ഡോക്ടര്‍മാരുടെ സമരം 30ലേക്കു മാറ്റി

Tuesday 12 July 2011 10:56 pm IST

തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഈ മാസം 19 മുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം 30 ലേക്ക്‌ മാറ്റി. ആരോഗ്യ മന്ത്രി അടൂര്‍പ്രകാശ്‌ കേരള ഗവണ്‍മെന്റ്‌ മെഡിക്കല്‍ ഓഫീസേഴ്സ്‌ അസോസിയേഷന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്‌ സമരം താല്‍ക്കാലികമായി നീട്ടിവയ്ക്കാന്‍ ധാരണയായത്‌.
സംസ്ഥാനത്ത്‌ പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യം കണക്കിലെടുത്താണ്‌ സമരം നീട്ടണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഡോക്ടര്‍മാര്‍ അംഗീകരിച്ചതെന്ന്‌ മന്ത്രി പറഞ്ഞു. ശമ്പളപരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്‌ നീങ്ങിയത്‌. ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്നും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താമെന്നും മന്ത്രി കെജിഎംഒഎയ്ക്ക്‌ ഉറപ്പു നല്‍കി. മുഖ്യമന്ത്രി പനി മാറി തിരിച്ചെത്തിയതിനു ശേഷം ഇതുസംബന്ധിച്ച്‌ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും. ഇതിനുമുന്നോടിയായി ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും ചര്‍ച്ച നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.