നഗരത്തില്‍ യാത്രക്കാരെ വലച്ച് ഗതാഗതക്കുരുക്ക

Wednesday 7 June 2017 8:10 pm IST

ആലപ്പുഴ: നഗരത്തിലെ ഗതാഗതക്കുരുക്കില്‍ ജനം വലയുന്നു. ദേശീയപാതയില്‍ കുഴിയടക്കലും തോരാതെ പെയ്യുന്ന മഴയുമെല്ലാം വാഹനങ്ങളുടെ മുന്നോട്ടുള്ള യാത്രയ്ക്ക് നേരിയ തടസ്സം സൃഷ്ടിക്കുമ്പോള്‍ നഗരത്തില്‍ കുരുക്ക് മുറുകുകയാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നഗരത്തില്‍ ഗതാഗതക്കുരുക്ക് അതിരൂക്ഷമായിരിക്കുകയാണ്. സ്‌ക്കൂള്‍ സമയത്തും വൈകുന്നേരങ്ങളിലും റോഡില്‍ കാല്‍നടയാത്രപോലും അസാധ്യമാക്കുന്ന തരത്തിലാണ് തിരക്ക്. ആലപ്പുഴ നഗരം കടന്നു കിട്ടാന്‍ മണിക്കൂറുകള്‍ തന്നെ പലര്‍ക്കും വേണ്ടി വന്നു. ആലപ്പുഴ കല്ലുപാലം മുതല്‍ കൈചൂണ്ടി വരെയുള്ള ഭാഗം കടന്നു കിട്ടാന്‍ കാറിലും മറ്റും എത്തിയവരാണ് ഏറെ ബുദ്ധിമുട്ടിയത്. ഓട്ടോറിക്ഷകള്‍, ഇരുചക്രവാഹനങ്ങള്‍ തുടങ്ങിയവയും കുരുക്കിലമര്‍ന്നു. നഗരത്തിലെ അനധികൃത പാര്‍ക്കിങ് മറ്റൊരു തലവേദനയായി മാറിയിരിക്കുകയാണ്. നിരവധി വ്യാപാരസ്ഥാപനങ്ങള്‍ ഉണ്ടെങ്കിലും പാര്‍ക്കിംഗ് സൗകര്യമില്ലാത്തതിനാല്‍ റോഡരികിലാണ് വാഹനങ്ങളെല്ലാം. വസ്ത്രശാലകളിലെത്തുന്നവരെല്ലാം തന്നെ തോന്നുന്ന സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിനാല്‍ പിന്നാലെയെത്തുന്ന വാഹനങ്ങള്‍ പാതിവഴിയില്‍ കിടക്കുകയും ചെയ്യുന്നു. നഗരത്തിലെ അനധികൃത കച്ചവട സ്ഥാപനങ്ങളുടെ കയ്യേറ്റമാണ് കുരുക്കിനുള്ള പ്രധാനകാരണങ്ങളിലൊന്ന്. റോഡ്കയ്യേറിയ കച്ചവടക്കാരെ ഒഴിപ്പിക്കുമെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അത് വീണ്ടും എത്തും. ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആരും തയ്യാറാകുന്നുമില്ല. ഗതാഗത പരിഷ്‌ക്കരണം പലതവണ നടത്തി പാളിയിരിക്കുകയാണ് അധികൃതര്‍. ട്രാഫിക് നിയന്ത്രണം മുഴുവന്‍ ഹോംഗാര്‍ഡിന്റെ തലയില്‍ വെച്ചിരിക്കുന്നതിനാല്‍ പോലീസുകാര്‍ ഈ ഭാഗത്തേയ്ക്ക് തിരിഞ്ഞു പോലും നോക്കുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.