ശ്രീശ്രീ ഹരിതഭാരതം കര്‍മ്മ പദ്ധതിക്ക് തുടക്കമായി

Monday 5 June 2017 10:28 pm IST

കാലടി ആശ്രമത്തില്‍ ശ്രീശ്രീ രവി ശങ്കര്‍ വൃക്ഷത്തൈ നടുന്നു

കൊച്ചി: ലോക പരിസ്ഥിതിദിനത്തിന്റെ ഭാഗമായി ആര്‍ട് ഓഫ് ലിവിങ് കേരളയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ശ്രീശ്രീ ഹരിതഭാരതം കര്‍മ്മ പദ്ധതിയുടെ സംസ്ഥാനതല ഉത്ഘാടനം കാലടി ആശ്രമത്തില്‍ ജീവനകലയുടെ ആചാര്യന്‍ ശ്രീശ്രീരവിശങ്കര്‍ നിര്‍വ്വഹിച്ചു.

ആര്‍ട് ഓഫ് ലിവിങ് കേരള സംസ്ഥാന ചെയര്‍മാന്‍ ചന്ദ്രസാബു, ശ്രീശ്രീ കാര്‍ഷിക മഞ്ച് സംസ്ഥാന ചെയര്‍മാന്‍ കെ. രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിലും മാവ്, പ്ലാവ് തുടങ്ങിയ ഫലവൃക്ഷങ്ങള്‍, ലക്ഷ്മിതരു തുടങ്ങിയവയുടെ പത്തു ലക്ഷത്തിലധികം തൈകള്‍ ആര്‍ട്ട് ഓഫ് ലിവിങ് കൂട്ടായ്മയില്‍ വെച്ചുപിടിപ്പിക്കും.

മൂല്യാധിഷ്ടിതമായ പരിസ്ഥിതി സംരക്ഷണം അനിവാര്യമാണെന്ന് ശ്രീശ്രീ രവിശങ്കര്‍ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. നിയമങ്ങള്‍ക്ക് പ്രാധാന്യം ഉണ്ടെങ്കില്‍ പോലും പരിസ്ഥിതിയുടെ നിലനില്‍പ്പ് ഉറപ്പ്‌വരുത്താന്‍ അത് അപാര്യാപ്തമാണ്.

പരിസ്ഥിതിയെപ്പറ്റിയുള്ള ശ്രദ്ധ നമ്മുടെ മൂല്യ വ്യവസ്ഥയുടെ ഭാഗമായിരിക്കണം. ലോകത്തിലെ എല്ലാ പുരാതന സംസ്‌കാരങ്ങളും പ്രകൃതിയെ ആരാധിച്ചിരുന്നതായി കാണാം. ഒരു മരം വെട്ടുമ്പോള്‍ പകരം അഞ്ച് മരമെങ്കിലും വെച്ചുപിടിപ്പിക്കുകയെന്നത് ഭാരതത്തിന്റെ പരമ്പരാഗത രീതിയായിരുന്നു.

നവീന കാലഘട്ടത്തില്‍ പ്രകൃതിയെ പവിത്രമായി കരുതുന്ന സമ്പ്രദായം പുനരുജ്ജീവിപ്പിക്കേണ്ടത് എത്രയും അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശാസ്ത്രവും സാങ്കേതിക വിദ്യയും വളരുന്നതോടൊപ്പം പരിസ്ഥിതിയുമായി താദാത്മ്യം പ്രാപിക്കുക എന്നതാണ് ഈ നൂറ്റാണ്ടിന്റെ വെല്ലുവിളി. ആത്മീയ മൂല്യങ്ങള്‍ക്ക് മാത്രമേ ഇതിന് ശാശ്വത പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനാവു. ശ്രീശ്രീ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.