അര്‍ഹതയുള്ളവര്‍ക്കെല്ലാം ഒരുരൂപയ്ക്ക്‌ അരി: മന്ത്രി

Tuesday 12 July 2011 10:55 pm IST

തിരുവനന്തപുരം: ഒരുരൂപ അരി പദ്ധതിയില്‍ നിന്നു അനര്‍ഹരായ കാര്‍ഡ്‌ ഉടമകളെ ഒഴിവാക്കുമെന്നു ഭക്ഷ്യമന്ത്രി ടി.എം.ജേക്കബ്‌ നിയമസഭയില്‍ പറഞ്ഞു. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട 26 ലക്ഷം, എഎവൈ പദ്ധതിയില്‍പ്പെട്ട ആറു ലക്ഷം, പരമ്പരാഗത തൊഴിലാളി വിഭാഗത്തില്‍പ്പെട്ട 28 ലക്ഷം പേര്‍ക്കും ഒരുരൂപയ്ക്കു അരി നല്‍കും. എപിഎല്‍ വിഭാഗത്തില്‍ വരുന്ന 45 ലക്ഷം കാര്‍ഡ്‌ ഉടമകളില്‍ ഉദ്യോഗസ്ഥരടക്കം കടന്നു കൂടിയത്‌ ഒഴിവാക്കാനാണ്‌ വില്ലേജ്‌ ഓഫീസുകളില്‍ നിന്നു ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്നു നിര്‍ദേശിച്ചതെന്നും മന്ത്രി ചോദ്യത്തിനു മറുപടിയായി അറിയിച്ചു.
നെല്ല്‌ സംഭരണ വിലയിലെ കുടിശ്ശിക തീര്‍ക്കാന്‍ ബജറ്റില്‍ 50 കോടി വകയിരുത്തിയെന്നു മന്ത്രി അറിയിച്ചു. എഫ്സിഐ ഗോഡൗണുകളിലെ ഭക്ഷ്യധാന്യ സുരക്ഷ ഉറപ്പാക്കാന്‍ ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി ഉപദേശകസമിതി രൂപീകരിക്കുന്ന കാര്യം കേന്ദ്രസര്‍ക്കാരുമായി ആലോചിച്ചു തീരുമാനിക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.