ആശുപത്രി ആക്രമണം: ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി പ്രിഷേധിച്ചു

Tuesday 6 June 2017 5:10 pm IST

തിരുവനന്തപുരം: വര്‍ധിച്ചു വരുന്ന ആശുപത്രി ആക്രമണങ്ങള്‍ക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ രാജ്യ വ്യാപകമായി പ്രതിഷേധിച്ചു. ദേശവ്യാപകമായി ഡോക്ടര്‍മാര്‍ ഒരു മണിക്കൂര്‍ നേരം മരുന്ന് കുറിക്കുന്നതില്‍ നിന്നും വിട്ടു നിന്നു. എല്ലാ ഡോക്ടര്‍മാരും പ്രതിഷേധ ബാഡ്ജ് ധരിച്ച് കരിദിനമായും ആചരിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പതിനായിരത്തോളം ഡോക്ടര്‍മാര്‍ 'ദില്ലി ചലോ'യുടെ ഭാഗമായി ദല്‍ഹിയില്‍ ഒത്തുകൂടി. കേരളത്തില്‍ നിന്നും നാനൂറോളം ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഇതില്‍ പങ്കെടുത്തു. രാജ്ഘട്ടില്‍ നിന്നും തുടങ്ങിയ പ്രതിഷേധ ജാഥ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ അവസാനിച്ചു. ഐ.എം.എ. ദേശീയ പ്രസിഡന്റ് ഡോ. കെ.കെ. അഗര്‍വാള്‍ പ്രതിഷേധ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഐ.എം.എ. കേരള പ്രസിഡന്റ് ഡോ. വി.ജി. പ്രദീപ്കുമാര്‍, മുന്‍ ദേശീയ പ്രസിഡന്റ് ഡോ. മാര്‍ത്താണ്ഡന്‍ പിള്ള, മെഡിക്കോസ് ലീഡര്‍ ശബരീനാഥ് തുടങ്ങിയവര്‍ കേരളത്തെ പ്രതിനിധീകരിച്ച് സംസാരിച്ചു. ആധുനിക മെഡിസിന്‍ ശാഖയോടുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിഷേധാത്മക സമീപനത്തെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ രാജ്യ വ്യാപകമായി പ്രതിഷേധിച്ചത്. ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളിലും വര്‍ധിച്ചു വരുന്ന ആശുപത്രി ആക്രമണങ്ങള്‍, പുതുതായി സര്‍ക്കാര്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന എക്‌സിറ്റ് എക്‌സാം, ഇതര ആയുഷ് വിഭാഗങ്ങള്‍ക്ക് മോഡേണ്‍ മെഡിസിന്‍ വിഭാഗത്തില്‍ പ്രാക്ടീസ് ചെയ്യാനുള്ള വഴിവിട്ട സഹായങ്ങള്‍, ചികിത്സാ സംവിധാനങ്ങളിലെ പ്രശ്‌നങ്ങളില്‍ വന്‍തോതിലുള്ള നഷ്ടപരിഹാരങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയവയ്‌ക്കെതിരേയാണ് പ്രധാനമായും ഐ.എം.എ പ്രതിഷേധം സംഘടിപ്പിച്ചത്. വര്‍ധിച്ചു വരുന്ന ആശുപത്രി അതിക്രമങ്ങള്‍ സമൂഹത്തിന് ദോഷകരമായി ഭവിക്കുമെന്നും ജനങ്ങള്‍ ഇക്കാര്യം മനസിലാക്കുകയും അത്തരം പ്രവണതകള്‍ ഒഴിവാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും സമൂഹവും ശ്രദ്ധിക്കണമെന്നും ഐ.എം.എ. ജില്ലാ പ്രസിഡന്റ് ഡോ. ജോണ്‍ പണിക്കര്‍, സെക്രട്ടറി ഡോ. ജി.എസ്. വിജയകൃഷ്ണന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.