കൊച്ചി മെട്രോ,​ കേരള സംസ്ക്കാരത്തെ വിളിച്ചോതും

Wednesday 7 June 2017 12:28 pm IST

കൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടനത്തിന് സജ്ജമായി. 17ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്നതോടെ കൊച്ചിയുടെ വികസനപാതയിലെ മറ്റൊരു നാഴികകല്ലാകും കൊച്ചി മെട്രോ. ആലുവ മുതല്‍ പേട്ട വരെ 22 സ്റ്റേഷനുകളാണ് മെട്രോയ്ക്കുള്ളത്. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 11 സ്റ്റേഷനുകളിലാണ് തുടക്കത്തില്‍ മെട്രോ ഓടി തുടങ്ങുക. ഇതില്‍ തന്നെ അഞ്ച് സ്റ്റേഷനുകളുടെ പശ്ചാത്തലം കേരളത്തിന്‍റെ സംസ്‌ക്കാരവും പാരമ്പര്യവും ഭൂമിശാസ്ത്രവും വിളിച്ചോതുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. കുസാറ്റ്,​ ഇടപ്പള്ളി,​ ചങ്ങമ്പുഴ പാര്‍ക്ക്,​ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം,​ എംജി റോഡ് എന്നീ സ്റ്റേഷനുകളാണ് ഇത്തരത്തില്‍ പശ്ചാത്തല ഭംഗിയോടെ അലങ്കരിച്ചിരിക്കുന്നത്. കൊച്ചി മെട്രോയുടെ എല്ലാ സ്റ്റേഷനുകളിലും കോണ്‍കോഷ് ലെവലില്‍ നിന്ന് പ്ലാറ്റ്ഫോമിലേയ്ക്ക് പോകുന്നതിന് ലിഫ്റ്റും എസ്‌കലേറ്ററും സജ്ജീകരിച്ചിട്ടുണ്ട്. ടിക്കറ്റില്ലാതെയും ടിക്കറ്റെടുത്തും പ്രവേശിക്കാവുന്ന തരത്തിലാണ് സ്റ്റേഷനുകളുടെ ഉള്‍വശം ക്രമപ്പെടുത്തിയിരിക്കുന്നത്. യഥാക്രമം ഫ്രീസോണെന്നും പെയ്ഡ് സോണെന്നും തരതിരിച്ചിരിക്കുന്ന സ്‌റ്റേഷനുകളില്‍ ഒറ്റയാത്രക്കുള്ള ക്യു ആര്‍ ടിക്കറ്റ് മുതല്‍ സ്ഥിരയാത്രക്കാര്‍ക്കുള്ള കാര്‍ഡുകള്‍ വരെ ലഭ്യമാണ്. കൂടാതെ ടിക്കറ്റ് കൗണ്ടറുകളില്‍ ദിവ്യാംഗര്‍ക്കായി പ്രത്യേക കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. പ്ലാറ്റ്‌ഫോമിലേയ്ക്ക് പ്രവേശിക്കുന്നതിന് മുമ്പായി ലഗേജുകള്‍ പരിശോധനയ്ക്ക് വിധേയമാക്കും. പബ്ലിക്ക് കംഫര്‍ട്ട് സ്റ്റേഷനുകള്‍ ഇല്ലെന്ന കൊച്ചിയിലെ ഏറ്റവും വലിയ പ്രശ്‌നത്തിന് പരിഹാരം കൂടിയാകും കൊച്ചി മെട്രോ. ഓരോ സ്‌റ്റേഷന്റേയും കോണ്‍കോഷ് ലെവലില്‍ പൊതുജനങ്ങല്‍ക്കായിട്ട് പബ്ലിക്ക് കംഫര്‍ട്ട് സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പണം കൊടുക്കാതെ തികച്ചും സൗജന്യമായി ഈ കംഫര്‍ട്ട് സ്റ്റേഷനുകള്‍ പൊതു ജനങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ഓരോ സ്‌റ്റേഷനുകളും കടന്നു പോകുമ്പോള്‍ കൃത്യമായി ആ സ്‌റ്റേഷന്റെ പേരുകള്‍ യാത്രക്കാരെ അറിയിക്കുന്ന സംവിധാനവും മെട്രോയിലുണ്ടെന്നതാണ് മറ്റൊരു ശ്രദ്ധേയ കാര്യം. കൊച്ചി മെട്രോ സ്റ്റേഷനുകളിലെ ഹൗസ്‌കീപ്പിംഗ് ഉള്‍പ്പടെയുള്ള കാര്യങ്ങളുടെ നേതൃത്വം കുടുംബശ്രീക്കാര്‍ക്കാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.