വിതച്ചത് കൊയ്യുന്ന ഖത്തര്‍

Thursday 8 June 2017 3:17 pm IST

ഖത്തര്‍ നയതന്ത്രതലത്തില്‍ ഒറ്റപ്പെട്ടുവെന്ന വാര്‍ത്ത കുറെപേര്‍ക്ക് ഞെട്ടലും വിഷമവും ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ആത്യന്തികമായി നോക്കുമ്പോള്‍ ഭീകരവാദശക്തികളെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക് താക്കീതാണ്. അറിഞ്ഞും അറിയാതെയും ലോകത്തെ അസ്ഥിരപ്പെടുത്താന്‍ തക്കം പാര്‍ത്തിരിക്കുന്നവരെ തിരിച്ചറിയാനും അവരെ അതില്‍നിന്ന് പിന്തിരിപ്പിക്കാനുമുള്ള നീക്കങ്ങള്‍ക്ക് ശക്തി പകരുന്നതാണ് ഇത്തരത്തിലുള്ള നയതന്ത്ര നിലപാടുകള്‍. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, യെമന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ വിച്ഛേദിച്ചിരിക്കുന്നത്. തങ്ങളുടെ രാജ്യങ്ങളിലെ പൗരന്മാരോട് അവിടേക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിമാനക്കമ്പനികള്‍ക്കും സര്‍വീസ് സംബന്ധമായ ചിട്ടവട്ടങ്ങള്‍ പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു. ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ തായ്‌വേര് തെരയുമ്പോള്‍ ഒരുപക്ഷേ, പെട്ടെന്ന് കണ്ടെത്താനായി എന്നുവരില്ല. ചില രാജ്യങ്ങള്‍ നേരിട്ട് ഇത്തരം ഛിദ്രശക്തികളെ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിശ്ശബ്ദ സാക്ഷ്യം വഹിക്കുന്നുണ്ട്. ഒരു പക്ഷേ, പ്രോത്സാഹിപ്പിക്കുന്നതിനേക്കാള്‍ അപകടകരം അതാവാം. മനുഷ്യരെ കൂട്ടക്കശാപ്പ് ചെയ്യുക, സ്ഥാപനങ്ങള്‍ നിലംപരിശാക്കുക, ഒക്കെ ഛിന്നഭിന്നമാക്കുക, സമൂഹത്തില്‍ ഭീതിയും വിഭ്രമവും പടര്‍ത്തുക എന്നീ ഉദ്ദേശ്യങ്ങളോടെയാണല്ലോ ഭീകരവാദ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്. പുരോഗതിയിലേക്ക് ഉയര്‍ന്നുകൊണ്ടിരുന്ന മനുഷ്യസമൂഹത്തെ ഇത്തരക്കാരുടെ പ്രവൃത്തി മൂലം അസ്തപ്രജ്ഞരാക്കുകയാണ്. ഇതൊക്കെ ചെയ്തിട്ട് ഇവര്‍ക്ക് എന്തു നേട്ടമാണുള്ളതെന്ന് മനസ്സിലാവുന്നില്ല. പരലോകത്ത് ഐശ്വര്യസമ്പൂര്‍ണ്ണമായ ജീവിതം ഇത്തരക്കാര്‍ വാഗ്ദാനം ചെയ്യുന്നു. അതിനുവേണ്ടി ഉയിര് കൊടുക്കുന്നത് നല്ലകാര്യമായി പ്രചരിപ്പിക്കപ്പെടുന്നു. അതിന്റെ ഫലമായാണ് ഉന്നത വിദ്യാഭ്യാസം കിട്ടിയവര്‍ പോലും ഇത്തരം കുത്സിത മാര്‍ഗ്ഗം തെരഞ്ഞെടുക്കുന്നത്. സാധാരണ ലോകത്ത് കിട്ടാത്ത ഒരു സംഗതിയും പരലോകത്ത് കിട്ടില്ലെന്ന് മനസ്സിലാക്കാന്‍ പറ്റിയ വിദ്യാഭ്യാസമല്ല അവര്‍ നേടുന്നതെന്ന് വ്യക്തം. ഇസ്ലാമിക ഭീകരവാദം അതിന്റെ ഏറ്റവും ക്രൂരമായ മുഖമാണ് ഐഎസിലൂടെ അനാവൃതമാക്കുന്നത്. മുസ്ലിം ബ്രദര്‍ഹുഡും ആ വഴിക്കുള്ള സംഘടന തന്നെ. അത്തരക്കാര്‍ക്കും അതിനോട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും സഹായം കൊടുക്കുകയാണെന്ന് ലോകരാജ്യങ്ങളില്‍ പലരും ഖത്തറിനെക്കുറിച്ച് ആരോപണം ഉന്നയിക്കുന്നു. മേഖലയില്‍ അസ്ഥിരതയുണ്ടാക്കാനാണ് ഭീകരവാദസംഘടകള്‍ക്ക് പിന്തുണ നല്‍കുന്നതെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ഖത്തറിന്റെ നിശ്ശബ്ദമായ നീക്കങ്ങളും പിന്തുണയും അത്രകണ്ട് വര്‍ധിച്ചുവെന്നും അവര്‍ കണക്കുകൂട്ടുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ പല ഇസ്ലാമിക രാജ്യങ്ങളും തയാറായിട്ടുള്ളത്. സൗദി, യുഎഇ, ബഹ്‌റൈന്‍ എന്നിവര്‍ ഖത്തര്‍ പൗരന്മാര്‍ക്ക് രാജ്യം വിടാന്‍ 14 ദിവസത്തെ സമയമാണ് അനുവദിച്ചിട്ടുള്ളത്. നയതന്ത്ര ഉദ്യോഗസ്ഥന്മാര്‍ 48 മണിക്കൂറിനകവും പുറത്തുപോകണം. ഖത്തറിനെ ഇങ്ങനെ ഒറ്റപ്പെടുത്തുന്ന നടപടിയിലൂടെ ഒരുപാട് പ്രശ്‌നങ്ങള്‍ ഒരുപക്ഷെ ഉയര്‍ന്നുവന്നേക്കാം. എണ്ണയുല്‍പ്പാദക രാജ്യങ്ങളില്‍ പെട്ടതായതുകൊണ്ട് ആ മേഖലയിലൂം പ്രശ്‌നങ്ങള്‍ ഉരുണ്ടുകൂടാം. ഇതിനോടകം തന്നെ എണ്ണവില നിലവാരത്തില്‍ കുറവുവന്നിട്ടുണ്ട്. പെട്ടെന്ന് ഇത്തരത്തിലൊരു നീക്കത്തിന് ഇടയായത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സൗദി അറേബ്യ സന്ദര്‍ശനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ട്രംപ് എത്തും മുന്‍പ് ഖത്തറിനെതിരെ യുഎസ് മാധ്യമങ്ങള്‍ വന്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നുവത്രെ. ട്രംപ് മടങ്ങിയ ശേഷം അദ്ദേഹത്തെയും അമേരിക്കയേയും കുറ്റപ്പെടുത്തി ഖത്തര്‍ ന്യൂസ് ഏജന്‍സിയില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമിം ഹിന്‍ഹമദ് അല്‍ത്താനിയുടെ പ്രസംഗം പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതില്‍ ഇറാനെ ന്യായീകരിക്കുകയുണ്ടായി. പ്രസംഗം വന്നതോടെ കലഹം രൂക്ഷമായി. ഖത്തര്‍ ന്യൂസ് ഏജന്‍സി ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് ന്യായീകരിച്ചെങ്കിലും അത് വിശ്വസിച്ചില്ല. തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളാണ് ഖത്തറിനെ ഒറ്റപ്പെടുത്തുന്നതിലെത്തിച്ചിരിക്കുന്നത്. ഭീകരവാദ പ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങള്‍ക്ക് ഇതൊരു താക്കീതാണെങ്കിലും ഭാരതമുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് അവിടെ ജോലിക്കെത്തിയ ആയിരങ്ങള്‍ക്ക് ഇടിത്തീയായിട്ടുണ്ട്. ആറര ലക്ഷത്തിലധികം ഇന്ത്യക്കാരാണ് അവിടെയുള്ളത്. അതില്‍ പകുതിയും കേരളീയരാണ് എന്നതാണ് വാസ്തവം. ഇവരുടെ സുരക്ഷിതത്വത്തിനും ആശങ്കകള്‍ക്കും അറുതിവരുത്താനുള്ള ശ്രമങ്ങള്‍ നടത്തേണ്ടിവരും. ഗുരുതരമായ സാഹചര്യങ്ങളില്‍ നിന്ന് ഭാരതീയരെ ഒഴിപ്പിച്ചുകൊണ്ടുവന്ന് സംരക്ഷിക്കുന്ന കാര്യത്തില്‍ അനിതരസാധാരണമായ മിടുക്കും ചടുല നീക്കങ്ങളും നടത്തിയ വിദേശകാര്യ വകുപ്പ് ഇക്കാര്യത്തിലും ഫലപ്രദമായി ഉടപെടുമെന്നുതന്നെ പ്രതീക്ഷിക്കാം. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരി നയിക്കുന്ന ഒരു രാജ്യം യുവത്വത്തെ കൊലയ്ക്ക് കൊടുക്കുന്ന സംഘടനകളെ പ്രോത്സാഹപ്പിക്കുന്നതിന് മുന്നിട്ടിറങ്ങിയാല്‍ അതെങ്ങനെയും തടഞ്ഞേ മതിയാവൂ. ലോകരാജ്യങ്ങള്‍ അക്കാര്യത്തില്‍ കാണിക്കുന്ന താല്‍പ്പര്യത്തെ ജനാഭിമുഖ്യമുള്ള ഏതു സര്‍ക്കാരും പിന്തുണയ്ക്കുക തന്നെ ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.