ആലപ്പുഴ: കുട്ടനാട്ടിലെ കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന പോളയും ആഫ്രിക്കന്‍ പായലും നിര്‍മ്മാര്‍ജനം ചെയ്യുന്നതിന് വിശദമായ പദ്ധതി തയ്യാറാക്കി നല്കുവാന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി.
കേന്ദ്ര കൃഷി മന്ത്രി രാധാമോഹന്‍ സിങിന്റെ അദ്ധ്യക്ഷതയില്‍ ദല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കി നല്കുന്ന പദ്ധതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ കൃഷി വികാസ് യോജനയില്‍ നിന്നും ആവശ്യമായ പണം നല്‍കാമെന്നും കൃഷി മന്ത്രി ഉറപ്പു നല്കി.
സംസ്ഥാന കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍, ജലവിഭവ മന്ത്രി മാത്യു ടി. തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള കേരള സംഘവുമായാണ് കേന്ദ്രമന്ത്രി ചര്‍ച്ച നടത്തിയത്. കൊടിക്കുന്നില്‍ സുരേഷ് എംപി, കേന്ദ്ര കൃഷി വകുപ്പ് സെക്രട്ടറിയും ഡയറക്ടര്‍ ജനറലുമായ പ്രലോചന് മഹാപാത്ര, കൃഷി വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: