പേരാമ്പ്ര: കായണ്ണ, നൊച്ചാട് പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന 50 ഏക്കറിലധികം വയല്‍ അനധികൃതമായി നികത്തിയതിനെതിരെ ജില്ലാ കളക്ടറുടെ ഉത്തരവ് നടപ്പിലാക്കാത്ത വില്ലേജ് ഓഫീസറുടെ നടപടിയില്‍ പ്രതിഷേധിച്ച് പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കായണ്ണ വില്ലേജോഫീസിലേക്ക് ബഹുജന മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
കായണ്ണ വില്ലേജിലെ വാളൂര്‍ നടുക്കണ്ടിപ്പാറയില്‍ കക്കഞ്ചേരിത്താഴ മുതല്‍ കൊമ്പത്തത്ത് താെഴ വരെയുള്ള ഡാറ്റാബേങ്കിലുള്പ്പെട്ട പാടശേഖരത്തില്‍ അന്‍പതേക്കറോളം മണ്ണിട്ടുനികത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ കഴിഞ്ഞ മാര്‍ച്ച് 26ന് ജില്ലാ കളക്ടര്‍ ഇറക്കിയ ഉത്തരവില്‍ 15 ദിവസത്തിനകം സ്ഥലത്തെ മണ്ണ് നീക്കം ചെയ്ത് പാടം പൂര്‍വ്വസ്ഥിതിയിലാക്കി അക്കാര്യം റിപ്പോര്‍ട്ട് ചെയ്യാന്‍ വില്ലേജോഫീസറെ ചുമതലപ്പെടുത്തിയിരിക്കുന്നു.
എന്നാല്‍, രണ്ട് മാസം കഴിഞ്ഞിട്ടും യാതൊരു നടപടിയും കൈക്കൊള്ളാത്ത വില്ലേജോഫീസറുടെ നടപടിക്കെതിരെയായിരുന്നു സമരം. മൊട്ടന്തറയില് നിന്നാരംഭിച്ച പ്രകടനം വില്ലേജോഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു.
നദീസംരക്ഷണ സമിതി സെക്രട്ടറി ടി.വി.രാജന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: