ ലംഘിക്കപ്പെടുന്നു. കീടനാശിനി കമ്പനികളും വിതരണക്കാരും കൃഷി വകുപ്പിന്റെ അംഗീകാരമില്ലാതെ കൃഷിയിടങ്ങളില്‍ നേരിട്ട് പരീക്ഷണങ്ങള്‍ പാടില്ലെന്ന ഉത്തരവും നോക്കുകുത്തിയായി. വിഷം കലക്കി മീന്‍പിടിത്തവും കുട്ടനാടിന്റെ പരിസ്ഥിതി തകര്‍ക്കുന്നു. കരാത്തൈ അടക്കമുള്ള മാരകമായ വിഷമാണ് മീന്‍ പിടിക്കുന്നതിന് ജലാശയങ്ങളില്‍ കലക്കുന്നത്. പാടശേഖരങ്ങളിലും ജലാശയങ്ങളിലും വിഷം നിറഞ്ഞതോടെ അര്‍ബുദം അടക്കമുള്ള മാരക രോഗങ്ങളും പടര്‍ന്നു പിടിക്കുന്നു. കായല്‍ ടൂറിസത്തിന്റെ കെടുതി കൂടുതലായി അനുഭവിക്കുന്നതും കുട്ടനാട്ടുകാരാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.